Showing posts with label ഗള്‍ഫ്. Show all posts
Showing posts with label ഗള്‍ഫ്. Show all posts

Sep 29, 2008

താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi

അബുദാബിയില്‍ ഫ്ലാറ്റ് കിട്ടാനില്ല. എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).

ഇങ്ങനെ ഒരു പരസ്യം ഇടാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് വച്ചാല്‍, എന്റെ അനിയനും കുടുംബവും താമസിച്ചിരുന്ന വില്ല പൊളിക്കുന്നു. അവിടെ നിന്ന് മാറാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത് സാധാരണക്കാരന് പറ്റിയ ഒരു ഫ്ലാറ്റ് പോലും അബു ദാബിയില്‍ കാലിയില്ല എന്ന്. ഒരു 1 BR ഫ്ലാറ്റിന്റെ (റിയല്‍ എസ്റ്റേറ്റ് വക) റേറ്റ് ഒരു ലക്ഷം ദിര്‍ഹം കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോ ഫ്ലാറ്റ് എന്നറിയപ്പെടുന്ന ഒറ്റ റൂം ഫ്ലാറ്റിന്റെ റേറ്റ് 70,000. ഇതൊന്നും കിട്ടാനുമില്ല. എന്നാല്‍ ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ചില ഫ്ലാറ്റുകളില്‍ പഴയ റേറ്റ് പ്രകാരം 50,000-ല്‍ താഴയേ വാടകയുള്ളു.

അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും. (സീരിയസ് ആയി പറഞ്ഞതാ കേട്ടോ).

ഇനി, പഴയ വില്ലകളില്‍ ഒറ്റമുറി താമസത്തിന് ഇപ്പോഴത്തെ റേറ്റ് (ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി കുറവ് ഉണ്ടാകാം) AED 4000. അതും എന്നാണ് ഇറങ്ങേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ല. പൊളിക്കല്‍ നോട്ടീസ് അല്ലെങ്കില്‍ ഇറക്കിവിടല്‍ നോട്ടീസ് എപ്പോള്‍ വേണമെങ്കിലും വരാം. ഇവിടെ നിന്ന് നാല്പ്പത് കിലോമീറ്റര്‍ മാറി ബനിയാസ് എന്ന് "കുഗ്രാമ"ത്തില്‍ റേറ്റ് 3000-3500.

ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്പേസിന് 650 മുതല്‍ 1500 വരെ. ഇനിയത് എക്സിക്യുട്ടീവ് ബാച്ചിലര്‍ (എന്നു വച്ചാല്‍ ടൈ കെട്ടിയവര്‍ ആണൊ എന്നൊന്നും ചോദിക്കരുത് . അത് ബാച്ചികളോട് ചോദിക്കൂ) ആയാലോ 2000-2500.

ഇതാണ് അബുദാബിയിലെ താമസത്തിന്റെ ഇന്നത്തെ നിലവാരം. ജോലി അന്വേഷിച്ച് അബു ദാബിയില്‍ വരുന്നവരും, പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ "അങ്ങോട്ട് കൊണ്ടുപോയാല്‍ മാത്രമേ കെട്ടിച്ചു തരൂ" എന്ന് പറയുന്ന രക്ഷിതാക്കളും , അറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. ഗള്‍ഫില്‍ 40,000 രൂപയുടെ ജോലി എന്ന് പരസ്യത്തില്‍ പറയുന്നത് എന്തിനൊക്കെ തികയും എന്ന് കണക്ക് കൂട്ടിക്കോളൂ.


അനോണി ആന്റണിയുടെ ഈ ലേഖനവും (ദുബായിലെ ജോലിയും ജീവിതവും ) അഞ്ചല്‍ക്കാരന്റെ ഈ ലേഖനവും ( ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും. )കൂടി ഇതിന്റെ കൂടെ വായിക്കൂ..

(മറ്റു നാട്ടിലുള്ളവര്‍ക്ക് വേണ്ടി ഇന്നത്തെ വിനിമയ നിരക്ക്
1 ദിര്‍ഹം = 12.66 രൂപ)

Mar 16, 2008

കേരളം എന്റെ നാട് - ഭ്രാന്താലയം ആണെങ്കില്‍ പോലും

ദേവസേനയുടെ "കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ" പോസ്റ്റിലെ നീണ്ട കമന്റ് ആണിത്...

************* *************** ************* ************
കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ. എല്ലാം ശരിയായി നടന്നാല്‍ ഒരു പത്ത് വര്‍ഷം കൂടി ദേവസേനയുടെ തന്നെ അബു ദാബിയില്‍ നിന്നിട്ട് നാട്ടില്‍ ചെന്ന് ബാക്കി ജീവിതം കഴിച്ചു കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യു.എ. ഇ. -യില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളം ആയി.

ഈ പൊസ്റ്റും അതിലെ ചില കമന്റുകളും കണ്ടിട്ട് പലരും കാണുന്ന ഗള്‍‍ഫിനൊക്കെ ഒരു മുഖമേ ഉള്ളു എന്നു തോന്നി. അത് ഇത്തിരി സമ്പന്നതയുടെ മുഖം ആണ് എന്നു പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. അതില്ലാത്ത ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു സ്ഥലം ഗള്‍ഫ് ആണെന്ന് ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കാനാവമോ? ദിവസം ഇരുപത് ദിര്‍ഹം (ഏകദേശം ഇരുനൂറ്റി പതിനഞ്ച് രൂപ) കൂലിക്ക് കൊടും ചൂടില്‍ ആളുകളെ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന മറ്റേത് സ്ഥലം ദേവസേനക്കോ അനുകൂലിച്ച് കമന്റ് ചെയ്തവര്‍ക്കോ കാണിച്ച് തരാനാവും? (ദരിദ്ര രാജ്യങ്ങളെ മാറ്റി നിര്‍ത്തുന്നു). കേരളത്തില്‍ ഇന്നത് ഇരുനൂറ്റന്‍പത് രൂപക്ക് മേലെ ആണെന്ന് ഓര്‍ക്കണം. (പക്ഷേ നാട്ടില്‍ നിന്നാല്‍ അതില്‍ നിന്നും ഒന്നും ബാക്കി കാണില്ലാത്തതിനാല്‍ പാവങ്ങള്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നു എന്ന് മാത്രം).

പിന്നെ നാട്ടിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകള്‍.. അതില്‍ അഴിമതിക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ കാലാവസ്ഥയും അതില്‍ ഒരു ഘടകം തന്നെയാണ്.രണ്ട് ദിവസം മഴ പെയ്താല്‍ തകരുന്നതല്ലേ ഇവിടുത്തെ റോഡ് സം‌വിധാനം? അപ്പോള്‍ വര്‍ഷത്തില്‍ 160 ദിവസത്തില്‍ കൂടുതല്‍ മഴ പെയ്താല്‍ എന്തായിരിക്കും സ്ഥിതി?

സുരക്ഷിതത്വത്തിന്റെ കാര്യം.. ലോകത്ത് ഏത് നാട്ടിലാണ് നിങ്ങള്‍ സുരക്ഷിതര്‍ എന്ന് കരുതുന്നത്? ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. രണ്ട് മൂന്നു വര്‍ഷം മുമ്പ് ദുബായിലും ഷാര്‍ജയിലും ഒക്കെ കുട്ടികളെ തനിയെ പുറത്ത് വിടാന്‍ ആളുകള്‍ ഭയന്നിരുന്ന ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. അതു പോലെ കുവൈറ്റില്‍ ഒരു കൊലപാതകിയെ ഭയന്ന് കുട്ടികളെ വെളിയില്‍ വിടാതിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ആണ്‍കുട്ടികളെ തട്ടി കൊണ്ടുപോയി മരുഭൂമിയില്‍ ഇട്ട് ലൈഗിക പീഡ്ഡനം നടത്തുന്ന കഥകള്‍ ദേവസേന എന്തേ ഗള്‍‍ഫ് ന്യൂസിലും ഖലീജ് റ്റൈംസിലും വായിക്കുന്നില്ല? പിന്നെ പുറത്ത് വരാത്ത എത്ര പീഡ്ഡന കഥകള്‍? 'ലോക്കല്‍സ് ' എല്ലാം മാന്യന്മാര്‍ എന്ന് കരുതുന്നവരെ ഓര്‍ത്ത് ദു:ഖം തോന്നുന്നു. സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്ത്യാക്കാരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം.

പിന്നെ ഹംദാന്‍ സ്ത്രീറ്റിലെ ബാസ്കിന്‍ റോബിന്‍സ് കടയുടെ മുമ്പില്‍ കൂടി രാത്രി പത്ത് മണി കഴിഞ്ഞ് നടക്കുന്ന ചൈനാക്കാരികളെ ആരും എന്തേ കാണാതിരുന്നത് ? ഡാന്‍സ് ബാറുകളുടെ മുമ്പില്‍ പെണ്ണുങ്ങള്‍ക്ക് വില പേശുന്ന, വെള്ളമടിച്ച് വഴിയില്‍ വന്ന് 'വാളു വെക്കുന്ന' ലോക്കല്‍ അറബികളെ ആരും കണ്ടില്ലേ? (അങ്ങനെ ലോക്കല്‍സ് ചെയ്യില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ഒരു ദിവസം എന്റെ കൂടെ വരൂ, ഞാന്‍ കാട്ടിത്തരാം. ..)


തീര്‍ച്ചയായും സാമ്പത്തിക ലാഭം തന്നെയാണ് ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. അതല്ലാതെ ദീര്‍ഘകാലം ഇവിടെ നിന്നാല്‍ പൗരത്വം കിട്ടും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടല്ല. തന്നാല്‍ പോലും അത് വാങ്ങി ജീവിക്കാന്‍ ഞാനില്ല. ഇത് പറയാന്‍ ഒത്തിരി ഒന്നും ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഇന്ത്യാക്കാരന് , അതും ഒരു ഹിന്ദു മത വിശ്വാസിക്ക് എത്ര മാത്രം വില ഗള്‍ഫിലുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.

ഒരു നാള്‍ ഇന്ത്യാക്കാരെല്ലാം തിരികെ പോകണം എന്ന് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന ഒരു രാജ്യത്തിരുന്നാണ് നമ്മള്‍ ഇത് പറയുന്നത് എന്നോര്‍ക്കണം. തിരുവായ്ക്ക് എതിര്‍‌വായ് ഇല്ലാത്ത രാജ്യങ്ങള്‍.

ഒരു സുഡാനിക്കോ ഒരു മിസറിക്കോ ഒരു പാലസ്തീനിക്കോ ഒരു ലബനോനിക്കോ കിട്ടുന്ന വില നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഒരു മുസ്ലിമിനു കിട്ടുന്ന വില മറ്റു മതങ്ങള്‍ക്ക് ഇവിടെ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക. ദേവസേനാ, പേരിനെങ്കിലും ഒരമ്പലം അബുദാബിയില്‍ കാട്ടിത്തരാമോ? കേരളത്തില്‍ (ഇന്ത്യയില്‍ ആകെ) എല്ലാ മതവിശ്വാസികള്‍ക്കും കിട്ടുന്ന സ്വാതന്ത്ര്യം ഇവിടെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടമോ? ഇതിനെതിരായി ചിലര്‍ വാദമുഖങ്ങള്‍ കൊണ്ടുവന്നേക്കാം. (ദുബായില്‍ അമ്പലം ഇല്ലേ എന്ന് ചോദിച്ചേക്കാം .. ഉത്തരം, ദുബായ് എന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ സിന്ധികള്‍ എന്ന വിഭാഗത്തിന്റെ ആവശ്യം എത്ര മാത്രം ആയിരുന്നു എന്ന് ദുബായ് ഭരണാധികാരികള്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു .) . ബഹറിനില്‍ ഒരു പള്ളി പണിയാന്‍ പെടുന്ന പാട് കഴിഞ്ഞ വര്‍ഷം കണ്ടതല്ലേ (അതോ കുവൈറ്റിലോ? ). പലയിടത്തും പൊട്ടിത്തെറികള്‍ ഉണ്ടെങ്കിലും (100 കോടിയില്‍ അധികം ജനസംഖ്യ ഉള്ള നാടാണ് എന്നോര്‍ക്കണം) ഇന്ത്യയിലെ മതേതരത്വം മാത്രം മതിയല്ലോ നമ്മുടെ നാടിനെ സ്നേഹിക്കാന്‍.

മനുഷ്യന്‍ ഒരു സമൂഹ ജീവി ആണെന്നാണ് പൊതുവെയുള്ള ധാരണ. ആ സമൂഹത്തില്‍ നന്മയും തിന്മയും കാണും. അതിലെ വിഷമുള്ള മനുഷ്യരെ മാത്രം എന്തേ നിങ്ങള്‍ കാണുന്നു? അവരില്‍ തന്നെ നിങ്ങളുടെ സഹോദരങ്ങളും കാണും എന്ന് വിചാരിച്ചിട്ടുണ്ടോ? കേരളം ഒരു സ്വര്‍ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റ് സ്വര്‍ഗങ്ങളേക്കാലും ഒട്ടും മോശമല്ല എന്റെ കേരളം, അല്ല നമ്മുടെ കേരളം. അത് മനസ്സിലാക്കുക. അത്ര മാത്രം.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍