Aug 7, 2008

നാളെ 08/08/08, മറ്റൊരു അവധിക്കാലത്തിന്റെ ആരംഭം.

..നാളെ 08/08/08 നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസം. അതിന്റെ പ്രത്യേകതകളെ കുറിച്ചൊന്നും എനിക്ക് നല്ല നിശ്ചയം ഇല്ല. ജ്യോതിഷത്തില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നൊക്കെ നാളത്തെ പത്രത്തില്‍ കാണൂം. ഏതായാലും, നാളെ രാവിലെ എന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തും. (ഞാന്‍ അടുത്ത ആഴ്ചയും). എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തിരി ലേറ്റായാല്‍, എട്ട് മണി കഴിഞ്ഞ് എട്ട് മിനിറ്റ് ആകുമ്പോള്‍ ഇറങ്ങിയാല്‍ , അവര്‍ നാട്ടില്‍ എത്തുന്ന സമയം ഇതു പോലെയവും. 08.08.08, 08:08. (6.05 ആണ് യഥാര്‍ത്ഥ സമയം ..എക്സ്പ്രസ് അല്ലേ ഒന്നും പറയാനാവില്ല.. ഇതുപോലെ..)

അപ്പോള്‍ പറഞ്ഞു വന്നത് വീണ്ടും ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന് എന്റെ ലീവ് ഒരാഴ്ച്ക കഴിഞ്ഞേ തുടങ്ങൂ. അതിനാല്‍ ആദ്യം കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിടുന്നു. എങ്കിലും നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണിപ്പോള്‍. സെപ്തംബര്‍ അഞ്ചിന് എല്ലാവരും കൂടി തിരികെ പോരും. അതിനിടയില്‍ എന്തൊക്കെ ചെയ്തു തീര്‍ക്കണം എന്ന് ഒരു പിടിപാടുമില്ല. ആകെ കിട്ടുന്നത് 20 ദിവസം ആണ്. ഏതായാലും മഴക്കാലം ഞങ്ങള്‍ക്ക് വേണ്ടി എന്ന പോലെ നീണ്ടു നില്‍ക്കുന്നു. അത് യാത്രകളെ ബാധിക്കുമോ എന്ന ആശങ്ക ഇല്ലാതെയില്ല. എങ്കിലും..കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഈ സീസണില്‍ ഒരു കേരള സന്ദര്‍ശനം.

കുട്ടികള്‍ നാടു കാണാന്‍ കാത്തിരിക്കുന്നു. മഴ വെള്ളത്തിലൂടെയും ചെളിയിലൂടെയും ഓടി നടന്ന് വളര്‍ന്ന കുട്ടിക്കാലം. അവര്‍ക്ക് നഷ്ടപ്പെടുന്ന ഒന്നാണത്. വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും സൈഡില്‍ കൂടി ഒഴുകി വരുന്ന വെള്ളത്തിലെ ചെറിയ കുഴികളിലും ഒരു കാല്‍ ഉയത്തി ചവിട്ടി തെറിച്ചുയരുന്ന വെള്ളത്തെ മറുകാലു കൊണ്ട് തൊഴിക്കുമ്പോള്‍ പടക്കം പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. സ്കൂളില്‍ നിന്ന് നടന്നു വരുമ്പോള്‍ ഒരു പ്രധാന ഹോബി ആയിരുന്നത്.

അതുപോലെ തീരെ കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഒരു ഹോബി എന്താണെന്ന് പറയാം. രാവിലെ എണീറ്റ് പേസ്റ്റുമെടുത്ത് പല്ലുതേയ്ക്കാന്‍ മുറ്റത്തിറങ്ങിയാല്‍ അവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പല്ലു തേച്ച് തുപ്പും. അപ്പോള്‍ അത് വെള്ളത്തിന്റെ മേലെ വീണ് മത്താപ്പൂ വിരിയുന്ന പോലെ വിരിയും. അതു നോക്കിയിരിക്കും. കുറച്ച് കഴിയുമ്പോള്‍ അത് കൂടിചേര്‍ന്ന് പല രൂപങ്ങള്‍ ഉണ്ടാകും. അതൊക്കെ പലതുമായി സങ്കല്പ്പിക്കും. ഇത് ആര്‍ക്കെങ്കിലും ഉണ്ടായിരുന്ന ഹോബി ആണോ എന്നൊന്നും എനിക്കറിയില്ല.

പറന്നുയരുന്ന പടുത ഉള്ള, (ഷട്ടറില്ലാത്ത) ബസില്‍ മിക്കവാറും പകുതി നനഞ്ഞായിരിക്കും യാത്രകള്‍. തണുപ്പാണെങ്കിലും അതും ഒരു രസം തന്നെ. ഒരു കുടയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്ന സുഖവും ഓര്‍മിക്കാന്‍ നല്ല രസം. വലത് സൈഡില്‍ നില്‍ക്കുന്നവന്റെ വലതു സൈഡും, ഇടത് സൈഡില്‍ നില്‍ക്കുന്നവന്റെ ഇടത് സൈഡും മുഴുവന്‍ നനയും. ആരെങ്കിലും കുടയില്ലാതെ നില്‍ക്കുന്നത് കണ്ടാല്‍ വിളിച്ചു കയറ്റുമായിരുന്നു അന്നൊക്കെ. അല്ലെങ്കില്‍ ചിലപ്പോള്‍ മഴ കുറയുന്നത് വളരെ വൈകി ആയിരിക്കുമല്ലോ. മറ്റുള്ള കുട്ടികളെ കുടയില്‍ കയറ്റാത്തവന്മാരും ഉണ്ടായിരുന്നു.

പിന്നെയുള്ള പ്രധാന ഓര്‍മ ആറ്റു വരമ്പത്തായിരുന്നു. മീന്‍പിടുത്തം. അതിനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഒരു വലയുമെടുത്ത് വീശാന്‍ പോകണം എന്ന് കരുതുന്നു. കുട്ടികള്‍ ഈ സംഗതി ഇതു വരെ കണ്ടിട്ടില്ല. അതൊന്നു കാണിച്ച് കൊടുക്കണം.

ഭാഗ്യത്തിന് ഒന്നു രണ്ട് കല്യാണങ്ങള്‍ ഉണ്ട്. അതൊന്നു കൂടണം. കുട്ടികളെ കല്യാണം കാണിക്കണം. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ചടങ്ങുകള്‍ നേരില്‍ കാണിക്കാന്‍ കിട്ടുന്ന ഒരവസരം.

കേരളത്തില്‍ കൂടി നടക്കുമ്പോള്‍ വഴിയില്‍ എങ്കിലും ഒരു ബ്ലോഗറെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണ് അവധിക്കാല ആഗ്രഹങ്ങള്‍. ബാക്കി ഒക്കെ അവിടെ വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയിരിക്കുന്നു.

വാല്‍ക്കഷണം
ഗള്‍ഫില്‍ ജീവിക്കുന്ന മലയാളി എന്ന് പറയാന്‍ തന്നെ നാണം തോന്നിക്കുന്ന ഒരു പരിപാടി ഇന്നലെയും ഏഷ്യാനെറ്റില്‍ കണ്ടു. എന്തോ ഒരു ക്വിസ്. ചോദ്യങ്ങള്‍ നല്ല "നിലവാരമുള്ളവ". (ഉദാ:പാമ്പിന് പല്ലിയോടാണോ, തവളയോടാണോ സാമ്യം?)

അവതാരക. സോഴി ക്വിസ് മിഷ്ട്രസ്, റണ്‍‌ജിനി ഹഴിദാസ്.. അതില്‍ മലയാളം അറിയാമെങ്കിലും (ഇംഗ്ലീഷ് ശരിക്ക് അറിയില്ലയെങ്കിലും) 'മളയാളം' പറയാത്ത ചില "നാടന്‍" മദാമ്മമാര്‍. ഇംഗ്ലീഷ് മാത്രം തുപ്പുന്ന കുറച്ച് കുട്ടികള്‍.ആ പരിപാടി കാണുന്ന മലയാളികളോട് ക്ഷമാപണത്തോടെ ഒരു കാര്യം പറയട്ടെ, ഗള്‍ഫില്‍ ഉള്ള കുട്ടികള്‍ എല്ലാം അങ്ങനെയാണെന്ന് വിചാരിക്കരുതേ, പ്ലീസ്.

കുട്ടികള്‍ ഒരിക്കലും "അതു പോലെ ആകരുതേ" എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് ഈ ചെറിയ സന്ദര്‍ശനങ്ങള്‍ നാടിനെ അറിയാന്‍ കുട്ടികളെ സഹായിക്കണേ എന്നാണ് ആശ.

Jun 2, 2008

എന്റെ സത്യാന്വേഷണ പരീക്ഷണം, വൈദ്യുതി - വെള്ളം

വൈദ്യുതി കടത്തി വിട്ടാല്‍ വെള്ളത്തിന് എന്തു സംഭവിക്കും? വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും. അത് പുസ്തകത്തില്‍. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ലേ പ്രമാണം .

ഇനി ഇതിന്റെ യഥാര്‍‍ത്ഥ ഉത്തരം കേള്‍ക്കൂ.. ലളിതം.

കുറച്ച് പുക വരും.
ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും.
വീട്ടിലെ ഫ്യൂസ് അടിച്ചു പോകും.
പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

ഇതൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നെല്ലേ? അതാണ് നമ്മുടെ ജിജ്ഞാസ എന്ന പ്രതിഭാസത്തിന്റെ ഒരു പരിണിത ഫലം. അറിയാനുള്ള ആഗ്രഹത്തെ ജിജ്ഞാസ എന്നു പറയുന്നു. മനുഷ്യ മനസ്സില്‍ അടിക്കടി ഉണ്ടാകുന്ന ഒരു പ്രക്രിയ ആണിത്. ഇതില്ലാത്ത മനസ്സിന് എന്തോ കുഴപ്പം ഉണ്ടെന്ന് കൂട്ടിക്കൊള്ളു.

പറഞ്ഞു വന്നത്, വെള്ളത്തിന് മഞ്ഞക്കളര്‍ ആകുന്ന കാര്യം. അഞ്ചില്‍ ആണോ ആറില്‍ ആണോ എന്നറിയില്ല, അന്നെപ്പോഴോ ടീച്ചര്‍ പഠിപ്പിച്ചു " വെള്ളത്തില്‍ കൂടി കരണ്ട് കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും" എന്ന്. പക്ഷേ സ്കൂളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ആ പരീക്ഷണം കാണിച്ചു തന്നില്ല. അത് ടീച്ചറിനു പറ്റിയ തെറ്റ്.

പക്ഷേ ആ മുകളില്‍ ‍പറഞ്ഞ സാധനം 'ജിജ്ഞാസ' നമ്മെ വിട്ടു പിരിയില്ലല്ലോ. അത് എന്നോട് തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു, ഇതൊന്നു പരീക്ഷിക്കണം .. പരീക്ഷിക്കണം എന്ന്. അങ്ങനെ ഒരു ദിവസം നമ്മള്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു.ആര്‍ക്കും ചെയ്തു നോക്കാവുന്ന പരീക്ഷണം ആണ്.

ഈ പരീക്ഷണം നടത്താന്‍ വേണ്ട സാധനങ്ങള്‍

1. ഒരു ഗ്ലാസ്സ്
2. അഞ്ച് ആറടി നീളത്തില്‍ രണ്ട് വയറ് കഷണം
3. ഒരു സോക്കറ്റ്.

ആദ്യമായി ഗ്ലാസ്സില്‍ വെള്ളം നിറച്ച് , അതിലേക്ക് കയ്യില്‍ ഇരിക്കുന്ന വയറിന്റെ ഒരറ്റം ഇറക്കി വയ്ജണം. രണ്ട് വയറുകള്‍ തമ്മില്‍ കൂട്ടി മുട്ടാതെ നോക്കണം. (കൂട്ടി മുട്ടിയാല്‍ പരീക്ഷണത്തിന് റിസല്‍റ്റ് കിട്ടാതെ വരും). അതു പോലെ വയറിന്റെ അറ്റത്ത് ഒരു സെന്റി മീറ്ററോളം ഇന്‍സുലേഷന്‍ മാറ്റിയിരിക്കണം. ഇനി രണ്ടാമത്തെ അറ്റം പ്ലഗ് സോകറ്റിലേക്ക് കടത്തി വയ്ക്കണം. ഇപ്പോള്‍ പരീക്ഷണം നടത്താന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ആയി നിര്‍ത്തി "കൗണ്ട് ഡൗണ്‍" ആരംഭിക്കാം. പ്രത്യേകം ശ്രദ്ധിക്കുക, ഗ്ലാസ് മാക്സിമം അകലത്തില്‍ വയ്ക്കണം. കൗണ്ട് ഡൗണ്‍ തീരുമ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യാം. അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രതിഭാസങ്ങള്‍ സംഭവിക്കും.

കുറച്ച് പുക വരും - അത് ഗ്ലാസ്സിന്റെ മുകള്‍ ഭാഗത്ത് കാണപ്പെടും. (ഗ്ഗ്ലാസ്സ് പൊട്ടിയിട്ടില്ലെങ്കില്‍ മാത്രം)

ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും. (അത് എവിടെ നിന്നാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അറിയുന്നവര്‍ പറഞ്ഞു തരണം. )

വീട്ടിലെ ഫ്യൂസ് അടിച്ചു പോകും - അന്നൊക്കെ ഫ്യൂസ് മാത്രമേ പോയിരുന്നുള്ളൂ, ഇന്ന് ELCB, MCB തുടങ്ങി എല്ലാ ഇന്തപ്പനാടിയും പോകുമായിരിക്കും.

പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

വെള്ളം എങ്ങനെ മഞ്ഞക്കളര്‍ ആയി? ഓക്സിജന്റെ കളര്‍ ആണോ, അതോ ഹൈഡ്രജന്റെയോ? അതെന്നെ അന്ന് തൊട്ട് അലട്ടുന്ന ഒരു കാര്യമാണ്. (ഇതും അറിയുന്നവര്‍ പറഞ്ഞു തരണം. )

ഓര്‍മ്മപ്പെടുത്തല്‍‍
ഈ പരീക്ഷണം നടത്തുമ്പോള്‍ അച്ചന്‍, അമ്മ എന്നിവര്‍ വീട്ടില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വീണ്ടും ചില ഒച്ചകള്‍ കൂടി കേള്‍ക്കുന്നതായിരിക്കും. അത് കേള്‍ക്കാന്‍ ചിലപ്പോള്‍ കൂടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന അനിയനോ അനിയത്തിയോ കാണില്ല. നമ്മള്‍ തനിയെ കേള്‍ക്കണം.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍