May 7, 2007

എന്റെ ഗ്രാമം...... കൊല്ലാട്....

കൊല്ലാട്‌....

അതാണെന്റെ സ്ഥലം... ഗ്രാമം എന്നു പറയുന്നതിലും നല്ലത്‌ സ്ഥലം എന്നാണെന്നു തോന്നുന്നു. കാരണം, ശ്രീ ഉമ്മന്‍ ചാണ്ടി മൂലം പ്രസിദ്ധമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗമായ, പ്രസിദ്ധമായ മൂകാംബികാ ക്ഷേത്രം (ദക്ഷിണ മൂകാംബിക ക്ഷേത്രം) സ്ഥിതി ചെയ്യുന്ന പനച്ചിക്കാട്‌ ആണു ഞങ്ങളുടെ പഞ്ചായത്ത്‌.ആ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ ചേര്‍ന്ന ഒരു 3 കി.മി. ചുറ്റളവില്‍ ഉള്ള സ്ഥലമാണു കൊല്ലാട്‌.

കോട്ടയം പട്ടണത്തില്‍ നിന്നും 5 കി.മി. ഉണ്ട്‌ എന്റെ വീട്ടിലേക്ക്‌. എന്റെ നാട്ടിലേക്കു പോകാന്‍ രണ്ട്‌ വഴികള്‍ ഉണ്ട്‌.ആദ്യത്തെ വഴി പോയാല്‍ കൊല്ലാടിന്റെ അവസാന ഭാഗത്താണു എന്റെ വീട്‌.രണ്ടാമത്തെ വഴി ആണെങ്കില്‍ തുടക്കം എന്നും പറയാം...നമുക്ക്‌ ആദ്യം ആദ്യത്തെ വഴി പോകാം....

ശരി,... നമ്മള്‍ ഇപ്പൊള്‍ കോട്ടയത്ത്‌ നിന്നു കഞ്ഞിക്കുഴി വഴി കൊല്ലാട്‌ ഭാഗത്തേക്കുള്ള ബസ്സില്‍ ആണു പോകുന്നത്‌. കോട്ടയം കളക്ട്രേടില്‍ നിന്നും കെ.കെ റോഡ്‌ വഴി കിഴക്കോട്ട്‌ പോകുമ്പോള്‍ ആദ്യത്തെ 'കവല' ആണു കഞ്ഞിക്കുഴി. അവിടെ നിന്നു വലത്തേക്ക്‌ തിരിയുന്നത്‌ പുതുപ്പള്ളി, കറുകചാല്‍ ഭാഗത്തേക്കാണു. ആ വലത്തെ വഴിയിലേക്ക്‌ കയറി വീണ്ടും വലത്തേക്ക്‌ തിരിഞ്ഞാല്‍ കൊല്ലാട്‌ റോഡ്‌ ആയി.പിന്നെ മുട്ട‌മ്പലം കഴിഞ്ഞാല്‍ 'ദേവലോകം' ആയി. ദേവലൊകം പ്രസിദ്ധമാകുന്നത്‌ ഓര്‍തഡോക്സ്‌ സഭയുടെ ആസ്ഥാനം എന്ന നിലയില്‍ ആണു.

ദേവലോകം കുന്നുമ്പുറത്ത്‌ നിന്നു ഒരു ഇറക്കം വിട്ടാല്‍ ഇങ്ങു അടിവാരം കഴിയുമ്പോള്‍ ഒരു നീളന്‍ ചിറ കാണാം,,, അതാണു കളത്തില്‍കടവു ചിറ... ചിറയിലൂടെ വരുമ്പൊള്‍ നിങ്ങള്‍ വലത്തേക്ക്‌ നോക്കിയാല്‍ കോട്ടയം പട്ടണതിന്റെ കുറെ ഭാഗങ്ങല്‍ ദൂരെ കാണാം... ഇപ്പോള്‍ പട്ടണത്തില്‍ തല ഉയര്‍ത്തിയിരിക്കുന്ന 'ഫ്ലാറ്റു'കള്‍ ആണു അവയില്‍ ഏറെയും...പിന്നെ കാണുന്നത്‌..വി ഡി. രാജപ്പന്‍ പണ്ട്‌ പാടിയ 'നാട്ടകം' കുന്നിന്‍ പുറം ആണു. ..(കോട്ടയം ടൌണില്‍ നിന്നും മൂന്ന് മൈല്‍ നടന്നാല്‍ നാട്ടകം കുന്നിന്‍ പുറം കാണാം,,,).ആ കുന്നിന്‍ പുറത്താണു നാട്ടകം 'ഗസ്റ്റ്‌ ഹൗസ്‌'.പണ്ടൊക്കെ കോട്ടയത്ത്‌ വരുന്ന വലിയ മഹാന്മാര്‍ അവിടെ ആണു അന്തി ഉറങ്ങിയിരുന്നത്‌.(ഇപ്പൊള്‍ അതൊക്കെ വളരെ കുറവാണു..കാരണം വി.ഐ.പി ഒക്കെ ഇപ്പോള്‍ 5 സ്റ്റാര്‍ ഹോട്ടലിലും കുമരകത്തെ കെട്ടുവള്ളങ്ങളിലും ഹോട്ടലിലും ആണു താമസം). ഇനി ഇടത്ത്‌ വശത്തേക്കു നോക്കിയാല്‍ പാടം നികത്തി വച്ച മരങ്ങള്‍ക്കിടയിലൂടെ 'മാങ്ങാനം കാണാം.

ചിറ ചെന്നു തീരുന്നത്‌ കളത്തില്‍ കടവു പാലത്തില്‍ ആണു...പാലം വരെ കോട്ടയം നഗരസഭ ആണു. അതിനടിയിലൂടെ ഒഴുകുന്നത്‌ മീനച്ചിലാറിന്റെ ഒരു കൈവഴി ആയ 'കൊടുര്‍' ആറാണു...മഴ പെയ്ത്‌ ആറു നിറഞ്ഞൂ വെള്ളമൊഴുകുന്ന കാലത്ത്‌ ആ പാലത്തില്‍ നിന്നു ചൂണ്ട ഇടുന്നവര്‍ ധാരാളം,,,ആ പാലം ഇറങ്ങുന്നിടം മുതല്‍ ഞങ്ങളുടെ കൊല്ലാട്‌ ആയി.....

അവിടെ നിന്നും 100 മീറ്റര്‍ കഴിഞ്ഞാല്‍ കൊല്ലാട്‌ 'ഷാപ്പുംപടി' ആയി..ഷാപ്പിനെ പറ്റി കൂടുതല്‍ വിശദീകരിക്കണ്ട കാര്യം ഇല്ലല്ലൊ...ഒരു കാലത്ത്‌ പ്രസിദ്ധമായിരുന്നു....(ഇപ്പോള്‍ എങ്ങനെ ആണെന്നറിയില്ല)....ഈ കവലയില്‍ നിന്നും വലത്തേക്കു പോയാല്‍ 'കുന്നമ്പള്ളി' ആണു...അതും കൊല്ലാടിന്റെ ഒരു ഭാഗം തന്നെ...പണ്ട്‌ എന്റെ ഒക്കെ കുട്ടിക്കാലത്ത്‌ ടാറിടാത്ത ഒരു റോഡ്‌ ആയിരുന്നു അത്‌,,,ഇപ്പോള്‍ ബസ്‌ ഒക്കെ ഓടുന്ന വഴി ആയി.... അതിലെ പോയാല്‍ നാട്ടകം ഗസ്റ്റ്‌ഹൗസില്‍ എത്താം...(ആ വഴി പോകണ്ട...പോയാല്‍ എന്റെ വീട്ടില്‍ എത്തില്ല...അപ്പോള്‍ നിങ്ങള്‍ ചോദിക്കും നമ്മള്‍ നാട്‌ കാണാനല്ലെ പോകുന്നത്‌ എന്ന്...അതെ....)

ഇവിടം മുതല്‍ ഞങ്ങള്‍ കൊല്ലാടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണു...റോഡിന്റെ ഇരുവശത്തും പുതിയതും പഴയതുമായ വീടുകള്‍....പക്ഷെ എവിടെ നോക്കിയാലും മരങ്ങള്‍ ഒക്കെ കാണാം കെട്ടോ.....

രണ്ട്‌ ബസ്സുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ ഒരെണ്ണം ഒരു ചക്രം അടുത്ത പറമ്പില്‍ കൂടി കയറ്റി വിടെണ്ടതാണു എന്നാണു ഈ റോഡിലെ അലിഖിത നിയമം. പക്ഷെ ഇതിലെ പോകുന്ന പത്തുമുപ്പതു ബസ്സുകളിലെയും ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്ന വിഷയത്തില്‍ ഡോക്റ്ററേറ്റ്‌ എടുത്തവര്‍ ആയതിനാല്‍ വലിയ അപകടങ്ങള്‍ ഒന്നും ആ വഴിയില്‍ ഉണ്ടായിട്ടില്ല.

ഷാപ്പ്‌പടിയില്‍ നിന്നു മുന്നോട്ട്‌ പൊകുന്ന നമ്മള്‍ക്ക്‌ ആദ്യം കാണാന്‍ സാധിക്കുന്ന പ്രധാന സ്ഥലം മാര്‍തോമ പള്ളി ആണു..ഈ പള്ളി യേശു ക്രിസ്തുവിനു ശേഷം തോമശ്ലീഹ വന്നപ്പോള്‍ നിര്‍മിച്ചതാണെന്നൊന്നും അവകാശപ്പെടാന്‍ ഞങ്ങള്‍ കൊല്ലാടുകാര്‍ തയ്യാറല്ല....

അവിടവും കടന്നു മുന്നോട്ട്‌ പോയാല്‍ കൊല്ലാട്‌ "ബോട്ട്ജെട്ടി" കവല ആയി...ഏറ്റവും രസകരമായ വസ്തുത അവിടെ ബോട്ട്‌ പോയിട്ട്‌ ഒരു കൊച്ചുവള്ളം പോലും വരില്ല എന്നതാണു. കാരണം വെള്ളം കാണണം എങ്കില്‍ ഒരു കി.മി നടന്നു കളത്തില്‍കടവില്‍ ചെല്ലണം, അല്ലെങ്കില്‍ 16-18 കോല്‍ താഴ്ചയുള്ള കിണറ്റില്‍ നോക്കണം. പിന്നെ ഈ കവലക്ക്‌ എങ്ങനെ ആ പേരു കിട്ടി എന്നുള്ളത്‌ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണു.

ഇവിടെ നിങ്ങള്‍ക്കു കോര്‍പറെഷന്‍ ബാങ്ക്‌ ശാഖ കാണാം...പിന്നെ നാട്ടുകാര്‍ പെണ്‍പള്ളിക്കൂടം എന്ന് വിളിക്കുന്ന, ഞാന്‍ നാലാം ക്ലാസ്സില്‍ മാത്രം പഠിച്ച ഗവ: എല്‍.പി.എസ്‌ കാണാം..(മൂന്നാം ക്ലാസ്സ്‌ വരെ ഞാന്‍ പഠിച്ചത്‌ പാലായില്‍ നിന്നും ഒരു 8 കിമി മാറി പ്രവിത്താനത്തിനടുത്തുള്ള 'ഉള്ളനാട്‌' എന്ന സ്ഥലത്താണു).കവലക്കടുത്ത്‌ തന്നെ ഒരു ഓര്‍ത്തഡോക്സ്‌ പള്ളിയും അതിനോടനുബന്ധിച്ചുള്ള എല്‍.പി സ്കൂളും ഉണ്ട്‌.....പണ്ട്‌ 4 മണിക്കു സ്കൂള്‍ വിട്ട്‌ വീട്ടിലേക്കു നടന്നു പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചരല്‍ വാരി എറിയുക, കൂവി വിളീക്കുക, തുടങ്ങിയവ (ഈയുള്ളവന്‍ ഉള്‍പ്പെടെ ഉള്ള) ഈ സ്കൂള്‍ കുട്ടികളുടെ സ്ഥിരം പരിപാടി ആയിരുന്നു. റബര്‍ കായ ഉരച്ചു ചൂടാക്കി എതിര്‍ ചേരിയിലുള്ളവരുടെ കയ്യില്‍ വയ്ക്കുന്നത് ചിലരുടെ ഹോബി ആയിരുന്നു. ഈ സ്കൂളുകള്‍ക്കു സ്കൂള്‍ ബസ്സില്ലായിരുന്നു...ആയതിനാല്‍ നടന്നു പോകണം,,,,ചില ദിവസം രാവിലെ ഞാനും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അനിയനും കൂടി അന്നുണ്ടായിരുന്ന കോട്ടയം-കൊല്ലാട്‌ ട്രാന്‍‌സ്‌പോര്‍ട്ട്‌ ബസ്സില്‍ പോകുമായിരുന്നു..20 പൈസ ആയിരുന്നു അന്നു മിനിമം ചാര്‍ജ്‌..(പുതിയ 'കുട്ടികള്‍'അറിയാന്‍ വേണ്ടി)..ഇന്ന് ആ ബസ്സ്‌ പ്രൈവറ്റ്‌ ബസ്സുകളുടെ ഇടയില്‍ പെട്ട്‌ ഇഹലോകവാസം വെടിഞ്ഞു...

ബോട്ട്ജെട്ടി കവലയില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞു പോയാല്‍ നമുക്ക്‌ കൊല്ലന്‍കവലയില്‍ എത്താം... അവിടെ നിന്നു കിഴക്കുപുറം ഏരിയ ആണു...ത്രിക്കയില്‍ ശിവക്ഷേത്രം ഇവിടെ ആണുള്ളത്‌. പണ്ടൊക്കെ ശിവരാത്രിക്ക്‌ ഒക്കെ ആ അമ്പലത്തില്‍ പരിപാടി കാണാന്‍ പോകാറുണ്ടായിരുന്നു...പിന്നെ ആ കുന്നുമ്പുറത്തിന്റെ അങ്ങേ ചെരുവില്‍ വിവിധ മതങ്ങളുടെ വകയായുള്ള ശ്മശാനങ്ങള്‍ ഉണ്ടിപ്പോള്‍.(എന്റെ അഛനും അമ്മയും ഉറങ്ങുന്ന എസ്‌.എന്‍.ഡി.പി ശ്മശാനവും അവിടെ തന്നെ.)

ഇനി ബോട്ട്ജെട്ടി കവലയില്‍ നിന്നും നെരെ പോകാം,,,വലത്‌ വശത്തായി ശാഖാ നമ്പര്‍-29 എസ്‌.എന്‍.ഡി.പി കാണാം...ചതയ ദിനത്തില്‍ പായസ നേര്‍ച്ചക്കും, കന്നി 5-നു ചോറു കഴിക്കാനും ജാതി മത ഭേതമെന്യെ എല്ലാ ചെറുപ്പക്കാരും വരുന്ന ഒരു ശാഖ ആണിത്‌....(കാരണം.. 400-ഓളം കുടുംബങ്ങള്‍ ഉള്ള ശാഖ ആയതിനാല്‍ അന്നവിടെ ഒരു 'ഉത്സവ'ത്തിനുള്ള ആളുണ്ടാകും...പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍...)

ഇനിയും നമുക്ക്‌ മുമ്പോട്ട്‌ പോകാം,...ഞങ്ങളുടെ കവല ആയ 'നാല്‍ക്കവല' ആണിനി കാണുന്നത്‌.കവലയില്‍ എത്തുമ്പോള്‍ ആദ്യം കാണുന്നത്‌ പടര്‍ന്നു നില്‍ക്കുന്ന ഒരു ആല്‍മരം ആണു. മെയിന്‍ റൊഡില്‍ നിന്നും പാറക്കല്‍ കടവിലേക്ക്‌ തിരിയുന്ന ടാര്‍ റോഡ്‌ കൂടതെ മരുതൂര്‍ കുന്നിലേക്കുള്ള ചെറിയ ഒരു റോഡും, വട്ടമറ്റം ഭാഗത്തേക്കുള്ള ഒരു റോഡും, പിന്നെ കാട്ടമ്പാക്ക്‌ ഏരിയയിലേക്കുള്ള ചെറിയ ഒരു റോഡും ഇവിടെ സമ്മേളിക്കുന്നു. ഈ മരുതൂര്‍ കുന്നു എന്നു പറഞ്ഞാല്‍ വലിയ മല ആണെന്നൊന്നും ധരിക്കരുത്‌...ഒരു ചെരിയ കയറ്റം കയറിയാല്‍ മതി..അവിടെ ആയിരുന്നു ഞങ്ങള്‍ ഓണക്കാലത്ത്‌ ചിലപ്പോള്‍ ഒക്കെ പട്ടം പൊക്കിയിരുന്നത്‌.

കൊല്ലാട്‌ സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരം, കൊല്ലാട്‌ പോസ്റ്റ്‌ ഓഫീസ്‌(686 029), പിന്നെ രണ്ട്‌ ചെറിയ ആശുപത്രികള്‍ ഒന്നു രണ്ട്‌ ചെറിയ ഹോട്ടലുകള്‍ (8*), പിന്നെ ഒരു റേഷന്‍ കട, രണ്ട്‌ മൂന്ന് പലചരക്കു കട, ഒന്നു രണ്ട്‌ ബേക്കറികള്‍, പിന്നെ ഒരു തടിമില്‍, ഇവയൊക്കെയാണു നാല്‍ക്കവലയില്‍ ഉള്ളത്‌.

ഇവിടെ നിന്നും ഇടത്തേക്കു പൊകുന്ന വഴി, മലമേല്‍ക്കാവു, പാറക്കല്‍ കടവു വഴി പുതുപ്പള്ളി, പനച്ചിക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളതാണു. ഈ മലമേല്‍ക്കാവു ഭാഗത്ത്‌ എന്റെ അഛന്റെ തറവാടായ പടിഞ്ഞാറെമഠംകാര്‍ തിങ്ങിപ്പാര്‍ക്കുന്നു. മലമേല്‍ക്കാവില്‍ ഒരു ദേവീക്ഷേത്രം ഉണ്ട്‌..മീനപ്പൂരം ആണു അവിടെ ഉത്സവം..കഴിഞ്ഞ കൊല്ലം വരെ കുംഭകുടം, അമ്മന്‍കുടം ഒക്കെ ഉണ്ടായിരുന്നു..(ഇക്കൊല്ലം മുതല്‍ അത്‌ നിര്‍ത്തി ആറാട്ട്‌ ആക്കി...)..ഈ മലമേല്‍ക്കാവ്‌ ക്ഷേത്രം ഒരു കുന്നുമ്പുറത്ത്‌ ആണു സ്ഥിതി ചെയ്യുന്നത്‌. അവിടെ നിന്നു നോക്കിയാല്‍ കൊല്ലാടിനു ചുറ്റുമുള്ള കുറെ സ്ഥലങ്ങല്‍ കാണാമായിരുന്നു. ഇപ്പോള്‍ പക്ഷേ ആര്‍ത്തലച്ച് വളര്‍ന്ന റബര്‍ ആണു ചുറ്റും..

ഇനി പാറക്കല്‍ കടവ് എന്ന ആറ്റുതീരത്തെ പറ്റി. പാറക്കല്‍ കടവ്‌ എന്നു പറയുന്നത് സിനിമാക്കാരുടെ ഒരു ഇഷ്ട ലൊക്കേഷന്‍ ആണ് . ഉദാ : മാണിക്കല്ലാല്‍ മേഞ്ഞു മെടെഞ്ഞേ മാമണീക്കൊട്ടാരം എന്ന പാട്ടും പാടി മോഹന്‍ലാലും ദിവ്യാ ഉണ്ണിയും പാറി നടന്നതും , ഒരു രാത്രിയില്‍ വെള്ള സാരി ഒക്കെ ഉടുത്ത്‌ കാറിനടിയില്‍ ചാടാന്‍ വാണി വിശ്വനാഥ്‌ വന്നതും ഒക്കെ ഇവിടെ ആണു . പാറക്കല്‍ കടവിന്റെ അക്കരെ എരമല്ലൂര്‍ , വാകത്താനം, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ ആണു. പിന്നെ അവിടെ നിന്നു ഒരു വഴി തിരിയുന്നത്‌ പനച്ചിക്കാട്‌, ചോഴിയക്കാട്‌, തുടങ്ങിയ സ്ഥലങ്ങളീലേക്കും.

ഇവിടുത്തെ ആറ്റില്‍ ആണു കാലവര്‍ഷം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ നാട്ടുകാരും അയല്‍ പഞ്ചായത്തുകളിലെ ആള്‍ക്കാരും ഒക്കെ വലകളുമായി 'ഊത്ത' വീശാന്‍ പോകുന്നത്‌. പാറക്കല്‍ കടവ്‌ പാലത്തിന്റെ അടുത്തെത്തുമ്പോള്‍ ആറിന്റെ വീതി കുറയുന്നു. ആവിടെ ആറിനു കുറുക്കെ ഒരു തടവല കെട്ടി, രണ്ടു കരകളീലും നിന്ന് ഒരു നൂറോളം ആള്‍ക്കാര്‍ കുറച്‌ ഇടവേളയില്‍ ഒരുമിച്ച് വല എറിയും.. (അതൊരു കാണേണ്ട കാഴ്ച തന്നെയാണു... അത്‌ കാണാനും കാമറയില്‍ പകര്‍ത്താനും ടൗണില്‍ നിന്നൊക്കെ ആള്‍ക്കാര്‍ വരാറുണ്ടായിരുന്നു)..ഇങ്ങനെ വീശുന്നതിന്റെ ഗുണം എന്താണെന്നൊ...പറയാം...ആ പ്രദേശത്ത്‌ അപ്പോളുള്ള വാള,വരാല്‍,കുറുവപ്പരല്‍,മുശി,പുല്ലന്‍(കണമ്പ്‌),കരിമീന്‍,മഞ്ഞക്കൂരി തുടങ്ങിയ വലിയ (വില കൂടിയത്‌) മീനുകളും, പരല്‍, ചില്ലാന്‍,പള്ളത്തി,കാരി തുടങ്ങിയ സാധാരണ മീനുകളും ആരുടെ എങ്കിലും വലയില്‍ അകപ്പെടും...ഒരു തവണ കൂടുതല്‍ കിട്ടുന്ന ആള്‍ക്ക്‌ ചിലപ്പോള്‍ അടുത്ത തവണ കുറവായിരിക്കും...പക്ഷേ എല്ലാവര്‍ക്കും ഇഷ്ടം പോലെ മീന്‍ കിട്ടിയിരുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വിനോദം ആയിരുന്നു ഈ വലവീശല്‍...രാവിലെ വലയുമായി ആറ്റുവരമ്പില്‍ പോയാല്‍ രാത്രി ഒക്കെയാണു തിരിച്ച് വരുന്നത്‌.. ഭക്ഷണം ഒക്കെ ആറ്റു തീരത്ത്‌ തന്നെ കഴിക്കും ...

ഇനി നമുക്കു തിരികെ നാല്‍ക്കവലയിലേക്ക്‌ തന്നെ വരാം.നാല്‍ക്കവലയില്‍ നിന്നും വീണ്ടും നമുക്കു പോകേണ്ടത്‌ മുമ്പോട്ട്‌ തന്നെ. അവിടെ നിന്നും മൂന്നാമത്‌ കാണുന്നത്‌ എന്റെ അഛന്റെ ചേട്ടന്റെ (തറവാട്‌) വീടാണു.. അതിന്റെ താഴേ ഭാഗത്ത്‌ അഛന്റെ മറ്റൊരു ചേട്ടന്റെ വീടും കാണാം...വീണ്ടും കുറച്ച് കൂടി മുന്‍പോട്ട്‌ പോയാല്‍ ആ വലത്‌ വശത്ത്‌ കാണുന്നത്‌ ഒരു കന്യാസ്ത്രീ മഠവും അതിനോട്‌ ചേര്‍ന്നുള്ള വൃദ്ധസദനവും ആണു. പണ്ടൊക്കെ ഞങ്ങള്‍ പതിവായി പാല്‍ വാങ്ങിയിരുന്നത്‌ ഈ മഠത്തില്‍ നിന്നായിരുന്നു.മായം ചേര്‍ക്കാത്ത പാല്‍ കിട്ടും എന്നുള്ളതാണു പ്രത്യേകത. അടുത്തു തന്നെ ഒരു 'ശാബത്‌' പള്ളി ഉണ്ട്. മറ്റു ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നു വ്യത്യസ്തമായി ശനിയാഴ്ച ദിവസങ്ങളില്‍ ആണു ഇവിടെ പ്രാര്‍ത്ഥന ഉള്ളത്‌. കുറച്ച് കൂടി മുമ്പോട്ട്‌ പോകുമ്പോള്‍ കാണുന്ന ചെറിയ ബസ്‌സ്റ്റോപ്പ്‌ ആണു ചൂളക്കവല. അവിടെ നിന്നു തിരിയുന്ന വഴി ചാന്ദാനിക്കാടിനിള്ളതാണു.

ഇനിയും മുമ്പോട്ട്‌ പൊയാല്‍ എത്തുന്ന കവല ആണു 'കടുവാക്കുളം'. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരു പഴയ കാല സിനിമാ നടനെ ഓര്‍മ വരുന്നുണ്ടാകും...അതെ 'കടുവാക്കുളം ആന്റണി'. അദ്ദേഹത്തിന്റെ വീട്‌ ഈ കവലയില്‍ തന്നെ.

പണ്ടൊക്കെ ഞങ്ങള്‍ പോയിക്കൊണ്ടിരുന്ന പ്രകാശ്‌ ലൈബ്രറിയും, ചെറുപുഷ്പം കത്തോലിക്ക പള്ളിയും അതിനോട്‌ ചേര്‍ന്നുള്ള എം.സി.ബി.എസ്‌ സെമിനാരിയും,പിന്നെ ഒന്നു രണ്ട്‌ കടകളും, ഒരു ഹോട്ടലും ഉണ്ടായിരുന്ന കവല ആണിത്. ഇടക്ക് സൈക്കിള്‍ യജ്ഞക്കാരും പിന്നെ ‘കൊലാട്ടിന്‍ ലേഹ്യം‘ ഉണ്ടാക്കുന്നവരും തമ്പടിച്ചിരുന്ന ഒരു പുറമ്പോക്ക് മൈതാനവും അവിടെ ഉണ്ടായിരുന്നു. വഴിയിടെ വളവ് തീര്‍ത്തപ്പോള്‍ അതു പോയി. ഇപ്പോള്‍ ഇവിടം ഒരു വലിയ ജംഗ്‌ഷന്‍‍ ആയിരിക്കുന്നു... അന്നൊക്കെ ഞങ്ങള്‍ ക്രിക്കറ്റ്‌ കളിചിരുന്ന ഗ്രൌണ്ടും, പിന്നെ ഫുട്ബോള്‍ ഗ്രൌണ്ടും, ഒക്കെയായി വിശാലമായി കിടന്നിരുന്ന 750 ഏക്കര്‍ വരുന്ന 'സ്വാമിത്തോപ്പ്‌' ഇന്നു പൂവന്തുരുത്ത്‌ മിനി ഇന്‍ഡസ്റ്റ്രിയല്‍ ഏരിയ ആയതോട്‌ കൂടിയാണിത്‌. കെ.എസ്‌.ഇ.ബി യുടെ പൂവന്തുരുത്‌ 220 കെ.വി സബ്‌സ്‌റ്റേഷന്‍ ഉള്ളതും ഇതിനടുത്ത്‌ തന്നെ.ഇടുക്കി പവര്‍ സ്റ്റേഷന്റെ പ്രധാന സബ്സ്റ്റേഷന്‍ ആണിത്‌.

കടുവാക്കുളം കവലയോട്‌ കൂടി കൊല്ലാട്‌ എന്ന പ്രദേശം അവസാനിക്കുന്നു...അവിടെ നിന്നു ഇടത്തേക്ക്‌ തിരിഞ്ഞ്‌ പോയാല്‍,,, പൂവന്തുരുത്ത്‌,പാക്കില്‍, വഴി ചിങ്ങവനത്ത്‌ എത്തിചേരാം. വലത്തോട്ട്‌ തിരിഞ്ഞാല്‍.. ദിവാന്‍കവല, മൂലേടം (മൂലവട്ടം),എം,സി.റോഡില്‍ മണിപ്പുഴ (കോട്ടയത്തിനു 2 കി മി തെക്ക്‌),കോടിമത വഴി കോട്ടയത്ത്‌ എത്താം...(ഇതാണു ഞാന്‍ പറഞ്ഞ രണ്ടാമത്തെ വഴി).

ഇത്രയൊക്കെയാണു കൊല്ലാടിനെ പറ്റി വിവരിക്കാന്‍ ഉള്ളത്‌...ഇതാണു എന്റെ ഗ്രാമം....

---- ശുഭം -------

34 comments:

myexperimentsandme said...

നല്ല ഏ ക്ലാസ്സ് വിവരണം. ശരിക്കും അവിടെക്കൂടി പോയ ഒരു പ്രതീതി.

നന്നായിരിക്കുന്നു. അപ്പോള്‍ എഴുതാനറിയാം. ഇനി രക്ഷയില്ല. എഴുതിയേ പറ്റൂ :)

ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമായിട്ടായതുകൊണ്ട് എന്റെ വക ഒരു സ്വാഗതവും എനിക്കൊരു സ്വാഗതവും :)

പുള്ളി said...

അനിലേ കൊല്ലാട് വിവരണം കൊള്ളാം.
അടുത്ത അഖിലകേരളാ ബൂലോഗമീറ്റ് സ്വയം പര്യാപ്തവും പ്രകൃതിരമണിയവുമായ കൊല്ലാട് തന്നെയാവട്ടെ. എല്ലാവര്‍ക്കും വഴി മനസ്സിലായിലോ ആല്ലേ?

ഓ.ടോ: ആരെങ്കിലും അനിലിനോട് എവിടന്നാ എന്നു ചോദിച്ചാല്‍ പെട്ടതു തന്നെ :)

അനില്‍ശ്രീ... said...

വക്കാരിമഷ്‌ടാ..
എന്റെ ബ്ലോഗില്‍ ആദ്യത്തെ കമന്റ് ഇട്ടതിനു നന്ദി....

പുള്ളി,
എല്ലാവര്‍ക്കും കൊല്ലാട്ടേക്ക് സ്വാഗതം....

satheesh said...

I went through these roads many times right from 1975. But only remembers kaduvakkulam junction and the corporation bank. You are keeping everything in your childhood. Especially that Rubberkuru prayogam.

satheesh said...

sorry don't know how to write in malayalam here

അനില്‍ശ്രീ... said...

സതീശാ... എന്റെ മെയില്‍ ID anilkollad@gmail.com ആണു. താങ്കളുടെ സ്വദേശം കൊല്ലാട് ആണോ?

Sapna Anu B.George said...

ദേവലോകത്തിന്റെ വാലായി വന്ന “കൊല്ലാട” എന്ന ഗ്രാമം വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നു എന്റെ ഗ്രാമവും” , നന്നായിരിക്കുന്നു.....ഇതു കൂടി വായിക്കൂ,അഭിപ്രായം പറയൂ..... http://sapnaanu.blogspot.com/2006/03/blog-post_17.html

Krishnachandran U said...

കൊള്ളാം........

Unknown said...

നല്ല വിവരണം... ചില മിനുട്ടുകള്‍ക്കുള്ളില്‍ കൊല്ലാട് സന്ദര്‍ശിച്ച പ്രതീതി......
അഭിനന്ദനങ്ങള്‍ !

അനില്‍ശ്രീ... said...

സപ്നാജി, കൃഷ്നചന്ദ്രാ..സുകുമാരന്‍‌ജി.. കൊല്ലാട് സന്ദര്‍ശിച്ചതിനു നന്ദി

Rajeeve Chelanat said...

ഒന്ന് ഓടിച്ചുനൊക്കാനേ സാധിച്ചുള്ളു. നന്നായിട്ടുണ്ട് അനില്‍. എഴുതുമെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല..

അനില്‍ശ്രീ... said...

എന്റെ മറ്റൊരു ബ്ലോഗ് സ്വകാര്യങ്ങള്‍

< a href="http://swakaryangal.blogspot.com/">സ്വകാര്യങ്ങള്‍ /a >

ശ്രീ said...

അനില്‍‌ശ്രീ...

കൊല്ലാടിന്റെ വിവരണം നന്നായിട്ടുണ്ട്.

:)

ദിലീപ് വിശ്വനാഥ് said...

നന്നായി ഈ പരിചയപ്പെടുത്തല്‍.

നന്ദു said...

അനില്‍ :)
നല്ല വിവരണം. കേരളത്തില്‍ അറിയപ്പെടാതെ പോകുന്ന എത്രയെത്ര സ്ഥലങ്ങള്‍ എല്ലാരും മനസ്സുവച്ചാല്‍ പരസ്പരം അറിയിക്കാം സ്ഥലമാഹാത്മ്യം..

ഓ.ടോ: അനിലേ, അടിയൊക്കെ അപ്പുറത്ത് . അതു ആശയപരമായ പൊരുത്തക്കേടുകള്‍ കൊണ്ടുള്ളതാ. പക്ഷെ ഇത് നന്നായി എന്നു പറയാതെ വയ്യ കേട്ടോ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം ട്ടാ

G.MANU said...

ഹായ്..
ഒരുദിവസം അതുവഴി, ഈ നാല്‍ക്കവലവഴി ഒന്നു കറങ്ങണം.
അനിലേ യാത്ര സ്പോണ്‍സര്‍ ചെയ്യണേ

അനില്‍ശ്രീ... said...

എപ്പോള്‍ വേണം എന്ന് പറഞ്ഞാല്‍ മതി മനു. ഈ വര്‍ഷം പക്ഷേ ആഗസ്ത് ഏഴു മുതല്‍ സെപ്റ്റംബര്‍ നാലു വരെ മാത്രമേ ഞാന്‍ നാട്ടില്‍ കാണൂ. അപ്പോള്‍ പറഞ്ഞോളു,, ഫുള്‍ സ്പോണ്‍സര്‍ഷപ്പ് ഏറ്റു. എപ്പോള്‍ വേണം എന്ന് പറഞ്ഞാല്‍ മതി മനു. ഈ വര്‍ഷം പക്ഷേ ആഗസ്ത് ഏഴു മുതല്‍ സെപ്റ്റംബര്‍ നാലു വരെ മാത്രമേ ഞാന്‍ നാട്ടില്‍ കാണൂ. അപ്പോള്‍ പറഞ്ഞോളു,, ഫുള്‍ സ്പോണ്‍സര്‍ഷപ്പ് ഏറ്റു. വേണമെങ്കില്‍ ഇവിടെ കൂടി ഒരു കറക്കവും ആകാം. എന്താ?

ചാർ‌വാകൻ‌ said...

ഇരുപത്ത്ന്ചു വര്‍ഷങങള്‍ക്കു മുമ്പ് തെണ്ടി നടന്ന വഴികള്‍.നന്നായിരിക്കുന്നു.
കരിമ്പിന്‍ കാലാ ക്ള്ളുഷാപ്പില്ലാത്തതിന്റെ കുറവ്.

അനില്‍ശ്രീ... said...

സുകുമാരന്‍‌ജി, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വഴികള്‍ ഓര്‍ക്കാന്‍ എന്റെ പോസ്റ്റ് കാരണം ആയെങ്കില്‍ എനിക്ക് തൃപ്തിയായി. (ഇടക്കൊക്കെ വന്ന് പോകുന്ന സ്ഥലം ആയിരിക്കുമെന്ന് കരുതുന്നു).

കരുമ്പുങ്കാലയിലേക്ക് അധികം ദൂരമില്ലെങ്കിലും വഴി വേറെയായതിനാലും പഞ്ചായത്ത് വേറെ ആയതിനാലും ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ഖേദിക്കുന്നു.

മാണിക്യം said...

അനില്‍‌ശ്രീ
ജന്മദിനത്തില്‍ ഈശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും
ദീര്‍‌ഘായുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ !
എല്ലാ നന്മകളും എന്നും എപ്പൊഴും കൂട്ടുണ്ടാവട്ടെ
പ്രാര്‍ത്ഥനയോടെ
സസ്നേഹം മാണിക്യം ..
22 Aug 2008

Lathika subhash said...

“കോട്ടയം ടൌണില്‍ നിന്നും
മൂന്നു മൈല്‍ നടന്നാല്‍
നാട്ടകം കുന്നിന്‍ പുറം കാണാം
നമുക്ക് നാട്ടകം കുന്നിന്‍പുറം കാണാം“

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍, ഉത്സവത്തിന്
പണ്ട്.... ശ്രീ. വി.ഡി. രാജപ്പന്റെ കഥാപ്രസംഗം... കേട്ടത് ഓര്‍ക്കുന്നു.
അനില്‍ശ്രീ ദേ ഞാനിതിപ്പോഴാ വായിച്ചത്.
അസ്സലായിട്ടുണ്ട്. ഓണാശംസകള്‍!!!!

അനില്‍ശ്രീ... said...

അറിയാതെ ഡിലിറ്റായ അനൂപിന്റെ ഒരു കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എന്റെ പോസ്റ്റില്‍ വല്ലപ്പോഴും വിരുന്നെത്തുന്ന ഒരു
അതിഥിയാണ് ഈ കൊല്ലാട്ടുക്കാരന്‍.പക്ഷെ ഞാന്‍ പരിചയപ്പെട്ടതിനു ശേഷം ഈ കൂട്ടുക്കാരനെ
തേടി എന്നും എത്താറുണ്ട്.കാരണം കോതനല്ലൂര്‍
പോലെ എന്റെ കോട്ടയത്തെ കൊല്ലാടും എനിക്ക്
ഏറെ പ്രിയപ്പെട്ടതാണ്

May 10, 2008 7:40 PM

കാട്ടിപ്പരുത്തി said...

ഒരു ചിത്രവുമില്ലാതെ മനസ്സില്‍ മുഴുവന്‍ വരയിച്ചുതന്നു. ഇതാണ് എഴുത്തിന്‍റെ ശക്തി. മനോഹരമായിരിക്കുന്നു. ഇനിയും ധൈര്യമായി തുടര്‍ന്ന് കൊണ്ടേ യിരിക്കുക. എല്ലാ ഭാവുകങ്ങളും.

നിരക്ഷരൻ said...

കൊള്ളാല്ലോ കൊല്ലാട്... :)

അനില്‍ശ്രീ... said...

Sureshkumar Punjhayil said...
Nannayirikkunnu...Best Wishes...!!!

January 15, 2009 5:00 PM

അനില്‍ശ്രീ... said...

ആചാര്യന്‍ said...
രണ്ട് ദിവസം മുന്‍പാന്നു തോന്നണു, കരിമ്പിന്‍ കാലാ ഷാപ്പ് റെസ്റ്റോറന്‍റിലെ കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിനെപ്പറ്റി അമൃതാ ചാനലില്‍ ടേസ്റ്റ് ഓഫ് കേരളാ കണ്ടു, അവിടത്തെ പൊടിമീന്‍ വറുത്തത് ഓര്‍മ വരുന്നു, കള്ളപ്പവും(വായില്‍ കപ്പല്‍ വന്നു)....സമയമുണ്ടെങ്കില്‍ അതിനെപ്പറ്റി ഒരു സചിത്രപോസ്റ്റ് തട്ട്..പടം മൊബൈലില്‍ എടുത്താ മതി...കൊല്ലാട്, ബോട്ട്ജെട്ടിക്കവല...ഓര്‍മകള്‍ ഉണ്ടായിരിക്കണം..

January 18, 2009 6:08 PM

ആചാര്യന്‍... said...
ക്ഷമിക്കണം, താങ്കള്‍ നാട്ടില്‍ ഉണ്ട് എന്ന് ഓര്‍ത്തു പോയി

January 18, 2009 6:10 PM

വിജയലക്ഷ്മി said...

Nalla vivaranam .sarikkum aviduthhe sthalangalokke chuttikndathupolulla thonnal..

ജിജ സുബ്രഹ്മണ്യൻ said...

അപ്പോൾ കൊല്ലാട് വരാൻ എളുപ്പമായല്ലോ.ഇനി മുതൽ പനച്ചിക്കാട് വരുമ്പോൾ കൊല്ലാടും ഒന്ന്ൻ കേറണം !

Sapna Anu B.George said...

ഇതാരാ മാഷെ ഞാന്‍ അറിയാതെ എന്റെ ദേവലോകം കടന്ന്, കൊല്ലാട്ടേക്കെത്തിയ മഹാന്‍ ??? ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

അനില്‍ശ്രീ... said...

സപ്നാജി,
ഇത് നേരത്തെ വായിച്ചത് മറന്നു എന്നു തോന്നുന്നു.. പഴയ കമന്റ് മുകളില്‍ തന്നെ കിടപ്പുണ്ട്...

എങ്കിലും , പിന്നെയും വായിച്ചതിനും കമന്റ് ഇട്ടതിലും സന്തോഷം

jayanEvoor said...

ഞാൻ പോയിട്ടുള്ള സ്ഥലമാണല്ലോ.
മാവേലിക്കര നിന്ന് ചങ്ങനാശേരി, ചിങ്ങവനം വഴിയാ പോയിട്ടുള്ളത്.
എന്റെ മകനെ എഴുത്തിനിരുത്തിയത് പനച്ചിക്കാട്ടാ.
നല്ല സ്ഥലം.
(എന്റെ അനിയന്റെ ഭാര്യ വീട് കൊല്ലാട് ആണ്.)

biju gopinath said...

the name called boat-jetty junction is because of the building situated in the junction itself. The building looks like a big transport boat. try to close monitor the building when ur next visit.

യുഹാനോന്‍ said...

അനിലിന്റെ വീട്ടിലേക്കുള്ള വഴി അന്വഷിച്ചു കണ്ടില്ല .. എഴുത്ത് മനോഹരമായിരിക്കുന്നു

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍