Jun 2, 2008

എന്റെ സത്യാന്വേഷണ പരീക്ഷണം, വൈദ്യുതി - വെള്ളം

വൈദ്യുതി കടത്തി വിട്ടാല്‍ വെള്ളത്തിന് എന്തു സംഭവിക്കും? വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും. അത് പുസ്തകത്തില്‍. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ലേ പ്രമാണം .

ഇനി ഇതിന്റെ യഥാര്‍‍ത്ഥ ഉത്തരം കേള്‍ക്കൂ.. ലളിതം.

കുറച്ച് പുക വരും.
ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും.
വീട്ടിലെ ഫ്യൂസ് അടിച്ചു പോകും.
പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

ഇതൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നെല്ലേ? അതാണ് നമ്മുടെ ജിജ്ഞാസ എന്ന പ്രതിഭാസത്തിന്റെ ഒരു പരിണിത ഫലം. അറിയാനുള്ള ആഗ്രഹത്തെ ജിജ്ഞാസ എന്നു പറയുന്നു. മനുഷ്യ മനസ്സില്‍ അടിക്കടി ഉണ്ടാകുന്ന ഒരു പ്രക്രിയ ആണിത്. ഇതില്ലാത്ത മനസ്സിന് എന്തോ കുഴപ്പം ഉണ്ടെന്ന് കൂട്ടിക്കൊള്ളു.

പറഞ്ഞു വന്നത്, വെള്ളത്തിന് മഞ്ഞക്കളര്‍ ആകുന്ന കാര്യം. അഞ്ചില്‍ ആണോ ആറില്‍ ആണോ എന്നറിയില്ല, അന്നെപ്പോഴോ ടീച്ചര്‍ പഠിപ്പിച്ചു " വെള്ളത്തില്‍ കൂടി കരണ്ട് കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും" എന്ന്. പക്ഷേ സ്കൂളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ആ പരീക്ഷണം കാണിച്ചു തന്നില്ല. അത് ടീച്ചറിനു പറ്റിയ തെറ്റ്.

പക്ഷേ ആ മുകളില്‍ ‍പറഞ്ഞ സാധനം 'ജിജ്ഞാസ' നമ്മെ വിട്ടു പിരിയില്ലല്ലോ. അത് എന്നോട് തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു, ഇതൊന്നു പരീക്ഷിക്കണം .. പരീക്ഷിക്കണം എന്ന്. അങ്ങനെ ഒരു ദിവസം നമ്മള്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു.ആര്‍ക്കും ചെയ്തു നോക്കാവുന്ന പരീക്ഷണം ആണ്.

ഈ പരീക്ഷണം നടത്താന്‍ വേണ്ട സാധനങ്ങള്‍

1. ഒരു ഗ്ലാസ്സ്
2. അഞ്ച് ആറടി നീളത്തില്‍ രണ്ട് വയറ് കഷണം
3. ഒരു സോക്കറ്റ്.

ആദ്യമായി ഗ്ലാസ്സില്‍ വെള്ളം നിറച്ച് , അതിലേക്ക് കയ്യില്‍ ഇരിക്കുന്ന വയറിന്റെ ഒരറ്റം ഇറക്കി വയ്ജണം. രണ്ട് വയറുകള്‍ തമ്മില്‍ കൂട്ടി മുട്ടാതെ നോക്കണം. (കൂട്ടി മുട്ടിയാല്‍ പരീക്ഷണത്തിന് റിസല്‍റ്റ് കിട്ടാതെ വരും). അതു പോലെ വയറിന്റെ അറ്റത്ത് ഒരു സെന്റി മീറ്ററോളം ഇന്‍സുലേഷന്‍ മാറ്റിയിരിക്കണം. ഇനി രണ്ടാമത്തെ അറ്റം പ്ലഗ് സോകറ്റിലേക്ക് കടത്തി വയ്ക്കണം. ഇപ്പോള്‍ പരീക്ഷണം നടത്താന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ആയി നിര്‍ത്തി "കൗണ്ട് ഡൗണ്‍" ആരംഭിക്കാം. പ്രത്യേകം ശ്രദ്ധിക്കുക, ഗ്ലാസ് മാക്സിമം അകലത്തില്‍ വയ്ക്കണം. കൗണ്ട് ഡൗണ്‍ തീരുമ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യാം. അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രതിഭാസങ്ങള്‍ സംഭവിക്കും.

കുറച്ച് പുക വരും - അത് ഗ്ലാസ്സിന്റെ മുകള്‍ ഭാഗത്ത് കാണപ്പെടും. (ഗ്ഗ്ലാസ്സ് പൊട്ടിയിട്ടില്ലെങ്കില്‍ മാത്രം)

ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും. (അത് എവിടെ നിന്നാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അറിയുന്നവര്‍ പറഞ്ഞു തരണം. )

വീട്ടിലെ ഫ്യൂസ് അടിച്ചു പോകും - അന്നൊക്കെ ഫ്യൂസ് മാത്രമേ പോയിരുന്നുള്ളൂ, ഇന്ന് ELCB, MCB തുടങ്ങി എല്ലാ ഇന്തപ്പനാടിയും പോകുമായിരിക്കും.

പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

വെള്ളം എങ്ങനെ മഞ്ഞക്കളര്‍ ആയി? ഓക്സിജന്റെ കളര്‍ ആണോ, അതോ ഹൈഡ്രജന്റെയോ? അതെന്നെ അന്ന് തൊട്ട് അലട്ടുന്ന ഒരു കാര്യമാണ്. (ഇതും അറിയുന്നവര്‍ പറഞ്ഞു തരണം. )

ഓര്‍മ്മപ്പെടുത്തല്‍‍
ഈ പരീക്ഷണം നടത്തുമ്പോള്‍ അച്ചന്‍, അമ്മ എന്നിവര്‍ വീട്ടില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വീണ്ടും ചില ഒച്ചകള്‍ കൂടി കേള്‍ക്കുന്നതായിരിക്കും. അത് കേള്‍ക്കാന്‍ ചിലപ്പോള്‍ കൂടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന അനിയനോ അനിയത്തിയോ കാണില്ല. നമ്മള്‍ തനിയെ കേള്‍ക്കണം.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍