Dec 31, 2008

പുതുവത്സരാശംസകള്‍ - 2009

2008 തീരാന്‍ പോകുന്നു,
2009-നെ നേരിടാന്‍ ഒരുങ്ങിക്കൊള്ളൂ
പ്രതിസന്ധികള്‍ കാണും, നേരിടൂ.
തടസങ്ങള്‍ കാണും, മറികടക്കൂ.
സന്തോഷങ്ങളും സങ്കടങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കു,
കുടുംബത്തെ സം‌രക്ഷിക്കൂ
സുഹൃത്തുക്കളെ മറക്കാതിരിക്കൂ..
മറക്കാതെ ചിരിക്കൂ.. സന്തോഷിക്കൂ..
ആവശ്യത്തിന് വിശ്രമിക്കൂ...
അതെ നാളെകള്‍ നിങ്ങള്‍ക്കുള്ളതാകട്ടെ..
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.
::::::::::: ::::::::::::::: :::::::::::::::::

2008 പോകുന്നു, 2009 വരുന്നു. അതിനെന്താ പ്രത്യേകത എന്ന് ചിന്തിച്ചു. ഓഹ്..ഒന്നുമില്ല. ഇന്നലെയും ഇന്നും ചെയ്തതിന്റെ ബാക്കി ചെയ്യാന്‍ നാളെകള്‍ ഉണ്ടാകുന്നു. കഴിഞ്ഞ വര്‍ഷത്തെകുറിച്ച് കണക്കെടുപ്പ് നടത്തുന്നത് അത്ര ശരിയാണോ ആവൊ? (ആരും ചെയ്യുന്നില്ലെങ്കിലും) ഒരു മാസം കഴിയുമ്പോഴും അന്നുവരെയുള്ള ഒരു വര്‍ഷത്തെ കുറിച്ച് നമുക്ക് കണക്കെടുക്കാം.
മാസങ്ങളുടേയും, കടന്നു പോകുന്ന വര്‍ഷങ്ങളുടേയും കണക്കെടുപ്പ് നടത്താത്ത, ഇന്നലെകളും ഇന്നുകളും നാളെകളും ഒരുപോലെയുള്ള ലക്ഷക്കണക്കിനുള്ള തെരുവിന്റെ മക്കള്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

Dec 4, 2008

ഇരിക്കൂറില്‍ ജീപ്പപകടം- ഒരു ദുരന്തം

ഇരിക്കൂറില്‍ ജീപ്പിടിച്ച് ഒന്‍പത് പിഞ്ചു കുഞ്ഞുങ്ങള്‍ മൃതിയടഞ്ഞു. ആ നാടിന്റെ ദു:ഖത്തില്‍, ആ മാതാപിതാക്കളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനങ്ങള്‍ അറിയിക്കുന്നു...



.

.

.

.

.

.

.


(ഹൃദയ ഭേദകമായ ആ കാഴ്ച്ചയും നമ്മുടെ ടി.വി.കളില്‍ കാണിക്കുന്നു. കുട്ടികള്‍ മരിച്ചു കിടക്കുന്നതുള്‍പ്പെടെ)

Nov 13, 2008

ആഞ്ജനേയാ മരുന്നെവിടെ ? - ( ബാലെ )

അരങ്ങത്ത് രാമായണം ബാലേ നടക്കുന്നു. (ബാലേയോ ? എന്ന് അത്ഭുതം കൂറുന്ന പുതിയ കുട്ടികളോട് ഒരു വാക്ക്.. കുറച്ച് നാളുകള്‍ മുമ്പ് വരെ ഉല്‍‍സവങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത രണ്ടിനങ്ങളായിരുന്നു ബാലേയും കഥാപ്രസംഗവും.)

ആബാലവൃദ്ധം ജനങ്ങളും ഉറക്കമൊഴിച്ചിരുന്ന് ബാലേ ആസ്വദിക്കുകയാണ്. പാട്ടുകളും ഡാന്‍സും ഒക്കെയായി രംഗം കൊഴിക്കുന്നു.

രംഗം : യുദ്ധത്തില്‍ മുറിവേറ്റു കിടക്കുന്ന ലക്ഷ്മണന്റെ ചികില്‍സക്കായി മൃതസഞ്ജീവനി പറിക്കാന്‍ പോയ ഹനുനാന്‍ തിരികെ വരുന്നു. മൃതസഞ്ജീവനി ഏത് എന്നറിയാത്തതിനാല്‍ മരുത്വാ മല മുഴുവനും അടര്‍ത്തിയെടുത്ത് ഇങ്ങനെ പറന്നു വരുകയാണ് മൂപ്പര്‍.

മുകളില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പിയില്‍ കപ്പി ഇട്ട്, അതിലൂടെ കയറിട്ട് ഹനുമാന്റെ അരയില്‍ കെട്ടി വലിച്ചാണ് ഹനുമാന്റെ പറക്കല്‍ ക്രമീകരിക്കുന്നത്. (ബാലേ കാണുമ്പോള്‍ സ്റ്റേജിന്റെ അടുത്തിരുന്ന് കാണരുത് എന്നാണ് പറയുന്നത്. അകലെയിരുന്നാലേ സിനിമാ പോലെ കാണാന്‍ പറ്റു..).

പതിവുപോലെ ഹനുമാന്റെ അരയില്‍ കയര്‍ കെട്ടി റെഡിയാക്കി നിര്‍ത്തി. നിര്‍ഭാഗ്യത്തിന് കെട്ട് ഇത്തിരി മുറുകിപോയി. സീനിന് സമയമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഹനുമാന്‍ പറന്നു വരുന്നു. സ്റ്റേജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തേക്ക് പറന്നു വരുന്ന ഹനുമാനെ സ്റ്റേജിന്റെ നടുക്കെത്തുമ്പോള്‍ സ്റ്റോപ്പ് ചെയ്യണം. അപ്പോള്‍ ചികില്‍സ നടത്തി കൊണ്ടിരിക്കുന്ന മുനി ഹനുമാനോട് ചോദിക്കുന്നു.

ആഞ്ജനേയാ മരുന്നെവിടെ ??

ബാലേയില്‍ സംഭാഷണം എല്ലാം പുറകില്‍ നിന്നാണ്. അരങ്ങത്തുള്ളവര്‍ ചുണ്ടനക്കുകയേ ഉള്ളു. "മഹര്‍ഷേ മരുന്നറിയാത്തതിനാല്‍ മരുത്വാമല തന്നെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്, അങ്ങേക്കാവശ്യമുള്ളത് എടുത്താലും" എന്ന ഡയലോഗ് പുറകില്‍ നിന്ന് വരുന്നതിന് മുമ്പേ ഈ ചോദ്യത്തിന്റെ ഉത്തരം ഹനുമാന്‍ സ്വയം പറഞ്ഞു. വയറിലെ കുരുക്ക് മുറുകി വേദന കടിച്ചമര്‍ത്തി നിന്ന ഹനുമാന്റെ ഉത്തരം ഒരലര്‍ച്ചയായി പുറത്തു വന്നു.

മരുന്ന് തരാമെടാ മ--രേ .... താഴെയിറക്കടാ ആദ്യം...

::::::::::::::: x ::::::::::::::::: x ::::::::::::::::: x :::::::::::::::::
ആഞ്ജനേയാ മരുന്നെവിടെ ?? .......... പഠിച്ചു കൊണ്ടിരുന്ന കാലത്ത് കൂട്ടുകാര്‍ കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്ന ഒരു ഫേമസ് ഡയലോഗായിരുന്നു. ബാലെയെ ചുറ്റിപറ്റി ഇങ്ങനെ ഒത്തിരി അനുഭവങ്ങള്‍ പലര്‍ക്കും പലയിടത്തും ഉണ്ട്. തല്‍ക്കാലം ഒരെണ്ണത്തില്‍ നിര്‍ത്തുന്നു.

Sep 29, 2008

താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi

അബുദാബിയില്‍ ഫ്ലാറ്റ് കിട്ടാനില്ല. എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).

ഇങ്ങനെ ഒരു പരസ്യം ഇടാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് വച്ചാല്‍, എന്റെ അനിയനും കുടുംബവും താമസിച്ചിരുന്ന വില്ല പൊളിക്കുന്നു. അവിടെ നിന്ന് മാറാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത് സാധാരണക്കാരന് പറ്റിയ ഒരു ഫ്ലാറ്റ് പോലും അബു ദാബിയില്‍ കാലിയില്ല എന്ന്. ഒരു 1 BR ഫ്ലാറ്റിന്റെ (റിയല്‍ എസ്റ്റേറ്റ് വക) റേറ്റ് ഒരു ലക്ഷം ദിര്‍ഹം കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോ ഫ്ലാറ്റ് എന്നറിയപ്പെടുന്ന ഒറ്റ റൂം ഫ്ലാറ്റിന്റെ റേറ്റ് 70,000. ഇതൊന്നും കിട്ടാനുമില്ല. എന്നാല്‍ ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ചില ഫ്ലാറ്റുകളില്‍ പഴയ റേറ്റ് പ്രകാരം 50,000-ല്‍ താഴയേ വാടകയുള്ളു.

അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും. (സീരിയസ് ആയി പറഞ്ഞതാ കേട്ടോ).

ഇനി, പഴയ വില്ലകളില്‍ ഒറ്റമുറി താമസത്തിന് ഇപ്പോഴത്തെ റേറ്റ് (ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി കുറവ് ഉണ്ടാകാം) AED 4000. അതും എന്നാണ് ഇറങ്ങേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ല. പൊളിക്കല്‍ നോട്ടീസ് അല്ലെങ്കില്‍ ഇറക്കിവിടല്‍ നോട്ടീസ് എപ്പോള്‍ വേണമെങ്കിലും വരാം. ഇവിടെ നിന്ന് നാല്പ്പത് കിലോമീറ്റര്‍ മാറി ബനിയാസ് എന്ന് "കുഗ്രാമ"ത്തില്‍ റേറ്റ് 3000-3500.

ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്പേസിന് 650 മുതല്‍ 1500 വരെ. ഇനിയത് എക്സിക്യുട്ടീവ് ബാച്ചിലര്‍ (എന്നു വച്ചാല്‍ ടൈ കെട്ടിയവര്‍ ആണൊ എന്നൊന്നും ചോദിക്കരുത് . അത് ബാച്ചികളോട് ചോദിക്കൂ) ആയാലോ 2000-2500.

ഇതാണ് അബുദാബിയിലെ താമസത്തിന്റെ ഇന്നത്തെ നിലവാരം. ജോലി അന്വേഷിച്ച് അബു ദാബിയില്‍ വരുന്നവരും, പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ "അങ്ങോട്ട് കൊണ്ടുപോയാല്‍ മാത്രമേ കെട്ടിച്ചു തരൂ" എന്ന് പറയുന്ന രക്ഷിതാക്കളും , അറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. ഗള്‍ഫില്‍ 40,000 രൂപയുടെ ജോലി എന്ന് പരസ്യത്തില്‍ പറയുന്നത് എന്തിനൊക്കെ തികയും എന്ന് കണക്ക് കൂട്ടിക്കോളൂ.


അനോണി ആന്റണിയുടെ ഈ ലേഖനവും (ദുബായിലെ ജോലിയും ജീവിതവും ) അഞ്ചല്‍ക്കാരന്റെ ഈ ലേഖനവും ( ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും. )കൂടി ഇതിന്റെ കൂടെ വായിക്കൂ..

(മറ്റു നാട്ടിലുള്ളവര്‍ക്ക് വേണ്ടി ഇന്നത്തെ വിനിമയ നിരക്ക്
1 ദിര്‍ഹം = 12.66 രൂപ)

Sep 11, 2008

ഓര്‍മയിലെ ഓണാഘോഷങ്ങള്‍

കുട്ടിക്കാലത്ത് എട്ട് വയസ്സ് വരെ വളര്‍ന്നത് പാലായില്‍ നിന്നും കുറെ അകലെ പ്രവിത്താനത്തിനും അപ്പുറത്ത് "ഉള്ളനാട്" എന്ന സ്ഥലത്ത്. പേര് ഉള്ളനാട് എന്നാണെങ്കിലും അന്ന് ഒന്നുമില്ലാത്ത നാട് ആയിരുന്നു ഉള്ളനാട്. വൈദ്യുതി പോലും അന്ന് എത്തി നോക്കിയിരുന്നില്ല. ആ ഓര്‍മകള്‍ പിന്നീട് ഒരു പോസ്റ്റ് ആക്കാം..

അന്നൊക്കെ ഓണാവധി കിട്ടിയാല്‍ ഉടന്‍ കോട്ടയത്ത് കൊല്ലാട്ടുള്ള വീട്ടിലേക്ക് പോകുമായിരുന്നു. അച്ചന്റെ കുടുംബക്കാരെല്ലാം അവിടെയാണല്ലോ. അച്ചന്റെ ചേട്ടന്മാരും അവരുടെ മക്കളും എല്ലാം അടുത്തടുത്ത വീടുകളില്‍ ആണ് താമസം. അതിനാല്‍ ധാരാളം കുട്ടികള്‍ ( ഇത്തിരി മുതിര്‍ന്നവരും) ഉണ്ടായിരുന്നു അവിടെ. കളികള്‍ മാത്രമായിരുന്നു ഞങ്ങളുടെ ഒക്കെ പരിപാടി.

വീടിന്റെ പുറകില്‍ നില്‍ക്കുന്ന പ്ലാവിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും അതിന്റെ പരിസരവും ആയിരുന്നു പകല്‍ പ്രധാന കളിയിടം. ഒരാള്‍ക്ക് ഇത്ര ആട്ടം എന്നതായിരുന്നു കണക്ക്. ആളു കൂടുന്നതനുസരിച്ച് ആട്ടങ്ങളുടെ എണ്ണം കുറയും. വീണ്ടും അടുത്ത ടേണിനായി കാത്തിരിക്കണം. രണ്ടുപേര്‍ ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിന്ന് കുതിക്കന്ന പരിപാടിയും ഉണ്ടായിരുന്നു. അത് കണ്ടിട്ട് അടുത്ത വീട്ടിലെ രജനി "രണ്ട് പേരു പൊട്ടിയാല്‍ ഊഞ്ഞാലാടും" എന്ന് തെറ്റി പറഞ്ഞത് കുറേക്കാലം ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെ ഒരു സ്ഥിരം ഡയലോഗായരുന്നു. പക്ഷേ ഇക്കൊല്ലം നാട്ടില്‍ പോയിട്ട് പേരിനു പോലും ഒരു ഊഞ്ഞാല്‍ കാണാന്‍ പറ്റിയില്ല.

സന്ധ്യ കഴിഞ്ഞാല്‍ കുടുകുടു കളി (കബഡി കളി) ഉണ്ട്. അതാണ് ഏറ്റവും വലിയ മാമാങ്കം. ആണ്‍ കുട്ടികളൂം പെണ്‍ കുട്ടികളും എല്ലാം കാണും. ജാതി മത ഭേദമെന്യേ അയല്പക്കക്കാര്‍ എല്ലാം വീട്ടു മുറ്റത്തെത്തും. പിന്നെ എപ്പോഴാണ് നിര്‍ത്തുക എന്നൊന്നും പറയാന്‍ പറ്റില്ല. "പൂ പറിക്കാന്‍ പോരുന്നോ, പോരുന്നോ അതിരാവിലെ... ആരെ നിങ്ങള്‍ക്കാവശ്യം ആവശ്യം അതിരാവിലെ" എന്ന പാട്ടു പാടി ഒരോരുത്തരെ വലിച്ച് തങ്ങളൂടെ കൂടെ ആക്കുന്നതാണ് മറ്റൊരു കളി.

പിന്നെയുള്ള ഒഴിച്ചു കൂടാനാകാത്ത ഐറ്റം ആയിരുന്നു "തുമ്പി തുള്ളല്‍". വട്ടത്തിലിരുന്ന് പാട്ടു പാടുന്നവരുടെ നടുക്ക് തുമ്പപ്പൂവും, തുളസിപ്പൂക്കളും തണ്ടോടു കൂടി ഒടിച്ച് മുഖത്ത് ചേര്‍ത്ത് വച്ചിരുന്ന് പതിയെ തുള്ളാനിരിക്കുന്ന തുമ്പി പാട്ട് മുറുകുന്നതിനനുസരിച്ച് സര്‍വതും മറന്ന് തുള്ളുന്നത് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു. ഇത് സ്ഥിരമായി അരങ്ങേറിയിരുന്ന ചില വീട്ടുമുറ്റങ്ങള്‍ അന്നുണ്ടായിരുന്നു. അതൊക്കെ എല്ലാവര്‍ക്കമ് അറിയാമായിരുന്നു, കൃത്യമായി അവിടെയൊക്കെ പോയി തുമ്പിതുള്ളല്‍ കണ്ടിരുന്നു.

പകിടകളി, കുറ്റി കളി, പിന്നെ ചീട്ടുകളി തുടങ്ങിയവയില്‍ ആകും ആണുങ്ങള്‍ ഈ സമയം കേന്ദ്രീകരിക്കുക. (കുറ്റികളി എന്നാല്‍ തെങ്ങിന്റെ മടല്‍ ചെത്തി നാലു കുറ്റികള്‍ ഉണ്ടാക്കി, കക്ക കൊണ്ട് തായം കളിക്കുന്ന രീതിയില്‍ കളം വരച്ച് കളിക്കുന്ന കളി, പകിട കളി പോലെ തന്നെ.).

ആണ്‍കുട്ടികളുടെ മറ്റു വിനോദങ്ങള്‍, പമ്പരം കൊത്തല്‍, പട്ടം പറത്തല്‍ തുടങ്ങിയവ ആയിരുന്നു. ഓണക്കാലം എന്നത് നല്ല കാറ്റുള്ള സമയമായതിനാല്‍ പട്ടം പറത്തുക, അത് പൊട്ടിപ്പോകുമ്പോള്‍ പുറകെ ഓടുക എന്നതൊക്കെ സ്ഥിരം പരിപാടി ആയിരുന്നു. എത്ര കളറില്‍ ഉള്ള പട്ടങ്ങള്‍ ആയിരുന്നു ! ചരട് ചുറ്റി പമ്പരം കറക്കാന്‍ ഒക്കെ ഇന്നത്തെ കുട്ടികള്‍ക്ക് അറിയുമോ ആവോ?വട്ടുകളി (ഗോലികളി)യും അന്നൊക്കെ പതിവായിരുന്നു.

കോട്ടയത്തും പരിസരങ്ങളിലും മാത്രം കണ്ടുവരുന്ന "നാടന്‍ പന്തുകളി" ടൂര്‍‍ണമെന്റുകള്‍ ഓണക്കാലത്ത് പലയിടത്തും സംഘടിപ്പിക്കുമായിരുന്നു. (ഇന്ന് നാടന്‍ പന്തുകളി വളരെ വിരളം). ഇതിനൊക്കെ പുറമെ ആയിരുന്നു പല സംഘടനകളുടേയും ബാലജന സഖ്യങ്ങളുടേയും വക ഓണാഘോഷങ്ങള്‍. പൊതുജനങ്ങള്‍ എല്ലാം ഉല്‍സാഹത്തോടെ പങ്കെടുത്തിരുന്ന ഉല്‍സവം തന്നെയായിരുന്നു ഓണം. ചാക്കില്‍ കയറി ഓട്ടം, നാരങ്ങയും സ്പൂണും, ഉറിയടി, സൈക്കിള്‍ സ്ലോ റെയിസ്, ഫാന്‍സിഡ്രസ്, മരംകയറ്റം, വടം‌വലി, ആനക്ക് വാലുവര, സുന്ദരിക്ക് പൊട്ടുകുത്തല്‍...അങ്ങനെ എന്തെല്ലാം കളികള്‍. പിന്നെ പലതരം കലാ പരിപാടികളും മല്‍‍സരങ്ങളും. ഇന്ന് അതെല്ലാം എല്ലാവരും ടെലിവിഷനില്‍ മാത്രം കാണുന്നു. ഇന്ന് അതെല്ലാം എല്ലാവരും ടെലിവിഷനില്‍ മാത്രം കാണുന്നു.

ഇത്രയും എഴുതിയിട്ട് പൂക്കളത്തെ കുറിച്ച് എഴുതാത്തതെന്തേ എന്ന് ചോദിച്ചാല്‍, നല്ല പൂക്കളം ഇടുന്ന പതിവ് അന്നൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു എന്നത് തന്നെ കാരണം. ചിലപ്പോള്‍ കുട്ടികള്‍ തന്നെ ചെറിയ പൂക്കളം വല്ലതും ഇട്ടാലായി...അത്ര തന്നെ. കോട്ടയത്തും പരിസരങ്ങളിലും ഓണക്കാലത്ത് പല വള്ളംകളികളും നടന്നിരുന്നു. അവയില്‍ പലതും ഇന്നും നടക്കുന്നു എന്നത് സന്തോഷം നല്‍കുന്നതു തന്നെ. പക്ഷേ കുട്ടിക്കാലത്ത് ആകെ രണ്ടോ മൂന്നോ വള്ളംകളി മാത്രമേ കാണാന്‍ പോയിട്ടുള്ളൂ എന്നതാണ് നേര്.

ഇതൊക്കെ കഴിഞ്ഞ് അവിട്ടത്തിന്റ അന്ന്‍ അമ്മയുടെ നാടായ പരവൂരിലേക്കുള്ള യാത്ര. അവിടെയും കാണും ഓണാഘോഷങ്ങള്‍. അവിടെ പക്ഷേ കാഴ്ചക്കാര്‍ മാത്രമാണ് ഞങ്ങള്‍ എന്ന വ്യത്യാസം മാത്രം.

ഇതോക്കെ ഓര്‍മകള്‍ മാത്രമല്ല എന്നതിനാലും, ഓണം ഇന്നും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതിനാലും, ഓണം ആഘോഷിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന സാധു ജനങ്ങളെ മനസ്സില്‍ ഓര്‍ത്തു കൊണ്ട്, എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍

Sep 3, 2008

അവധിക്കാല ചിത്രങ്ങള്‍ (1)


തീരം തേടുന്ന കൊതുമ്പുവള്ളം (പടങ്ങള്‍) ... അവധിക്കാല ചിത്രങ്ങള്‍ (1) .. ഇവിടെ കാണൂ.. തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നൊരു കാഴ്ച

Aug 7, 2008

നാളെ 08/08/08, മറ്റൊരു അവധിക്കാലത്തിന്റെ ആരംഭം.

..നാളെ 08/08/08 നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസം. അതിന്റെ പ്രത്യേകതകളെ കുറിച്ചൊന്നും എനിക്ക് നല്ല നിശ്ചയം ഇല്ല. ജ്യോതിഷത്തില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നൊക്കെ നാളത്തെ പത്രത്തില്‍ കാണൂം. ഏതായാലും, നാളെ രാവിലെ എന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തും. (ഞാന്‍ അടുത്ത ആഴ്ചയും). എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തിരി ലേറ്റായാല്‍, എട്ട് മണി കഴിഞ്ഞ് എട്ട് മിനിറ്റ് ആകുമ്പോള്‍ ഇറങ്ങിയാല്‍ , അവര്‍ നാട്ടില്‍ എത്തുന്ന സമയം ഇതു പോലെയവും. 08.08.08, 08:08. (6.05 ആണ് യഥാര്‍ത്ഥ സമയം ..എക്സ്പ്രസ് അല്ലേ ഒന്നും പറയാനാവില്ല.. ഇതുപോലെ..)

അപ്പോള്‍ പറഞ്ഞു വന്നത് വീണ്ടും ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന് എന്റെ ലീവ് ഒരാഴ്ച്ക കഴിഞ്ഞേ തുടങ്ങൂ. അതിനാല്‍ ആദ്യം കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിടുന്നു. എങ്കിലും നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണിപ്പോള്‍. സെപ്തംബര്‍ അഞ്ചിന് എല്ലാവരും കൂടി തിരികെ പോരും. അതിനിടയില്‍ എന്തൊക്കെ ചെയ്തു തീര്‍ക്കണം എന്ന് ഒരു പിടിപാടുമില്ല. ആകെ കിട്ടുന്നത് 20 ദിവസം ആണ്. ഏതായാലും മഴക്കാലം ഞങ്ങള്‍ക്ക് വേണ്ടി എന്ന പോലെ നീണ്ടു നില്‍ക്കുന്നു. അത് യാത്രകളെ ബാധിക്കുമോ എന്ന ആശങ്ക ഇല്ലാതെയില്ല. എങ്കിലും..കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഈ സീസണില്‍ ഒരു കേരള സന്ദര്‍ശനം.

കുട്ടികള്‍ നാടു കാണാന്‍ കാത്തിരിക്കുന്നു. മഴ വെള്ളത്തിലൂടെയും ചെളിയിലൂടെയും ഓടി നടന്ന് വളര്‍ന്ന കുട്ടിക്കാലം. അവര്‍ക്ക് നഷ്ടപ്പെടുന്ന ഒന്നാണത്. വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും സൈഡില്‍ കൂടി ഒഴുകി വരുന്ന വെള്ളത്തിലെ ചെറിയ കുഴികളിലും ഒരു കാല്‍ ഉയത്തി ചവിട്ടി തെറിച്ചുയരുന്ന വെള്ളത്തെ മറുകാലു കൊണ്ട് തൊഴിക്കുമ്പോള്‍ പടക്കം പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. സ്കൂളില്‍ നിന്ന് നടന്നു വരുമ്പോള്‍ ഒരു പ്രധാന ഹോബി ആയിരുന്നത്.

അതുപോലെ തീരെ കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഒരു ഹോബി എന്താണെന്ന് പറയാം. രാവിലെ എണീറ്റ് പേസ്റ്റുമെടുത്ത് പല്ലുതേയ്ക്കാന്‍ മുറ്റത്തിറങ്ങിയാല്‍ അവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പല്ലു തേച്ച് തുപ്പും. അപ്പോള്‍ അത് വെള്ളത്തിന്റെ മേലെ വീണ് മത്താപ്പൂ വിരിയുന്ന പോലെ വിരിയും. അതു നോക്കിയിരിക്കും. കുറച്ച് കഴിയുമ്പോള്‍ അത് കൂടിചേര്‍ന്ന് പല രൂപങ്ങള്‍ ഉണ്ടാകും. അതൊക്കെ പലതുമായി സങ്കല്പ്പിക്കും. ഇത് ആര്‍ക്കെങ്കിലും ഉണ്ടായിരുന്ന ഹോബി ആണോ എന്നൊന്നും എനിക്കറിയില്ല.

പറന്നുയരുന്ന പടുത ഉള്ള, (ഷട്ടറില്ലാത്ത) ബസില്‍ മിക്കവാറും പകുതി നനഞ്ഞായിരിക്കും യാത്രകള്‍. തണുപ്പാണെങ്കിലും അതും ഒരു രസം തന്നെ. ഒരു കുടയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്ന സുഖവും ഓര്‍മിക്കാന്‍ നല്ല രസം. വലത് സൈഡില്‍ നില്‍ക്കുന്നവന്റെ വലതു സൈഡും, ഇടത് സൈഡില്‍ നില്‍ക്കുന്നവന്റെ ഇടത് സൈഡും മുഴുവന്‍ നനയും. ആരെങ്കിലും കുടയില്ലാതെ നില്‍ക്കുന്നത് കണ്ടാല്‍ വിളിച്ചു കയറ്റുമായിരുന്നു അന്നൊക്കെ. അല്ലെങ്കില്‍ ചിലപ്പോള്‍ മഴ കുറയുന്നത് വളരെ വൈകി ആയിരിക്കുമല്ലോ. മറ്റുള്ള കുട്ടികളെ കുടയില്‍ കയറ്റാത്തവന്മാരും ഉണ്ടായിരുന്നു.

പിന്നെയുള്ള പ്രധാന ഓര്‍മ ആറ്റു വരമ്പത്തായിരുന്നു. മീന്‍പിടുത്തം. അതിനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഒരു വലയുമെടുത്ത് വീശാന്‍ പോകണം എന്ന് കരുതുന്നു. കുട്ടികള്‍ ഈ സംഗതി ഇതു വരെ കണ്ടിട്ടില്ല. അതൊന്നു കാണിച്ച് കൊടുക്കണം.

ഭാഗ്യത്തിന് ഒന്നു രണ്ട് കല്യാണങ്ങള്‍ ഉണ്ട്. അതൊന്നു കൂടണം. കുട്ടികളെ കല്യാണം കാണിക്കണം. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ചടങ്ങുകള്‍ നേരില്‍ കാണിക്കാന്‍ കിട്ടുന്ന ഒരവസരം.

കേരളത്തില്‍ കൂടി നടക്കുമ്പോള്‍ വഴിയില്‍ എങ്കിലും ഒരു ബ്ലോഗറെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണ് അവധിക്കാല ആഗ്രഹങ്ങള്‍. ബാക്കി ഒക്കെ അവിടെ വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയിരിക്കുന്നു.

വാല്‍ക്കഷണം
ഗള്‍ഫില്‍ ജീവിക്കുന്ന മലയാളി എന്ന് പറയാന്‍ തന്നെ നാണം തോന്നിക്കുന്ന ഒരു പരിപാടി ഇന്നലെയും ഏഷ്യാനെറ്റില്‍ കണ്ടു. എന്തോ ഒരു ക്വിസ്. ചോദ്യങ്ങള്‍ നല്ല "നിലവാരമുള്ളവ". (ഉദാ:പാമ്പിന് പല്ലിയോടാണോ, തവളയോടാണോ സാമ്യം?)

അവതാരക. സോഴി ക്വിസ് മിഷ്ട്രസ്, റണ്‍‌ജിനി ഹഴിദാസ്.. അതില്‍ മലയാളം അറിയാമെങ്കിലും (ഇംഗ്ലീഷ് ശരിക്ക് അറിയില്ലയെങ്കിലും) 'മളയാളം' പറയാത്ത ചില "നാടന്‍" മദാമ്മമാര്‍. ഇംഗ്ലീഷ് മാത്രം തുപ്പുന്ന കുറച്ച് കുട്ടികള്‍.ആ പരിപാടി കാണുന്ന മലയാളികളോട് ക്ഷമാപണത്തോടെ ഒരു കാര്യം പറയട്ടെ, ഗള്‍ഫില്‍ ഉള്ള കുട്ടികള്‍ എല്ലാം അങ്ങനെയാണെന്ന് വിചാരിക്കരുതേ, പ്ലീസ്.

കുട്ടികള്‍ ഒരിക്കലും "അതു പോലെ ആകരുതേ" എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് ഈ ചെറിയ സന്ദര്‍ശനങ്ങള്‍ നാടിനെ അറിയാന്‍ കുട്ടികളെ സഹായിക്കണേ എന്നാണ് ആശ.

Jun 2, 2008

എന്റെ സത്യാന്വേഷണ പരീക്ഷണം, വൈദ്യുതി - വെള്ളം

വൈദ്യുതി കടത്തി വിട്ടാല്‍ വെള്ളത്തിന് എന്തു സംഭവിക്കും? വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും. അത് പുസ്തകത്തില്‍. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ലേ പ്രമാണം .

ഇനി ഇതിന്റെ യഥാര്‍‍ത്ഥ ഉത്തരം കേള്‍ക്കൂ.. ലളിതം.

കുറച്ച് പുക വരും.
ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും.
വീട്ടിലെ ഫ്യൂസ് അടിച്ചു പോകും.
പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

ഇതൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നെല്ലേ? അതാണ് നമ്മുടെ ജിജ്ഞാസ എന്ന പ്രതിഭാസത്തിന്റെ ഒരു പരിണിത ഫലം. അറിയാനുള്ള ആഗ്രഹത്തെ ജിജ്ഞാസ എന്നു പറയുന്നു. മനുഷ്യ മനസ്സില്‍ അടിക്കടി ഉണ്ടാകുന്ന ഒരു പ്രക്രിയ ആണിത്. ഇതില്ലാത്ത മനസ്സിന് എന്തോ കുഴപ്പം ഉണ്ടെന്ന് കൂട്ടിക്കൊള്ളു.

പറഞ്ഞു വന്നത്, വെള്ളത്തിന് മഞ്ഞക്കളര്‍ ആകുന്ന കാര്യം. അഞ്ചില്‍ ആണോ ആറില്‍ ആണോ എന്നറിയില്ല, അന്നെപ്പോഴോ ടീച്ചര്‍ പഠിപ്പിച്ചു " വെള്ളത്തില്‍ കൂടി കരണ്ട് കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും" എന്ന്. പക്ഷേ സ്കൂളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ആ പരീക്ഷണം കാണിച്ചു തന്നില്ല. അത് ടീച്ചറിനു പറ്റിയ തെറ്റ്.

പക്ഷേ ആ മുകളില്‍ ‍പറഞ്ഞ സാധനം 'ജിജ്ഞാസ' നമ്മെ വിട്ടു പിരിയില്ലല്ലോ. അത് എന്നോട് തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു, ഇതൊന്നു പരീക്ഷിക്കണം .. പരീക്ഷിക്കണം എന്ന്. അങ്ങനെ ഒരു ദിവസം നമ്മള്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു.ആര്‍ക്കും ചെയ്തു നോക്കാവുന്ന പരീക്ഷണം ആണ്.

ഈ പരീക്ഷണം നടത്താന്‍ വേണ്ട സാധനങ്ങള്‍

1. ഒരു ഗ്ലാസ്സ്
2. അഞ്ച് ആറടി നീളത്തില്‍ രണ്ട് വയറ് കഷണം
3. ഒരു സോക്കറ്റ്.

ആദ്യമായി ഗ്ലാസ്സില്‍ വെള്ളം നിറച്ച് , അതിലേക്ക് കയ്യില്‍ ഇരിക്കുന്ന വയറിന്റെ ഒരറ്റം ഇറക്കി വയ്ജണം. രണ്ട് വയറുകള്‍ തമ്മില്‍ കൂട്ടി മുട്ടാതെ നോക്കണം. (കൂട്ടി മുട്ടിയാല്‍ പരീക്ഷണത്തിന് റിസല്‍റ്റ് കിട്ടാതെ വരും). അതു പോലെ വയറിന്റെ അറ്റത്ത് ഒരു സെന്റി മീറ്ററോളം ഇന്‍സുലേഷന്‍ മാറ്റിയിരിക്കണം. ഇനി രണ്ടാമത്തെ അറ്റം പ്ലഗ് സോകറ്റിലേക്ക് കടത്തി വയ്ക്കണം. ഇപ്പോള്‍ പരീക്ഷണം നടത്താന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ആയി നിര്‍ത്തി "കൗണ്ട് ഡൗണ്‍" ആരംഭിക്കാം. പ്രത്യേകം ശ്രദ്ധിക്കുക, ഗ്ലാസ് മാക്സിമം അകലത്തില്‍ വയ്ക്കണം. കൗണ്ട് ഡൗണ്‍ തീരുമ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യാം. അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രതിഭാസങ്ങള്‍ സംഭവിക്കും.

കുറച്ച് പുക വരും - അത് ഗ്ലാസ്സിന്റെ മുകള്‍ ഭാഗത്ത് കാണപ്പെടും. (ഗ്ഗ്ലാസ്സ് പൊട്ടിയിട്ടില്ലെങ്കില്‍ മാത്രം)

ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും. (അത് എവിടെ നിന്നാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അറിയുന്നവര്‍ പറഞ്ഞു തരണം. )

വീട്ടിലെ ഫ്യൂസ് അടിച്ചു പോകും - അന്നൊക്കെ ഫ്യൂസ് മാത്രമേ പോയിരുന്നുള്ളൂ, ഇന്ന് ELCB, MCB തുടങ്ങി എല്ലാ ഇന്തപ്പനാടിയും പോകുമായിരിക്കും.

പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.

വെള്ളം എങ്ങനെ മഞ്ഞക്കളര്‍ ആയി? ഓക്സിജന്റെ കളര്‍ ആണോ, അതോ ഹൈഡ്രജന്റെയോ? അതെന്നെ അന്ന് തൊട്ട് അലട്ടുന്ന ഒരു കാര്യമാണ്. (ഇതും അറിയുന്നവര്‍ പറഞ്ഞു തരണം. )

ഓര്‍മ്മപ്പെടുത്തല്‍‍
ഈ പരീക്ഷണം നടത്തുമ്പോള്‍ അച്ചന്‍, അമ്മ എന്നിവര്‍ വീട്ടില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വീണ്ടും ചില ഒച്ചകള്‍ കൂടി കേള്‍ക്കുന്നതായിരിക്കും. അത് കേള്‍ക്കാന്‍ ചിലപ്പോള്‍ കൂടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന അനിയനോ അനിയത്തിയോ കാണില്ല. നമ്മള്‍ തനിയെ കേള്‍ക്കണം.

May 22, 2008

ഒരു മീന്‍പിടുത്തം - പറക്കും മീന്‍

'സ്വ'കാര്യങ്ങള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്നിട്ട പോസ്റ്റ് ഒരു മീന്‍പിടുത്തം - പറക്കും മീന്‍ .

ആഗ്രിഗേറ്ററില്‍ ഒന്നും കണ്ടില്ല,,, അതിനാല്‍ ഇവിടെ ഒരു ലിങ്ക് കൊടുക്കുന്നു.

ഇത് കണ്ടില്ല എങ്കില്‍ ഏറ്റവും നല്ല മീന്‍പിടുത്തം നിങ്ങള്‍ കണ്ടിട്ടില്ല.
ഒരു മീന്‍പിടുത്തം - പറക്കും മീന്‍

Apr 26, 2008

കുട്ടിയുടെ ജനനവും അച്ഛന്റെ സാനിദ്ധ്യവും.

കഴിഞ്ഞ ദിവസം എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഫൈസിയുടെ മകള്‍ പ്രസവിച്ചു എന്ന് പറഞ്ഞു. അപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് എന്റെ ഭാര്യ അബു ദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ അച്ചുവിനെ പ്രസവിച്ച ദിവസത്തെ പറ്റി വീണ്ടും ഓര്‍ത്തത് . ഗള്‍ഫില്‍ വന്നതു കൊണ്ട് മാത്രം ഓര്‍ത്തിരിക്കാന്‍ കിട്ടിയ ഒരു ദിവസം. (എന്ന് കരുതി മറ്റു ദിവസങ്ങള്‍ ഓര്‍മിക്കാനുള്ളതല്ല എന്ന അര്‍ത്ഥം ഇല്ല) .

ഒരു സ്ത്രീയുടെ പ്രസവ വേദനയും ഒരു കുട്ടിയുടെ ജനനവും എല്ലാം നേരില്‍ കണ്ടത് അന്നാണ്. ആര് എന്തൊക്കെ പറഞ്ഞാലും ഒരു കുട്ടിയുടെ മേല്‍ അമ്മക്ക് കൂടുതല്‍ അവകാശം ഉണ്ട് എന്ന് മനസ്നിലാക്കിയ ദിവസം. അല്ലെങ്കില്‍ അമ്മയുടെ വില അത് എന്തിലും വലുതാണ് എന്ന് മനസ്സിലാക്കിയ ദിവസം. (എല്ലാ അമ്മമാരുടെ സ്വഭാവം വച്ചല്ല "വില" എന്ന് പറയുന്നത്. ഓരോ അമ്മയെ പറ്റിയും വിലയിരുത്തി സ്വന്തമായി വിലയിട്ടാല്‍ മതി. ഞാന്‍ മാതൃത്വത്തെ പറ്റിയാണ് പറഞ്ഞത് .)

ഒരു ജനനത്തിനായി ഒരോ അമ്മയും അനുഭവിക്കുന്ന വേദന അത് നേരില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പുരുഷനും സ്ത്രീയുടെ വില കുറച്ച് കാണില്ല എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ അധികാരികള്‍ ആണ് , പ്രസവസമയത്ത് ഭര്‍ത്താവ് കൂടെ കാണണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ഭാര്യക്കും ഭര്‍ത്താവിന്റെ സാനിദ്ധ്യം എത്ര ഗുണകരമാണെന്ന് എന്റെ ഭാര്യയുടെ വാക്കുകളില്‍ നിന്ന് തന്നെ എനിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. (ഭാര്യയുടെ ആദ്യ പ്രസവം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. ആ സമയം ഞാന്‍ ദുബായിലും.). അതു പോലെ അര്‍ദ്ധബോധത്തോടെ കിടക്കുന്ന ഭാര്യയില്‍ നിന്നും അടര്‍ന്നു വരുന്ന ആ പുതു ജീവന്‍, അത് നേരില്‍ കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം, അത് വെറും വാക്കുകളില്‍ എങ്ങനെ പറയും? ലേബര്‍ റൂമിന്റെ വാതിലില്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്നവരെ ധാരാളം കണ്ടിട്ടുള്ള എനിക്ക്, ജനിച്ച കുഞ്ഞിനെ ആ നിമിഷം തന്നെ കാണാന്‍ ആയി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

ഇന്ന് പല രാജ്യത്തും ഇത് നിര്‍ബന്ധമാണ് എന്നറിയുന്നു. പക്ഷേ എന്തു കൊണ്ടോ നമ്മുടെ രാജ്യത്ത് മുന്തിയ ആശുപത്രികളില്‍ പോലും ലേബര്‍ റൂമില്‍ ഭര്‍ത്താക്കന്മാരെ പ്രവേശിപ്പിക്കാറില്ല. അത് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. നമ്മള്‍ പല കാര്യങ്ങളിലും പുരോഗമിച്ചു എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും പഴയത് തന്നെ പിന്തുടരുന്നു എന്ന് തോന്നുന്നു. (അഖിലേന്ത്യാ ഭര്‍ത്താക്കന്മാരേ സംഘടിക്കുവിന്‍..).

ഒരു കാര്യവും കൂടി. വൈകുന്നേരം 3.25-ന് പ്രസവിച്ച എന്റെ ഭാര്യയെ 4.30 മണിയോടെ വാര്‍ഡിലേക്ക് മാറ്റി. 6.30-7.00 മണിക്ക് അന്നത്തെ വൈകിട്ടത്തെ ഭക്ഷണം കൊണ്ടു വന്നു കൊടുത്തു. അതു കണ്ട് പ്രിയയുടെ അമ്മ ഒന്നു ഞെട്ടിക്കാണും. ചോറ്, മട്ടന്‍ കറി, ഒരു തോരന്‍, പിന്നെ ഒരു മുട്ട. നമ്മുടെ നാട്ടില്‍ പറഞ്ഞാല്‍ എത്ര അമ്മമാര്‍ വിശ്വസിക്കും, അല്ലെങ്കില്‍ ഇങ്ങനെയുള്ള ഭക്ഷണം കൊടുക്കാന്‍ സമ്മതിക്കും?

വാല്‍‍ക്കഷണം.

ഭാര്യയുടെ പ്രസവ വേദന കണ്ട് നില്‍ക്കാന്‍ കഴിയാതെ ലേബര്‍ റൂമില്‍ നിന്ന് ഇറങ്ങി ഓടിയ ഭര്‍ത്താവിനേയും എനിക്കറിയാം. (ഇവിടെ അബു ദാബിയില്‍ തന്നെ).

ഈ വിഷയത്തില്‍ ഒരു പോസ്റ്റ് നേരത്തെ എവിടെയോ കണ്ടതായി ഒരോര്‍മ്മ. ശരിയാണൊ എന്നറിയില്ല.

Apr 13, 2008

വിഷുവും എന്റെ ജീവിതവും

മറ്റൊരു വിഷു കൂടി...

വിഷു എല്ലാവര്‍ക്കും നല്ല ഓര്‍മകളൂടേതാണ് എന്ന് വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. എല്ലാവര്‍ക്കും അങ്ങനെ ആവില്ല എന്ന് നല്ലവണ്ണം അറിയാം .. എങ്കിലും ..


പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997-ലെ വിഷു. 93-ല്‍ നാട്ടകം പോളിടെക്‌നികില്‍ നിന്നും സിവില്‍ പാസായി ഒരു പ്രൈവറ്റ് പ്രോപര്‍ട്ടി ഡവലപ്മെന്റ് കമ്പനിയുടെ ഫ്ലാറ്റ് പണിയിക്കുന്ന സൈറ്റുകളില്‍ കോണ്ട്രാക്റ്റര്‍മാരെ സൂപ്പര്‍‌വൈസ് ചെയ്ത് നടക്കുന്ന കാലം. അന്നു രാവിലെ അമ്മ ഉണ്ടാക്കിയ കുമ്പിള്‍* അപ്പവുമായി എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു. ഒരിക്കലും ഞാന്‍ പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വഴിത്തിരിവ്.

ആ വിഷുവിന്റെ രണ്ടാം ദിവസം എനിക്ക് തിരുവനന്തപുരത്ത് ഒരു PSC Test. അതായത് പിറ്റേ ദിവസം എനിക്ക് തിരുവനന്തപുരത്ത് എത്തണം. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്ന് പത്തു മണിക്ക് ഇറങ്ങി, കോട്ടയെത്തെത്തി ഒരു നൂണ്‍ഷോ ഒക്കെ കണ്ട് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് ചേച്ചിയുടെ വീട്ടിലേക്ക് യാത്രയാകേണ്ട ഞാന്‍ , എല്ലാ പരിപാടികളും മാറ്റിവച്ച് അതിരാവിലെ എഴുനേറ്റ് ഏഴു മണിക്കുള്ള വഞ്ചിനാട് പിടിക്കാന്‍ തീരുമാനിച്ചത് ആ വിഷു നാളിലാണ്. കാരണം എന്റെ ആ കൂട്ടുകാരി അന്ന് നെയ്യാറ്റിന്‍‌കരയില്‍ അപ്രന്റീസ്‌ഷിപ്പ് ചെയ്യുന്ന കാലം. അവള്‍ രാവിലെ വഞ്ചിനാടിന് തിരുവനന്തപുരത്തിന് പോകുന്നു. അപ്പോള്‍ പിന്നെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് കരുതിയതില്‍ എന്താ തെറ്റ് ?

കൂട്ടുകാരി എന്ന് പറഞ്ഞു പോയാല്‍ ശരിയാകില്ല... എനിക്കെങ്ങനെ അവള്‍ കൂട്ടുകാരി ആകും എന്ന് ചോദിച്ചാല്‍ ?? അതായത് എന്റെ അളിയന്റെ ബന്ധുവായ ഒരു പെണ്‍കുട്ടി പോളിടെക്‌നികില്‍ അഡ്മിഷന്‍ കിട്ടി എന്റെ ജൂനിയര്‍ ആയി പഠിക്കാന്‍ വന്നപ്പോള്‍, പഠന സഹായങ്ങളായി പുസ്തകം, നോട്ടുകള്‍ ഒക്കെ കൈമാറി ഉണ്ടായ സൗഹൃദം. അളിയന്റെ ബന്ധുത്വം ഉള്ളതിനാല്‍ വീട്ടിലും വരുമായിരുന്ന ഒരു പെണ്‍കുട്ടി. അതായിരുന്നു അന്ന് പ്രിയ.

ഏതായാലും ആ തിരുവനന്തപുരം യാത്ര ഞങ്ങളുടെ ജീവിതയാത്രയുടെ തുടക്കമായി. രണ്ട് പേരും മനസ്സില്‍ കൊണ്ടു നടന്നിരുന്ന സ്നേഹം തുറന്ന് പറയാന്‍ നാലു മണിക്കൂര്‍ നീളുന്ന ആ യാത്ര ധാരാളമായിരുന്നു .

അന്നു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. സമാന്തര രേഖകള്‍ക്ക് മേലേ ഒരു ബോഗിയില്‍ എന്ന പോലെ ജീവിതം കുതിച്ചും കിതച്ചും മുംമ്പോട്ടു തന്നെ . യാത്രക്കിടയില്‍ രണ്ട് കുഞ്ഞതിഥികള്‍ വന്നു. കൂട്ടിന് ബന്ധുക്കളും പിന്നെ എണ്ണമില്ലാത്ത സൗഹൃദങ്ങളും. അഴികള്‍ ഇട്ട ജനലില്‍ കൂടി നോക്കുമ്പോള്‍ പല മുഖങ്ങളും കാണുന്നു. അതൊന്നും കാലപ്രവാഹത്തില്‍ നിലനില്‍ക്കാതെ കടന്നു പോകുന്നു. പിന്നെ ഓര്‍മകള്‍ മാത്രം. നിലനില്‍ക്കുന്നത് എല്ലാം എന്റെ കൂടെ ഈ ബൊഗിക്കുള്ളില്‍ ഉണ്ട് എന്ന സത്യം എനിക്കറിയാം . അവസാനം പാളങ്ങള്‍ക്ക് കുറച്ച് മുകളില്‍ കുറുകെ വച്ച മരത്തടി പോലെ മരണം വന്ന് നില്‍ക്കുന്ന കാലത്തോളം ഈ യാത്ര തുടരും. അതു വരേയും എന്റെ കൂടെ ആ കൂട്ടുകാരിയും കാണും , ഒരു വിഷുക്കണി പോലെ ... എനിക്ക് കിട്ടിയ കൈനീട്ടം പോലെ ....


എല്ലാവര്‍ക്കും വിഷു ആശംസകള്‍ ....

എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും മനസമാധാനത്തിന്റെയും ഒരു വര്‍ഷം ആശംസിക്കുന്നു .

******* ******* ******* ******* ******* ******* ******* ******* *******
* കുമ്പിള്‍ : അരിപ്പൊടിയും ശര്‍ക്കര പാവും കൂട്ടി കുഴച്ച് ചക്ക പഴവും ഇട്ട് (ചക്ക വിളയിച്ചതും ഇടാറുണ്ട്) 'വഴന'യില കോട്ടി കുമ്പിള്‍ ഉണ്ടാക്കി അതിനകത്ത് ഈ മാവ് കുഴച്ചത് വച്ച് ഇഡ്ഡലി തട്ടില്‍ വച്ച് പുഴുങ്ങി ഉണ്ടാക്കുന്ന ഒരു അപ്പം .

Mar 16, 2008

കേരളം എന്റെ നാട് - ഭ്രാന്താലയം ആണെങ്കില്‍ പോലും

ദേവസേനയുടെ "കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ" പോസ്റ്റിലെ നീണ്ട കമന്റ് ആണിത്...

************* *************** ************* ************
കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ. എല്ലാം ശരിയായി നടന്നാല്‍ ഒരു പത്ത് വര്‍ഷം കൂടി ദേവസേനയുടെ തന്നെ അബു ദാബിയില്‍ നിന്നിട്ട് നാട്ടില്‍ ചെന്ന് ബാക്കി ജീവിതം കഴിച്ചു കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യു.എ. ഇ. -യില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളം ആയി.

ഈ പൊസ്റ്റും അതിലെ ചില കമന്റുകളും കണ്ടിട്ട് പലരും കാണുന്ന ഗള്‍‍ഫിനൊക്കെ ഒരു മുഖമേ ഉള്ളു എന്നു തോന്നി. അത് ഇത്തിരി സമ്പന്നതയുടെ മുഖം ആണ് എന്നു പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. അതില്ലാത്ത ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു സ്ഥലം ഗള്‍ഫ് ആണെന്ന് ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കാനാവമോ? ദിവസം ഇരുപത് ദിര്‍ഹം (ഏകദേശം ഇരുനൂറ്റി പതിനഞ്ച് രൂപ) കൂലിക്ക് കൊടും ചൂടില്‍ ആളുകളെ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന മറ്റേത് സ്ഥലം ദേവസേനക്കോ അനുകൂലിച്ച് കമന്റ് ചെയ്തവര്‍ക്കോ കാണിച്ച് തരാനാവും? (ദരിദ്ര രാജ്യങ്ങളെ മാറ്റി നിര്‍ത്തുന്നു). കേരളത്തില്‍ ഇന്നത് ഇരുനൂറ്റന്‍പത് രൂപക്ക് മേലെ ആണെന്ന് ഓര്‍ക്കണം. (പക്ഷേ നാട്ടില്‍ നിന്നാല്‍ അതില്‍ നിന്നും ഒന്നും ബാക്കി കാണില്ലാത്തതിനാല്‍ പാവങ്ങള്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നു എന്ന് മാത്രം).

പിന്നെ നാട്ടിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകള്‍.. അതില്‍ അഴിമതിക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ കാലാവസ്ഥയും അതില്‍ ഒരു ഘടകം തന്നെയാണ്.രണ്ട് ദിവസം മഴ പെയ്താല്‍ തകരുന്നതല്ലേ ഇവിടുത്തെ റോഡ് സം‌വിധാനം? അപ്പോള്‍ വര്‍ഷത്തില്‍ 160 ദിവസത്തില്‍ കൂടുതല്‍ മഴ പെയ്താല്‍ എന്തായിരിക്കും സ്ഥിതി?

സുരക്ഷിതത്വത്തിന്റെ കാര്യം.. ലോകത്ത് ഏത് നാട്ടിലാണ് നിങ്ങള്‍ സുരക്ഷിതര്‍ എന്ന് കരുതുന്നത്? ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. രണ്ട് മൂന്നു വര്‍ഷം മുമ്പ് ദുബായിലും ഷാര്‍ജയിലും ഒക്കെ കുട്ടികളെ തനിയെ പുറത്ത് വിടാന്‍ ആളുകള്‍ ഭയന്നിരുന്ന ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. അതു പോലെ കുവൈറ്റില്‍ ഒരു കൊലപാതകിയെ ഭയന്ന് കുട്ടികളെ വെളിയില്‍ വിടാതിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ആണ്‍കുട്ടികളെ തട്ടി കൊണ്ടുപോയി മരുഭൂമിയില്‍ ഇട്ട് ലൈഗിക പീഡ്ഡനം നടത്തുന്ന കഥകള്‍ ദേവസേന എന്തേ ഗള്‍‍ഫ് ന്യൂസിലും ഖലീജ് റ്റൈംസിലും വായിക്കുന്നില്ല? പിന്നെ പുറത്ത് വരാത്ത എത്ര പീഡ്ഡന കഥകള്‍? 'ലോക്കല്‍സ് ' എല്ലാം മാന്യന്മാര്‍ എന്ന് കരുതുന്നവരെ ഓര്‍ത്ത് ദു:ഖം തോന്നുന്നു. സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്ത്യാക്കാരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം.

പിന്നെ ഹംദാന്‍ സ്ത്രീറ്റിലെ ബാസ്കിന്‍ റോബിന്‍സ് കടയുടെ മുമ്പില്‍ കൂടി രാത്രി പത്ത് മണി കഴിഞ്ഞ് നടക്കുന്ന ചൈനാക്കാരികളെ ആരും എന്തേ കാണാതിരുന്നത് ? ഡാന്‍സ് ബാറുകളുടെ മുമ്പില്‍ പെണ്ണുങ്ങള്‍ക്ക് വില പേശുന്ന, വെള്ളമടിച്ച് വഴിയില്‍ വന്ന് 'വാളു വെക്കുന്ന' ലോക്കല്‍ അറബികളെ ആരും കണ്ടില്ലേ? (അങ്ങനെ ലോക്കല്‍സ് ചെയ്യില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ഒരു ദിവസം എന്റെ കൂടെ വരൂ, ഞാന്‍ കാട്ടിത്തരാം. ..)


തീര്‍ച്ചയായും സാമ്പത്തിക ലാഭം തന്നെയാണ് ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. അതല്ലാതെ ദീര്‍ഘകാലം ഇവിടെ നിന്നാല്‍ പൗരത്വം കിട്ടും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടല്ല. തന്നാല്‍ പോലും അത് വാങ്ങി ജീവിക്കാന്‍ ഞാനില്ല. ഇത് പറയാന്‍ ഒത്തിരി ഒന്നും ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഇന്ത്യാക്കാരന് , അതും ഒരു ഹിന്ദു മത വിശ്വാസിക്ക് എത്ര മാത്രം വില ഗള്‍ഫിലുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.

ഒരു നാള്‍ ഇന്ത്യാക്കാരെല്ലാം തിരികെ പോകണം എന്ന് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന ഒരു രാജ്യത്തിരുന്നാണ് നമ്മള്‍ ഇത് പറയുന്നത് എന്നോര്‍ക്കണം. തിരുവായ്ക്ക് എതിര്‍‌വായ് ഇല്ലാത്ത രാജ്യങ്ങള്‍.

ഒരു സുഡാനിക്കോ ഒരു മിസറിക്കോ ഒരു പാലസ്തീനിക്കോ ഒരു ലബനോനിക്കോ കിട്ടുന്ന വില നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഒരു മുസ്ലിമിനു കിട്ടുന്ന വില മറ്റു മതങ്ങള്‍ക്ക് ഇവിടെ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക. ദേവസേനാ, പേരിനെങ്കിലും ഒരമ്പലം അബുദാബിയില്‍ കാട്ടിത്തരാമോ? കേരളത്തില്‍ (ഇന്ത്യയില്‍ ആകെ) എല്ലാ മതവിശ്വാസികള്‍ക്കും കിട്ടുന്ന സ്വാതന്ത്ര്യം ഇവിടെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടമോ? ഇതിനെതിരായി ചിലര്‍ വാദമുഖങ്ങള്‍ കൊണ്ടുവന്നേക്കാം. (ദുബായില്‍ അമ്പലം ഇല്ലേ എന്ന് ചോദിച്ചേക്കാം .. ഉത്തരം, ദുബായ് എന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ സിന്ധികള്‍ എന്ന വിഭാഗത്തിന്റെ ആവശ്യം എത്ര മാത്രം ആയിരുന്നു എന്ന് ദുബായ് ഭരണാധികാരികള്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു .) . ബഹറിനില്‍ ഒരു പള്ളി പണിയാന്‍ പെടുന്ന പാട് കഴിഞ്ഞ വര്‍ഷം കണ്ടതല്ലേ (അതോ കുവൈറ്റിലോ? ). പലയിടത്തും പൊട്ടിത്തെറികള്‍ ഉണ്ടെങ്കിലും (100 കോടിയില്‍ അധികം ജനസംഖ്യ ഉള്ള നാടാണ് എന്നോര്‍ക്കണം) ഇന്ത്യയിലെ മതേതരത്വം മാത്രം മതിയല്ലോ നമ്മുടെ നാടിനെ സ്നേഹിക്കാന്‍.

മനുഷ്യന്‍ ഒരു സമൂഹ ജീവി ആണെന്നാണ് പൊതുവെയുള്ള ധാരണ. ആ സമൂഹത്തില്‍ നന്മയും തിന്മയും കാണും. അതിലെ വിഷമുള്ള മനുഷ്യരെ മാത്രം എന്തേ നിങ്ങള്‍ കാണുന്നു? അവരില്‍ തന്നെ നിങ്ങളുടെ സഹോദരങ്ങളും കാണും എന്ന് വിചാരിച്ചിട്ടുണ്ടോ? കേരളം ഒരു സ്വര്‍ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റ് സ്വര്‍ഗങ്ങളേക്കാലും ഒട്ടും മോശമല്ല എന്റെ കേരളം, അല്ല നമ്മുടെ കേരളം. അത് മനസ്സിലാക്കുക. അത്ര മാത്രം.

Mar 11, 2008

ദുബായ് - അബു ദാബി റോഡില്‍ അപകടങ്ങളുടെ പരമ്പര

ഇന്നു രാവിലെ യു. എ. ഇ.-യില്‍ കനത്ത മഞ്ഞ് ആയിരുന്നു. മൂടല്‍മഞ്ഞ് മൂലം ദുബായ് - അബു ദാബി റോഡില്‍ അപകടങ്ങളുടെ പരമ്പര. ദൃക്‌സാക്ഷികളുടെ ഫോണില്‍ നിന്നു കിട്ടിയ വിവരം അനുസരിച്ച് ഏകദേശം 150-200 വണ്ടികള്‍ എങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ട് എന്ന് അറിയുന്നു. അതില്‍ ഇരുപത്തഞ്ചോളം വണ്ടികള്‍ കത്തി നശിച്ചിട്ടുണ്ട് എന്ന് അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല.

Photos and news from GULFNEWS

Horrific accident on Abu Dhabi-Dubai highway near Ghantoot
Staff Report
Published: March 11, 2008, 10:35

Ghantoot: An horrific accident involving 31 cars has blocked the Abu Dhabi to Dubai highway near Ghantoot.




Police have confirmed that there are fatalities and several injuries but have yet to say how many people were killed in the accident which happened on Tuesday morning.

Witnesses have said that three or four cars were on fire after the accident.

Jan 31, 2008

യു.എ.യില്‍ കാറ്റടിക്കും, തിരയിളകും

ഇന്നത്തെ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്നു വൈകുന്നേരം മുതല്‍ യു.എ.ഇ-യില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ പരിണിത ഫലമായി തണുപ്പു കൂടും എന്നും അറിയുന്നു.
കടലില്‍ 8-10അടി ഉയരത്തില്‍ തിര അടിക്കും എന്ന് പറയുന്നു. അതു പോലെ രണ്ട് ദിവസത്തില്‍ കൂടുതല്‍ പൊടിക്കാറ്റ് അടിക്കും എന്ന് അറിയുന്നു. ..

കൂടുതല്‍ വിവരങ്ങള്‍ ഈ പേപ്പറില്‍ നോക്കൂ..

GULFNEWS

KHALEEJ TIMES

Jan 15, 2008

ദുബായ് , ഷാര്‍ജ, അജ്‌മാന്‍ ...വെള്ളത്തില്‍...

യു എ ഇ-യില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം.(2 വര്‍ഷം മുമ്പ് നല്ല മഴ കിട്ടിയിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് വെള്ളപ്പൊക്കം ഇല്ലായിരുന്നു എന്നാണോര്‍മ.) നിര്ത്താതെ പെയ്യുന്ന മഴയില്‍ ദുബായ്, ഷാര്‍ജ, അജ്‌മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകെ വെള്ളമായി എന്നാണ് അറിയുന്നത്. ഷാര്‍ജയില്‍ തമസിക്കുന്ന ദുബായ് ജോലിക്കാര്‍ വീട്ടില്‍ എത്താന്‍ കഴിയാതെ വിഷമിക്കുന്നു. അവിടെയുള്ള ബ്ലോഗേഴ്സ് കൂടുതല്‍ വിവരങ്ങളും ഫോട്ടോകളുമായി വരും എന്നു കരുതുന്നു.

ഇവിടെ അബു ദാബിയിലും മഴ തന്നെയാണ് .പക്ഷേ വെള്ളപ്പോക്കം ഇല്ല എന്ന് മാത്രം. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ ഒക്കെ അവധി കൊടുത്തു. ഇതാണ് ഇന്നത്തെ യു.എ.ഇ വിശേഷം.


ഈ ഫോട്ടോ ഞാന്‍ എടുത്തത്... ബാക്കിയൊക്കെ നല്ല ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത്


See this for Details... GULF NEWS PHOTOS


Photo Courtesy : GULFNEWS DAILY

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍