Apr 26, 2008

കുട്ടിയുടെ ജനനവും അച്ഛന്റെ സാനിദ്ധ്യവും.

കഴിഞ്ഞ ദിവസം എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഫൈസിയുടെ മകള്‍ പ്രസവിച്ചു എന്ന് പറഞ്ഞു. അപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് എന്റെ ഭാര്യ അബു ദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ അച്ചുവിനെ പ്രസവിച്ച ദിവസത്തെ പറ്റി വീണ്ടും ഓര്‍ത്തത് . ഗള്‍ഫില്‍ വന്നതു കൊണ്ട് മാത്രം ഓര്‍ത്തിരിക്കാന്‍ കിട്ടിയ ഒരു ദിവസം. (എന്ന് കരുതി മറ്റു ദിവസങ്ങള്‍ ഓര്‍മിക്കാനുള്ളതല്ല എന്ന അര്‍ത്ഥം ഇല്ല) .

ഒരു സ്ത്രീയുടെ പ്രസവ വേദനയും ഒരു കുട്ടിയുടെ ജനനവും എല്ലാം നേരില്‍ കണ്ടത് അന്നാണ്. ആര് എന്തൊക്കെ പറഞ്ഞാലും ഒരു കുട്ടിയുടെ മേല്‍ അമ്മക്ക് കൂടുതല്‍ അവകാശം ഉണ്ട് എന്ന് മനസ്നിലാക്കിയ ദിവസം. അല്ലെങ്കില്‍ അമ്മയുടെ വില അത് എന്തിലും വലുതാണ് എന്ന് മനസ്സിലാക്കിയ ദിവസം. (എല്ലാ അമ്മമാരുടെ സ്വഭാവം വച്ചല്ല "വില" എന്ന് പറയുന്നത്. ഓരോ അമ്മയെ പറ്റിയും വിലയിരുത്തി സ്വന്തമായി വിലയിട്ടാല്‍ മതി. ഞാന്‍ മാതൃത്വത്തെ പറ്റിയാണ് പറഞ്ഞത് .)

ഒരു ജനനത്തിനായി ഒരോ അമ്മയും അനുഭവിക്കുന്ന വേദന അത് നേരില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പുരുഷനും സ്ത്രീയുടെ വില കുറച്ച് കാണില്ല എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ അധികാരികള്‍ ആണ് , പ്രസവസമയത്ത് ഭര്‍ത്താവ് കൂടെ കാണണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ഭാര്യക്കും ഭര്‍ത്താവിന്റെ സാനിദ്ധ്യം എത്ര ഗുണകരമാണെന്ന് എന്റെ ഭാര്യയുടെ വാക്കുകളില്‍ നിന്ന് തന്നെ എനിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. (ഭാര്യയുടെ ആദ്യ പ്രസവം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. ആ സമയം ഞാന്‍ ദുബായിലും.). അതു പോലെ അര്‍ദ്ധബോധത്തോടെ കിടക്കുന്ന ഭാര്യയില്‍ നിന്നും അടര്‍ന്നു വരുന്ന ആ പുതു ജീവന്‍, അത് നേരില്‍ കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം, അത് വെറും വാക്കുകളില്‍ എങ്ങനെ പറയും? ലേബര്‍ റൂമിന്റെ വാതിലില്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്നവരെ ധാരാളം കണ്ടിട്ടുള്ള എനിക്ക്, ജനിച്ച കുഞ്ഞിനെ ആ നിമിഷം തന്നെ കാണാന്‍ ആയി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

ഇന്ന് പല രാജ്യത്തും ഇത് നിര്‍ബന്ധമാണ് എന്നറിയുന്നു. പക്ഷേ എന്തു കൊണ്ടോ നമ്മുടെ രാജ്യത്ത് മുന്തിയ ആശുപത്രികളില്‍ പോലും ലേബര്‍ റൂമില്‍ ഭര്‍ത്താക്കന്മാരെ പ്രവേശിപ്പിക്കാറില്ല. അത് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. നമ്മള്‍ പല കാര്യങ്ങളിലും പുരോഗമിച്ചു എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും പഴയത് തന്നെ പിന്തുടരുന്നു എന്ന് തോന്നുന്നു. (അഖിലേന്ത്യാ ഭര്‍ത്താക്കന്മാരേ സംഘടിക്കുവിന്‍..).

ഒരു കാര്യവും കൂടി. വൈകുന്നേരം 3.25-ന് പ്രസവിച്ച എന്റെ ഭാര്യയെ 4.30 മണിയോടെ വാര്‍ഡിലേക്ക് മാറ്റി. 6.30-7.00 മണിക്ക് അന്നത്തെ വൈകിട്ടത്തെ ഭക്ഷണം കൊണ്ടു വന്നു കൊടുത്തു. അതു കണ്ട് പ്രിയയുടെ അമ്മ ഒന്നു ഞെട്ടിക്കാണും. ചോറ്, മട്ടന്‍ കറി, ഒരു തോരന്‍, പിന്നെ ഒരു മുട്ട. നമ്മുടെ നാട്ടില്‍ പറഞ്ഞാല്‍ എത്ര അമ്മമാര്‍ വിശ്വസിക്കും, അല്ലെങ്കില്‍ ഇങ്ങനെയുള്ള ഭക്ഷണം കൊടുക്കാന്‍ സമ്മതിക്കും?

വാല്‍‍ക്കഷണം.

ഭാര്യയുടെ പ്രസവ വേദന കണ്ട് നില്‍ക്കാന്‍ കഴിയാതെ ലേബര്‍ റൂമില്‍ നിന്ന് ഇറങ്ങി ഓടിയ ഭര്‍ത്താവിനേയും എനിക്കറിയാം. (ഇവിടെ അബു ദാബിയില്‍ തന്നെ).

ഈ വിഷയത്തില്‍ ഒരു പോസ്റ്റ് നേരത്തെ എവിടെയോ കണ്ടതായി ഒരോര്‍മ്മ. ശരിയാണൊ എന്നറിയില്ല.

11 comments:

അനില്‍ശ്രീ... said...

ഒരു സ്ത്രീയുടെ പ്രസവ വേദനയും ഒരു കുട്ടിയുടെ ജനനവും എല്ലാം നേരില്‍ കണ്ടത് അന്നാണ്. ആര് എന്തൊക്കെ പറഞ്ഞാലും ഒരു കുട്ടിയുടെ മേല്‍ അമ്മക്ക് കൂടുതല്‍ അവകാശം ഉണ്ട് എന്ന് മനസ്നിലാക്കിയ ദിവസം. അല്ലെങ്കില്‍ അമ്മയുടെ വില അത് എന്തിലും വലുതാണ് എന്ന് മനസ്സിലാക്കിയ ദിവസം. (എല്ലാ അമ്മമാരുടെ സ്വഭാവം വച്ചല്ല "വില" എന്ന് പറയുന്നത്. ഓരോ അമ്മയെ പറ്റിയും വിലയിരുത്തി സ്വന്തമായി വിലയിട്ടാല്‍ മതി. ഞാന്‍ മാതൃത്വത്തെ പറ്റിയാണ് പറഞ്ഞത് .)

മറ്റൊരാള്‍\GG said...

മാഷേ.. ഇതൊക്കെ പറഞ്ഞ് പേടിപ്പിക്കാതെ.
താമസിയാതെ അനിഭവിക്കാന്‍ പോകുന്നതേയുള്ളൂ.

:)

മൂര്‍ത്തി said...

അരവിന്ദിന്റെ ഈ പോസ്റ്റ് ആയിരിക്കും അനില്‍‌ശ്രീ ഉദ്ദേശിക്കുന്നത്.

തറവാടി said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഭാര്യയുടെ പ്രസവ സമയത്ത് ഭര്‍ത്താവു കിടക്കകരുകില്‍ ഉണ്ടാകുന്നത് ഏതൊരു സ്ത്രിക്കും
വലിയ ആശ്വാസമാണ്.മറ്റു രാജ്യങ്ങളില്‍ ഇത്തരം
സാഹചര്യങ്ങളില്‍ ഭര്‍ത്താവിനു ലേബര്‍ റൂമില്‍ പ്രവേശിക്കാം .എന്നാല്‍ നമ്മുടെ രാജ്യത്ത് ആ നിയമം ഇന്നും നടപ്പാക്കാത്തതാണു കഷടം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നാട്ടുക്കാരാ
ഞാന്‍ എന്റെ പ്രണയക്ഥക്കളുടെ ലോകത്തെക്ക്
അങ്ങയെ ക്ഷണിക്കുന്നു
പിന്നെ അങ്ങേക്ക്
ഒരു കോട്ടയം ബ്ലോഗ് ഉണ്ടാക്കി കൂടെ
നാട്ടുക്കാര്‍ എത്ര പേര്‍ ഉണ്ടെന്നെങ്കിലും അറിയാമല്ലോ
ദേ വന്നാലും
http:ettumanoorappan.blogspot.com

അനില്‍ശ്രീ... said...

ഒരു മകന്‍ ജനിച്ച നിമിഷത്തെ പറ്റി ഓര്‍ത്തപ്പോള്‍ പെട്ടെന്ന് തോന്നിയത് എഴുതി എന്നേയുള്ളു. കമന്റ് ഇട്ട മറ്റൊരാള്‍\GG, മൂര്‍ത്തി, തറവാടി, അനൂപ് എല്ലാവര്‍ക്കും നന്ദി. മറ്റൊരാള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട. ഭാര്യക്ക് ഒരു തണലായി കൂടെ നിന്നാല്‍ മതി.

അനൂപ് കോട്ടയം ബ്ലോഗ് ഞാന്‍ തന്നെ തുടങ്ങണോ? അതു വേണ്ട. ഒരു തിരുവനന്തപുരം ബ്ലോഗിലെ പോസ്റ്റിന്റെ അഭിപ്രായവ്യത്യാസം കഴിഞ്ഞിട്ടില്ല. നോക്കാം,,,

മാണിക്യം said...

വന്നു വായിച്ചു എന്നാ മിണ്ടാതെ അങ്ങു പോയേക്കാം എന്ന് വച്ചാല്‍ ഞാന്‍ വന്ന വിവരോം
സ്പന്ദനങ്ങള്‍ .. തൊട്ടറിഞ്ഞതും അരവിന്ദിന്റെ
അടുത്തു പോയതും പിന്നെ തിരിച്ചു വന്നതും എല്ലാം ല്ലേ ലൈവ് ട്രാഫിക്ക് നോക്കി താങ്കള്‍ കണ്ടു പിടിക്കും..എന്നാ‍ പിന്നെ രണ്ട് മൊഴി പറഞ്ഞു
തന്നെ പോകാം ....

“ഭാര്യയില്‍ നിന്നും അടര്‍ന്നു വരുന്ന
ആ പുതു ജീവന്‍, അത് നേരില്‍
കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം,
അത് വെറും വാക്കുകളില്‍ എങ്ങനെ പറയും?”

മാതൃത്വം പോലെ തന്നെ പിതൃത്വവും
നിര്‍വൃതി നല്‍കുന്ന നിമിഷം എന്ന്
പറഞ്ഞു കൂടെ അനില്‍ശ്രീ?
എന്തായാലും നല്ല ഒരു പോസ്റ്റ്
നല്ല ഒരു വിഷയം ...
ആശംസകളോടേ മാ‍ണിക്യം ...

അപ്പു said...

അനില്‍, നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ക്ക് ഇന്നും പ്രസവം എന്നു പറയുന്നത് എന്തോ മാരകവ്യാധിയാണെന്ന ചിന്തയാണെന്നു തോന്നുന്നു. മറ്റു ഗര്‍ഭിണികളും അതേസമയം ലേബര്‍ റൂമില്‍ ഉണ്ടാവും എന്ന കാരണമാണ് പണ്ട് നാട്ടിലെ ആശുപത്രിയില്‍‌വച്ച് ഒരു ഡോക്ടര്‍ എന്നോട് പറഞ്ഞത്. പക്ഷേ ഉണ്ണിമോള്‍ ജനിച്ച സമയത്ത് മറ്റൊരു ഗര്‍ഭിണിയും ലേബര്‍ റൂമില്‍ ഇല്ലാതിരുന്നിട്ടുകൂടി ആ ഡോക്ടര്‍ എന്നെ അവിടേക്ക് വിട്ടില്ല. അതിനുമറ്റൊരു കാരണംകൂടിഅവര്‍ പറഞ്ഞു, ലേബര്‍ റൂമില്‍ നില്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ മയങ്ങുകയോ (???) മറ്റോചെയ്താല്‍ അവര്‍ക്കൂടെ നോക്കേണ്ട ഗതികേട് ലേബര്‍ റൂമില്‍ നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകുമത്രേ. എന്നാല്‍ രണ്ടാമത്തെ പ്രസവം സൌദിയില്‍ ആയിരുന്നതിനാല്‍ അവിടെ ഭാര്യയോടൊപ്പം ലേബര്‍ റൂമില്‍ എന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. അതവള്‍ക്ക് വലിയ ആശ്വാസവും ആയിരുന്നു. നമ്മുടെ നാട്ടില്‍ ഇതുവരണമെങ്കില്‍ ആദ്യം ആള്‍ക്കാരുടെ മെന്റാലിറ്റി മാറണം.

അനില്‍ശ്രീ... said...

മാണിക്യം... വന്നതിനും വായിച്ചതിനും പോയിട്ട് തിരികെ വന്ന് അഭിപ്രായം കോറിയിട്ടതിനും നന്ദി..

അപ്പൂ.. ശരിയാണ് .. അതു തന്നെയാണ് എന്റെയും അഭിപ്രായം. അന്ന് ആ ലേബര്‍ റൂമില്‍ കൂടെ നിന്നപ്പോള്‍ (ഏകദേശം രണ്ടര -മൂന്ന് മണിക്കൂര്‍ ) അത് ഭാര്യക്ക് എത്ര മാത്രം ആശ്വാസം ആയിരുന്ന് എന്ന് എനിക്ക് നേരിട്ട് മനസ്സിലായതാണ്. പ്രസവിക്കുന്ന സമയം വരേയും ഒരേ ഒരു നഴ്സ് ആണ് കൂടെ ഉള്ളത്. ( പ്രസവ സമയത്ത് മാത്രമേ ഡോക്ടറും മറ്റൊരു നേഴ്സും വരുകയുള്ളൂ.) അവര്‍ക്കും നമ്മള്‍ കൂടെയുള്ളത് ഒരു ആത്മവിശ്വാസം കൊടുക്കുന്നു എന്ന് തോന്നുന്നു.

sree said...

അനില്‍
ഇതു വായിച്ചപ്പോള്‍ ഈ കഥ ഒന്നു കാണിക്കണമെന്നു തോന്നി. ഇതൊരു പാവം പെണ്ണിന്റെ പ്രസവമാണ്. എന്റെ അനുഭവത്തിലും ഉത്തരവാദിത്വമുള്ള പുരുഷന്റെ സാന്നിധ്യം അത്യാവശ്യമാണ് ലേബര്‍ റൂമില്‍. ആ വേദനപങ്കിട്ടെടുക്കാനുള്ള അവന്റെ അവകാശം എന്തിന് നിഷേധിക്കണം? ഈ പ്രസവകഥയും ഒന്നു വായിച്ചു നോക്കു. ശരിക്കും ഒന്നു പ്രസവിച്ചപോലാവും ;)

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍