Sep 29, 2008

താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi

അബുദാബിയില്‍ ഫ്ലാറ്റ് കിട്ടാനില്ല. എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).

ഇങ്ങനെ ഒരു പരസ്യം ഇടാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് വച്ചാല്‍, എന്റെ അനിയനും കുടുംബവും താമസിച്ചിരുന്ന വില്ല പൊളിക്കുന്നു. അവിടെ നിന്ന് മാറാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത് സാധാരണക്കാരന് പറ്റിയ ഒരു ഫ്ലാറ്റ് പോലും അബു ദാബിയില്‍ കാലിയില്ല എന്ന്. ഒരു 1 BR ഫ്ലാറ്റിന്റെ (റിയല്‍ എസ്റ്റേറ്റ് വക) റേറ്റ് ഒരു ലക്ഷം ദിര്‍ഹം കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോ ഫ്ലാറ്റ് എന്നറിയപ്പെടുന്ന ഒറ്റ റൂം ഫ്ലാറ്റിന്റെ റേറ്റ് 70,000. ഇതൊന്നും കിട്ടാനുമില്ല. എന്നാല്‍ ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ചില ഫ്ലാറ്റുകളില്‍ പഴയ റേറ്റ് പ്രകാരം 50,000-ല്‍ താഴയേ വാടകയുള്ളു.

അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും. (സീരിയസ് ആയി പറഞ്ഞതാ കേട്ടോ).

ഇനി, പഴയ വില്ലകളില്‍ ഒറ്റമുറി താമസത്തിന് ഇപ്പോഴത്തെ റേറ്റ് (ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി കുറവ് ഉണ്ടാകാം) AED 4000. അതും എന്നാണ് ഇറങ്ങേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ല. പൊളിക്കല്‍ നോട്ടീസ് അല്ലെങ്കില്‍ ഇറക്കിവിടല്‍ നോട്ടീസ് എപ്പോള്‍ വേണമെങ്കിലും വരാം. ഇവിടെ നിന്ന് നാല്പ്പത് കിലോമീറ്റര്‍ മാറി ബനിയാസ് എന്ന് "കുഗ്രാമ"ത്തില്‍ റേറ്റ് 3000-3500.

ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്പേസിന് 650 മുതല്‍ 1500 വരെ. ഇനിയത് എക്സിക്യുട്ടീവ് ബാച്ചിലര്‍ (എന്നു വച്ചാല്‍ ടൈ കെട്ടിയവര്‍ ആണൊ എന്നൊന്നും ചോദിക്കരുത് . അത് ബാച്ചികളോട് ചോദിക്കൂ) ആയാലോ 2000-2500.

ഇതാണ് അബുദാബിയിലെ താമസത്തിന്റെ ഇന്നത്തെ നിലവാരം. ജോലി അന്വേഷിച്ച് അബു ദാബിയില്‍ വരുന്നവരും, പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ "അങ്ങോട്ട് കൊണ്ടുപോയാല്‍ മാത്രമേ കെട്ടിച്ചു തരൂ" എന്ന് പറയുന്ന രക്ഷിതാക്കളും , അറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. ഗള്‍ഫില്‍ 40,000 രൂപയുടെ ജോലി എന്ന് പരസ്യത്തില്‍ പറയുന്നത് എന്തിനൊക്കെ തികയും എന്ന് കണക്ക് കൂട്ടിക്കോളൂ.


അനോണി ആന്റണിയുടെ ഈ ലേഖനവും (ദുബായിലെ ജോലിയും ജീവിതവും ) അഞ്ചല്‍ക്കാരന്റെ ഈ ലേഖനവും ( ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും. )കൂടി ഇതിന്റെ കൂടെ വായിക്കൂ..

(മറ്റു നാട്ടിലുള്ളവര്‍ക്ക് വേണ്ടി ഇന്നത്തെ വിനിമയ നിരക്ക്
1 ദിര്‍ഹം = 12.66 രൂപ)

Sep 11, 2008

ഓര്‍മയിലെ ഓണാഘോഷങ്ങള്‍

കുട്ടിക്കാലത്ത് എട്ട് വയസ്സ് വരെ വളര്‍ന്നത് പാലായില്‍ നിന്നും കുറെ അകലെ പ്രവിത്താനത്തിനും അപ്പുറത്ത് "ഉള്ളനാട്" എന്ന സ്ഥലത്ത്. പേര് ഉള്ളനാട് എന്നാണെങ്കിലും അന്ന് ഒന്നുമില്ലാത്ത നാട് ആയിരുന്നു ഉള്ളനാട്. വൈദ്യുതി പോലും അന്ന് എത്തി നോക്കിയിരുന്നില്ല. ആ ഓര്‍മകള്‍ പിന്നീട് ഒരു പോസ്റ്റ് ആക്കാം..

അന്നൊക്കെ ഓണാവധി കിട്ടിയാല്‍ ഉടന്‍ കോട്ടയത്ത് കൊല്ലാട്ടുള്ള വീട്ടിലേക്ക് പോകുമായിരുന്നു. അച്ചന്റെ കുടുംബക്കാരെല്ലാം അവിടെയാണല്ലോ. അച്ചന്റെ ചേട്ടന്മാരും അവരുടെ മക്കളും എല്ലാം അടുത്തടുത്ത വീടുകളില്‍ ആണ് താമസം. അതിനാല്‍ ധാരാളം കുട്ടികള്‍ ( ഇത്തിരി മുതിര്‍ന്നവരും) ഉണ്ടായിരുന്നു അവിടെ. കളികള്‍ മാത്രമായിരുന്നു ഞങ്ങളുടെ ഒക്കെ പരിപാടി.

വീടിന്റെ പുറകില്‍ നില്‍ക്കുന്ന പ്ലാവിന്റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും അതിന്റെ പരിസരവും ആയിരുന്നു പകല്‍ പ്രധാന കളിയിടം. ഒരാള്‍ക്ക് ഇത്ര ആട്ടം എന്നതായിരുന്നു കണക്ക്. ആളു കൂടുന്നതനുസരിച്ച് ആട്ടങ്ങളുടെ എണ്ണം കുറയും. വീണ്ടും അടുത്ത ടേണിനായി കാത്തിരിക്കണം. രണ്ടുപേര്‍ ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിന്ന് കുതിക്കന്ന പരിപാടിയും ഉണ്ടായിരുന്നു. അത് കണ്ടിട്ട് അടുത്ത വീട്ടിലെ രജനി "രണ്ട് പേരു പൊട്ടിയാല്‍ ഊഞ്ഞാലാടും" എന്ന് തെറ്റി പറഞ്ഞത് കുറേക്കാലം ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെ ഒരു സ്ഥിരം ഡയലോഗായരുന്നു. പക്ഷേ ഇക്കൊല്ലം നാട്ടില്‍ പോയിട്ട് പേരിനു പോലും ഒരു ഊഞ്ഞാല്‍ കാണാന്‍ പറ്റിയില്ല.

സന്ധ്യ കഴിഞ്ഞാല്‍ കുടുകുടു കളി (കബഡി കളി) ഉണ്ട്. അതാണ് ഏറ്റവും വലിയ മാമാങ്കം. ആണ്‍ കുട്ടികളൂം പെണ്‍ കുട്ടികളും എല്ലാം കാണും. ജാതി മത ഭേദമെന്യേ അയല്പക്കക്കാര്‍ എല്ലാം വീട്ടു മുറ്റത്തെത്തും. പിന്നെ എപ്പോഴാണ് നിര്‍ത്തുക എന്നൊന്നും പറയാന്‍ പറ്റില്ല. "പൂ പറിക്കാന്‍ പോരുന്നോ, പോരുന്നോ അതിരാവിലെ... ആരെ നിങ്ങള്‍ക്കാവശ്യം ആവശ്യം അതിരാവിലെ" എന്ന പാട്ടു പാടി ഒരോരുത്തരെ വലിച്ച് തങ്ങളൂടെ കൂടെ ആക്കുന്നതാണ് മറ്റൊരു കളി.

പിന്നെയുള്ള ഒഴിച്ചു കൂടാനാകാത്ത ഐറ്റം ആയിരുന്നു "തുമ്പി തുള്ളല്‍". വട്ടത്തിലിരുന്ന് പാട്ടു പാടുന്നവരുടെ നടുക്ക് തുമ്പപ്പൂവും, തുളസിപ്പൂക്കളും തണ്ടോടു കൂടി ഒടിച്ച് മുഖത്ത് ചേര്‍ത്ത് വച്ചിരുന്ന് പതിയെ തുള്ളാനിരിക്കുന്ന തുമ്പി പാട്ട് മുറുകുന്നതിനനുസരിച്ച് സര്‍വതും മറന്ന് തുള്ളുന്നത് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു. ഇത് സ്ഥിരമായി അരങ്ങേറിയിരുന്ന ചില വീട്ടുമുറ്റങ്ങള്‍ അന്നുണ്ടായിരുന്നു. അതൊക്കെ എല്ലാവര്‍ക്കമ് അറിയാമായിരുന്നു, കൃത്യമായി അവിടെയൊക്കെ പോയി തുമ്പിതുള്ളല്‍ കണ്ടിരുന്നു.

പകിടകളി, കുറ്റി കളി, പിന്നെ ചീട്ടുകളി തുടങ്ങിയവയില്‍ ആകും ആണുങ്ങള്‍ ഈ സമയം കേന്ദ്രീകരിക്കുക. (കുറ്റികളി എന്നാല്‍ തെങ്ങിന്റെ മടല്‍ ചെത്തി നാലു കുറ്റികള്‍ ഉണ്ടാക്കി, കക്ക കൊണ്ട് തായം കളിക്കുന്ന രീതിയില്‍ കളം വരച്ച് കളിക്കുന്ന കളി, പകിട കളി പോലെ തന്നെ.).

ആണ്‍കുട്ടികളുടെ മറ്റു വിനോദങ്ങള്‍, പമ്പരം കൊത്തല്‍, പട്ടം പറത്തല്‍ തുടങ്ങിയവ ആയിരുന്നു. ഓണക്കാലം എന്നത് നല്ല കാറ്റുള്ള സമയമായതിനാല്‍ പട്ടം പറത്തുക, അത് പൊട്ടിപ്പോകുമ്പോള്‍ പുറകെ ഓടുക എന്നതൊക്കെ സ്ഥിരം പരിപാടി ആയിരുന്നു. എത്ര കളറില്‍ ഉള്ള പട്ടങ്ങള്‍ ആയിരുന്നു ! ചരട് ചുറ്റി പമ്പരം കറക്കാന്‍ ഒക്കെ ഇന്നത്തെ കുട്ടികള്‍ക്ക് അറിയുമോ ആവോ?വട്ടുകളി (ഗോലികളി)യും അന്നൊക്കെ പതിവായിരുന്നു.

കോട്ടയത്തും പരിസരങ്ങളിലും മാത്രം കണ്ടുവരുന്ന "നാടന്‍ പന്തുകളി" ടൂര്‍‍ണമെന്റുകള്‍ ഓണക്കാലത്ത് പലയിടത്തും സംഘടിപ്പിക്കുമായിരുന്നു. (ഇന്ന് നാടന്‍ പന്തുകളി വളരെ വിരളം). ഇതിനൊക്കെ പുറമെ ആയിരുന്നു പല സംഘടനകളുടേയും ബാലജന സഖ്യങ്ങളുടേയും വക ഓണാഘോഷങ്ങള്‍. പൊതുജനങ്ങള്‍ എല്ലാം ഉല്‍സാഹത്തോടെ പങ്കെടുത്തിരുന്ന ഉല്‍സവം തന്നെയായിരുന്നു ഓണം. ചാക്കില്‍ കയറി ഓട്ടം, നാരങ്ങയും സ്പൂണും, ഉറിയടി, സൈക്കിള്‍ സ്ലോ റെയിസ്, ഫാന്‍സിഡ്രസ്, മരംകയറ്റം, വടം‌വലി, ആനക്ക് വാലുവര, സുന്ദരിക്ക് പൊട്ടുകുത്തല്‍...അങ്ങനെ എന്തെല്ലാം കളികള്‍. പിന്നെ പലതരം കലാ പരിപാടികളും മല്‍‍സരങ്ങളും. ഇന്ന് അതെല്ലാം എല്ലാവരും ടെലിവിഷനില്‍ മാത്രം കാണുന്നു. ഇന്ന് അതെല്ലാം എല്ലാവരും ടെലിവിഷനില്‍ മാത്രം കാണുന്നു.

ഇത്രയും എഴുതിയിട്ട് പൂക്കളത്തെ കുറിച്ച് എഴുതാത്തതെന്തേ എന്ന് ചോദിച്ചാല്‍, നല്ല പൂക്കളം ഇടുന്ന പതിവ് അന്നൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു എന്നത് തന്നെ കാരണം. ചിലപ്പോള്‍ കുട്ടികള്‍ തന്നെ ചെറിയ പൂക്കളം വല്ലതും ഇട്ടാലായി...അത്ര തന്നെ. കോട്ടയത്തും പരിസരങ്ങളിലും ഓണക്കാലത്ത് പല വള്ളംകളികളും നടന്നിരുന്നു. അവയില്‍ പലതും ഇന്നും നടക്കുന്നു എന്നത് സന്തോഷം നല്‍കുന്നതു തന്നെ. പക്ഷേ കുട്ടിക്കാലത്ത് ആകെ രണ്ടോ മൂന്നോ വള്ളംകളി മാത്രമേ കാണാന്‍ പോയിട്ടുള്ളൂ എന്നതാണ് നേര്.

ഇതൊക്കെ കഴിഞ്ഞ് അവിട്ടത്തിന്റ അന്ന്‍ അമ്മയുടെ നാടായ പരവൂരിലേക്കുള്ള യാത്ര. അവിടെയും കാണും ഓണാഘോഷങ്ങള്‍. അവിടെ പക്ഷേ കാഴ്ചക്കാര്‍ മാത്രമാണ് ഞങ്ങള്‍ എന്ന വ്യത്യാസം മാത്രം.

ഇതോക്കെ ഓര്‍മകള്‍ മാത്രമല്ല എന്നതിനാലും, ഓണം ഇന്നും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതിനാലും, ഓണം ആഘോഷിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന സാധു ജനങ്ങളെ മനസ്സില്‍ ഓര്‍ത്തു കൊണ്ട്, എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍

Sep 3, 2008

അവധിക്കാല ചിത്രങ്ങള്‍ (1)


തീരം തേടുന്ന കൊതുമ്പുവള്ളം (പടങ്ങള്‍) ... അവധിക്കാല ചിത്രങ്ങള്‍ (1) .. ഇവിടെ കാണൂ.. തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നൊരു കാഴ്ച

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍