Sep 29, 2008

താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi

അബുദാബിയില്‍ ഫ്ലാറ്റ് കിട്ടാനില്ല. എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).

ഇങ്ങനെ ഒരു പരസ്യം ഇടാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് വച്ചാല്‍, എന്റെ അനിയനും കുടുംബവും താമസിച്ചിരുന്ന വില്ല പൊളിക്കുന്നു. അവിടെ നിന്ന് മാറാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത് സാധാരണക്കാരന് പറ്റിയ ഒരു ഫ്ലാറ്റ് പോലും അബു ദാബിയില്‍ കാലിയില്ല എന്ന്. ഒരു 1 BR ഫ്ലാറ്റിന്റെ (റിയല്‍ എസ്റ്റേറ്റ് വക) റേറ്റ് ഒരു ലക്ഷം ദിര്‍ഹം കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോ ഫ്ലാറ്റ് എന്നറിയപ്പെടുന്ന ഒറ്റ റൂം ഫ്ലാറ്റിന്റെ റേറ്റ് 70,000. ഇതൊന്നും കിട്ടാനുമില്ല. എന്നാല്‍ ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ചില ഫ്ലാറ്റുകളില്‍ പഴയ റേറ്റ് പ്രകാരം 50,000-ല്‍ താഴയേ വാടകയുള്ളു.

അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും. (സീരിയസ് ആയി പറഞ്ഞതാ കേട്ടോ).

ഇനി, പഴയ വില്ലകളില്‍ ഒറ്റമുറി താമസത്തിന് ഇപ്പോഴത്തെ റേറ്റ് (ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി കുറവ് ഉണ്ടാകാം) AED 4000. അതും എന്നാണ് ഇറങ്ങേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ല. പൊളിക്കല്‍ നോട്ടീസ് അല്ലെങ്കില്‍ ഇറക്കിവിടല്‍ നോട്ടീസ് എപ്പോള്‍ വേണമെങ്കിലും വരാം. ഇവിടെ നിന്ന് നാല്പ്പത് കിലോമീറ്റര്‍ മാറി ബനിയാസ് എന്ന് "കുഗ്രാമ"ത്തില്‍ റേറ്റ് 3000-3500.

ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്പേസിന് 650 മുതല്‍ 1500 വരെ. ഇനിയത് എക്സിക്യുട്ടീവ് ബാച്ചിലര്‍ (എന്നു വച്ചാല്‍ ടൈ കെട്ടിയവര്‍ ആണൊ എന്നൊന്നും ചോദിക്കരുത് . അത് ബാച്ചികളോട് ചോദിക്കൂ) ആയാലോ 2000-2500.

ഇതാണ് അബുദാബിയിലെ താമസത്തിന്റെ ഇന്നത്തെ നിലവാരം. ജോലി അന്വേഷിച്ച് അബു ദാബിയില്‍ വരുന്നവരും, പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ "അങ്ങോട്ട് കൊണ്ടുപോയാല്‍ മാത്രമേ കെട്ടിച്ചു തരൂ" എന്ന് പറയുന്ന രക്ഷിതാക്കളും , അറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. ഗള്‍ഫില്‍ 40,000 രൂപയുടെ ജോലി എന്ന് പരസ്യത്തില്‍ പറയുന്നത് എന്തിനൊക്കെ തികയും എന്ന് കണക്ക് കൂട്ടിക്കോളൂ.


അനോണി ആന്റണിയുടെ ഈ ലേഖനവും (ദുബായിലെ ജോലിയും ജീവിതവും ) അഞ്ചല്‍ക്കാരന്റെ ഈ ലേഖനവും ( ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും. )കൂടി ഇതിന്റെ കൂടെ വായിക്കൂ..

(മറ്റു നാട്ടിലുള്ളവര്‍ക്ക് വേണ്ടി ഇന്നത്തെ വിനിമയ നിരക്ക്
1 ദിര്‍ഹം = 12.66 രൂപ)

18 comments:

അനില്‍ശ്രീ... said...

അബുദാബിയില്‍ എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).

ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും.

ഹരീഷ് തൊടുപുഴ said...

എന്തൊരു അവസ്ഥ അല്ലേ!!!
കേരളത്തിലും സ്ഥിതി മറിച്ചല്ല....
വാടക ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു..

ശിവ said...

എനിക്ക് ഒരു സംശയം...പിന്നെന്തിനാ എല്ലാവരും ഗള്‍ഫ് സ്വപ്നം കാണുന്നതും അവിടേയ്ക്ക് പോകുന്നതും...ഇതിനേക്കാളും സുന്ദരമല്ലേ നമ്മുടെ നാട്....

smitha adharsh said...

ഇവിടെ ദോഹയിലും,സ്ഥിതി മറിച്ചല്ല...ഒരു വില്ലയോ,ഫ്ലാറ്റോ കിട്ടാനുള്ള ഒരു പാട് !!

കാന്താരിക്കുട്ടി said...

ഇത്ര വലിയ വാടക കൊടുത്ത് സ്വപ്ന ഭൂമിയില്‍ തന്നെ തങ്ങണോ..നാട്ടില്‍ ജീവിച്ചു കൂടേ ?

നരിക്കുന്നൻ said...

ഇത്രയും വലിയ വാടക കൊടുത്ത് നമ്മൾ മലയാളികൾ അവിടെ താമസിക്കുന്നു അല്ലേ.. സമ്മതിക്കണം. എന്നാലും സൌദിയിൽ ഇത്രയൊന്നും വാടക ആയിട്ടില്ല കെട്ടോ. ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ്.

അനൂപ്‌ കോതനല്ലൂര്‍ said...

ദുബായിലെ സ്ഥിതിയും മറച്ചല്ല

അനൂപ്‌ കോതനല്ലൂര്‍ said...
This comment has been removed by the author.
ജിവി said...

റിയല്‍ എസ്റ്റേറ്റ്കാരുടെ സ്വപ്നനഗരികള്‍!

അബുദാബിയും ദുബായും എന്തിന് ഷാര്‍ജയും അജ്മാനും പോലും.

നിരക്ഷരന്‍ said...

വല്ലപ്പോഴും ഒന്നോ രണ്ടോ ദിവസത്തേക്ക് അബുദാബീല് വരുമ്പോള്‍ കയറിക്കിടക്കാന്‍ ഒരു ഗസ്റ്റ് ഹൌസ് സൌകര്യം കമ്പനി തരുന്നതുകൊണ്ട് ഇതൊന്നും അറിയാറില്ല. വല്ലാത്ത ദുരിതം തന്നെ അല്ലേ ?

MANIKANDAN [ മണികണ്ഠന്‍‌ ] said...

അഞ്ചൽക്കാരൻ, അനിൽശ്രീ, അനോണി ആന്റണി പ്രവാസിജീവിതത്തെപ്പറ്റി നിങ്ങൾ മൂന്നുപേരുടേയും ബ്ലോഗുകളും അതിൽ വന്ന മുഴുവൻ അഭിപ്രായവും ഞാൻ ഒറ്റ ഇരുപ്പിൽ വായിച്ചുതീർത്തു. ശരിക്കും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഞാൻ നാട്ടിൽ തന്നെയാണ്. എന്നാൽ എന്റെ അനുജൻ ഉൾപ്പെടെ നിരധി ബന്ധുക്കളും സുഹൃത്തുക്കളും പ്രവാസികളായി ഗൾഫ് നാടുകളിൽ ഉണ്ട്. അവരാരും ഇത്തരം ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല. എന്റെ സഹോദരനും ദുബായിയിൽ ആണ് ജോലിചെയ്യുന്നത്, താമസം ഷാർജയിലും. അവൻ ഒരിക്കലും ഇത്തരം ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞിട്ടില്ല. ഇപ്പോൾ അവൻ ലീവിൽ വീട്ടിലുണ്ട്. നാളെ രാവിലെ ചോദിക്കണം. ഇതെല്ലാം വായിച്ചപ്പോൾ വളരെ വിഷമം തോന്നി.

അനില്‍ശ്രീ... said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. പക്ഷേ ഫ്ലാറ്റ് മാത്രം ഇതു വരെ കിട്ടിയില്ല. കാന്താരിക്കുട്ടി പറഞ്ഞപോലെ എന്തിനിവിടെ കഴിയുന്നു എന്ന് ചോദിക്കുന്നവര്‍ ഇവിടെ തന്നെ ധാരാളം ഉണ്ട്. പക്ഷേ എന്തു ചെയ്യാം. ജീവിക്കാന്‍ വേണ്ടിയല്ലെ..സഹിക്കുന്നവര്‍ ധാരാളം.

നരിക്കുന്നവന്‍... സാധാരണ ലേബേഴ്സ് , പിന്നെ ചെറിയ ജോലികളില്‍ ഉള്ളവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് പ്രത്യേകിച്ച് നിര്‍മ്മാണരംഗത്ത് നല്ല ശമ്പള വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. അതിനാല്‍ ഇത്രയും ചിലവാക്കി ഫ്ലാറ്റ് എടുക്കാന്‍ തയ്യാറുള്ളവര്‍ ധാരാളം. പ്രത്യേകിച്ച് അറബ് വംശജര്‍. നാട്ടിലുള്ള സകലതും വിറ്റുപെറുക്കി വന്ന ലെബനോനികളും, സിറിയകാരും ഒക്കെ ഇതില്‍ പെടും.

മണികണ്‍ഠാ.. പലരും ഇവിടെ ഒറ്റമുറിയില്‍ കഴിയുന്നവര്‍ ആണ്. ദുബായില്‍ പിന്നെ വാടക കൂടിയാലും മറ്റ് ഓപ്ഷന്‍സ് ഉണ്ട്.ഷാര്‍ജ അജ്‌മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകാം. വാടക കൂടിയാലും ഫ്ലാറ്റ് കിട്ടാനുണ്ട്. അബു ദാബിയില്‍ അങ്ങനെ ഒരു ചാന്‍സ് ഇല്ല,. അതാണ് പ്രശ്നം

യാരിദ്‌|~|Yarid said...

അനില്‍ജി ഒരു സംശയമുണ്ട്. മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു പലരുംചോദിച്ച ചോദ്യമാണ്. ഒഴിഞ്ഞു മാറുന്നതായി തോന്നി, അതോണ്ട് വീണ്ടും ചോദിക്കുന്നു..!

ഇത്രയും ബുദ്ധിമുട്ടി എന്തിനു ദുബായില്‍ തന്നെ താമസിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നു.?

നാട്ടില്‍ ജോലി എടുക്കാന്‍ താല്പര്യമുള്ളവന് ഇപ്പറഞ്ഞ രീതിയിലുള്ള ശമ്പളം ലഭിച്ചില്ലെങ്കിലും മോശമില്ലാത്ത വേതനം ലഭിക്കുന്ന കാലമാണിതു. അപ്പൊള്‍ പിന്നെ കാട്ടറബിയുടെ കിഴില്‍ അടിമപ്പണി ചെയ്യണം?

60000dhs വരെ വര്‍ഷത്തില്‍ വാടകകൊടൂക്കുന്നവര്‍ എന്തിനു പയ്യാരം പറയുന്നു. 10000 രൂപ തികച്ചു കിട്ടാത്തവര്‍ വരെ ദുബായില്‍ ഉണ്ടെന്നിരിക്കെ ഇപ്പോ കിട്ടുന്ന സൌകര്യങ്ങളൊക്കെ കൂടുതലല്ലെ?

എല്ലാ സൌകര്യങ്ങളോടും കൂടി മാത്രമെ ദുബായില്‍ ജീവിക്കു എന്നു ശഠിക്കുന്നതു കുറച്ചു അഹങ്കാരമല്ലെ? അവിടെ തന്നെ പൊരിവെയിലത്തു പണിയെടുക്കുന്നവര്‍ ആയിരക്കണക്കിനു പേരില്ലെ. ഉള്ളതു കൊണ്ട് ജീവിച്ചു പോകുന്നവര്‍! അവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ കിട്ടുന്നസൌകര്യങ്ങള്‍ തന്നെ ധാരാ‍ളമല്ലെ?

അനില്‍ശ്രീ... said...

യാരിദ്, തീര്‍ച്ചയായും പണത്തിനു വേണ്ടി തന്നെയാണ് ഇവിടെ തുടരുന്നത്. കൂടുതല്‍ വിവരിക്കണ്ട എന്ന് കരുതുന്നു. ഒരു പക്ഷേ ദേവസേനയുടെ പഴയ പൊസ്റ്റും അതിലെ കമന്റുകളും ( അതിന്റെ മറുപടി കമന്റ് ഞാന്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട് "കേരളം എന്റെ നാട് - ഭ്രാന്താലയം ആണെങ്കില്‍ പോലും" ) ഓര്‍മ കാണും എന്ന് കരുതുന്നു. ഇവിടെ തന്നെ ജീവിതകാലം മുഴുവന്‍ കഴിയണം എന്ന ഒരാഗ്രഹവും ഇല്ല.

പിന്നെ ഇതൊരു പയ്യാരം പറച്ചില്‍ ആണെന്ന് തോന്നിയെങ്കില്‍ ക്ഷമിക്കുക. ഈ പോസ്റ്റ് വായിക്കുമ്പോള്‍ കുറെ പേരെങ്കിലും ഒരു സത്യം മനസ്സിലാക്കണം, എന്നതായിരുന്നു പ്രധാന ഉദ്ദേശം. പക്ഷേ യാരിദിനേപ്പോലെ മറിച്ച് ചിന്തിക്കുന്നവരും കാണും എന്ന് ഓര്‍ത്തില്ല. ശമ്പളത്തില്‍ ഉണ്ടായ വര്‍ദ്ധനവിനെ പറ്റി മുകളിലത്തെ ഒരു കമന്റില്‍ ഞാന്‍ തന്നെ പറഞ്ഞിരുന്നു. കണ്ടില്ല എന്ന് വിചാരിക്കുന്നു.

10000 രൂപ വരെ തികച്ചു കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ ധാരാളം. അവരില്‍ പലര്‍ക്കും പക്ഷേ കമ്പനി അക്കോമഡേഷന്‍ കാണും. ഇല്ലാത്തവരുടെ കാര്യം വളരെ കഷ്ടം തന്നെയാണ്. ഒരു ബെഡ്‌സ്പേസിന്റെ കണക്കൊക്കെ മനസ്സിലായി എന്ന് കരുതുന്നു. 60000 വരെ കൊടുക്കാന്‍ ഉള്ളത് കൊണ്ടാണ് അതു കൊടുത്തിട്ടും ഇവീടെ നില്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. (ഫ്ലാറ്റ് എനിക്ക് വേണ്ടിയല്ല എന്ന് പറഞ്ഞിരുന്നു.)എന്നിട്ടും ഫ്ലാറ്റ് കിട്ടുന്നില്ല എന്നാണ് പറഞ്ഞത്.

ഞാന്‍ തന്ന ആന്റണിയുടെ ലിങ്കിലെ കമന്റുകളും കൂടി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിലും കുറെ കണക്കുകള്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ വച്ച് നോക്കിയിട്ട് ഇവിടെ നില്‍ക്കാന്‍ എത്ര ശമ്പളം വേണമെന്ന് കണക്കുകൂട്ടി, അത് ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ നിന്നിട്ട് കാര്യമുള്ളു എന്ന് ഇവിടേക്ക് വരുന്നവര്‍ കൂടി അറിഞ്ഞിരിക്കട്ടെ.

അനില്‍ശ്രീ... said...

എല്ലാ സൌകര്യങ്ങളോടും കൂടി മാത്രമെ ദുബായില്‍ ജീവിക്കു എന്നു ശഠിക്കുന്നതു കുറച്ചു അഹങ്കാരമല്ലെ?

എല്ലാ സൗകര്യവും എന്ന് പറഞ്ഞോ? പക്ഷേ തലചായ്ക്കാനിടം എന്നൊന്ന് ഒരു കുടുംബവുമായി ജീവിക്കുന്നവര്‍ക്ക് വേണ്ടേ? ഒറ്റമുറി താമസത്തേപറ്റിയാണ് ഇവിടെ പറഞ്ഞത് എന്ന് യാരിദിന് മനസ്സിലായില്ല എന്നുണ്ടോ?

പിന്നെ ഞാന്‍ അബു ദാബിയില്‍ ആണേ...

ബിന്ദു കെ പി said...

അനിൽ, ഈ പോസ്റ്റ് കാണാൻ വൈകി.(നേരത്തെ കണ്ടിട്ടും കാര്യമൊന്നുമില്ല).

സമാനമായ ഒരു അവസ്ഥയിൽ പെട്ട്, അടുത്ത ഒരു മാസത്തിനകം വീട് ശരിയായില്ലെങ്കിൽ ഗൾഫ് ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളും. ഒന്നും ഒന്നരയും ലക്ഷം ദിർഹം വാടകയുള്ള ഫ്ലാറ്റുകൾക്കുവേണ്ടി കാശൊപ്പിക്കാൻ നെട്ടോട്ടമോടുന്ന സുഹൃത്തുക്കളെ നോക്കി അന്തം വിട്ട് നിൽക്കുകയാണ് ഞങ്ങൾ !!ഇതേ ഫ്ലാറ്റുകൾക്ക് ഒരു കൊല്ലം മുൻപ് 40000-45000 ആയിരുന്നു വാടക!. ഹോ, UAE യുടെ ഒരു വളർച്ചയേ...!!
എന്റെ പഴയ ഈ പോസ്റ്റും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണെന്നു തോന്നുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇവിടെ ഖത്തറിലും ഇപ്പോള്‍ സ്ഥിതി വത്യസ്തമല്ല. മൂന്ന് നാല്കൊല്ലം മുമ്പ് 2000/- 3500/- റിയാല്‍ മാസ വാടക ഉണ്ടായിരുന്ന ഫ്ലാറ്റുകള്‍ക്കിപ്പോള്‍ 8000/- 12000/- റിയാല്‍ ആണ് റേഞ്ച്. ഏറ്റവും രസകരം ഒട്ടേറെ പുതിയ ഫ്ലാറ്റുകള്‍ ആള്‍ താമസ്സമില്ലാതെ കീടക്കുന്നു എന്നതാണ്. ഇതില്‍ ഇടനിലക്കാരായി നില്‍ക്കുന്ന മലയാളി ഏജന്റുമാരാണ് ഈ വാടകനിരക്കിനു പിന്നിലെ യഥാര്‍ത്ഥ വില്ലന്മാര്‍. അവര്‍ ഒരു വില്ല വാടകക്കെടുത്ത് അതിനെ ഭാഗങ്ങളാക്കി തിരിച്ച് ആറും ഏഴും കുടുംബങ്ങള്‍ക്ക് വാടകക്ക് കൊടുക്കുന്നു. വേറെ ഒരു ജോലിക്കും പോകാതെ ഈ തരത്തില്‍ മാത്രം കാശുണ്ടാക്കുന്നവരാണിവര്‍. എങ്ങനേയും കുടുംബത്തെ ഒപ്പം കൂട്ടി ജീവിക്കണമെന്നത് ഓരോ പ്രവാസിയുടേയും സ്വപ്നം തന്നെയാണ്. (ആ ഭാഗ്യമില്ലാത്തവരാണ് ഭൂരിഭാഗവും) അതിനെ ചൂഷണം ചെയ്യുന്നതും പ്രവാസികള്‍ തന്നെ.
ഗള്‍ഫില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കി വേണം വരാന്‍.

കാസിം തങ്ങള്‍ said...

അനില്‍ശ്രീ, താങ്കള്‍ തന്ന ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്. ദുബായിലും അബൂദാബിയിലുമൊക്കെ പ്രവാസജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമാവുന്നു. ബാചിലറെന്നോ ഫാമിലിയെന്നോ വ്യത്യാസമില്ലാതെ സകലരും ദുരിതത്തില്‍ തന്നെ. കിട്ടുന്നതിന്റെ സിംഹഭാഗവും താമസത്തിനും ദൈന്യംദിന ചെലവുകള്‍ക്കും വിനിയോഗിക്കേണ്ട ദുരവസ്ഥ.പ്രവാസിയെന്നാല്‍ മുഴുവന്‍ പ്രയാസങ്ങളും പേറാന്‍ വിധിക്കപ്പെട്ടവനെന്ന് നിര്‍വ്വചിക്കേണ്ടിവരുമെന്നു തോന്നുന്നു.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍