Mar 16, 2008

കേരളം എന്റെ നാട് - ഭ്രാന്താലയം ആണെങ്കില്‍ പോലും

ദേവസേനയുടെ "കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ" പോസ്റ്റിലെ നീണ്ട കമന്റ് ആണിത്...

************* *************** ************* ************
കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ. എല്ലാം ശരിയായി നടന്നാല്‍ ഒരു പത്ത് വര്‍ഷം കൂടി ദേവസേനയുടെ തന്നെ അബു ദാബിയില്‍ നിന്നിട്ട് നാട്ടില്‍ ചെന്ന് ബാക്കി ജീവിതം കഴിച്ചു കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യു.എ. ഇ. -യില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളം ആയി.

ഈ പൊസ്റ്റും അതിലെ ചില കമന്റുകളും കണ്ടിട്ട് പലരും കാണുന്ന ഗള്‍‍ഫിനൊക്കെ ഒരു മുഖമേ ഉള്ളു എന്നു തോന്നി. അത് ഇത്തിരി സമ്പന്നതയുടെ മുഖം ആണ് എന്നു പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. അതില്ലാത്ത ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു സ്ഥലം ഗള്‍ഫ് ആണെന്ന് ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കാനാവമോ? ദിവസം ഇരുപത് ദിര്‍ഹം (ഏകദേശം ഇരുനൂറ്റി പതിനഞ്ച് രൂപ) കൂലിക്ക് കൊടും ചൂടില്‍ ആളുകളെ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന മറ്റേത് സ്ഥലം ദേവസേനക്കോ അനുകൂലിച്ച് കമന്റ് ചെയ്തവര്‍ക്കോ കാണിച്ച് തരാനാവും? (ദരിദ്ര രാജ്യങ്ങളെ മാറ്റി നിര്‍ത്തുന്നു). കേരളത്തില്‍ ഇന്നത് ഇരുനൂറ്റന്‍പത് രൂപക്ക് മേലെ ആണെന്ന് ഓര്‍ക്കണം. (പക്ഷേ നാട്ടില്‍ നിന്നാല്‍ അതില്‍ നിന്നും ഒന്നും ബാക്കി കാണില്ലാത്തതിനാല്‍ പാവങ്ങള്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നു എന്ന് മാത്രം).

പിന്നെ നാട്ടിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകള്‍.. അതില്‍ അഴിമതിക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ കാലാവസ്ഥയും അതില്‍ ഒരു ഘടകം തന്നെയാണ്.രണ്ട് ദിവസം മഴ പെയ്താല്‍ തകരുന്നതല്ലേ ഇവിടുത്തെ റോഡ് സം‌വിധാനം? അപ്പോള്‍ വര്‍ഷത്തില്‍ 160 ദിവസത്തില്‍ കൂടുതല്‍ മഴ പെയ്താല്‍ എന്തായിരിക്കും സ്ഥിതി?

സുരക്ഷിതത്വത്തിന്റെ കാര്യം.. ലോകത്ത് ഏത് നാട്ടിലാണ് നിങ്ങള്‍ സുരക്ഷിതര്‍ എന്ന് കരുതുന്നത്? ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. രണ്ട് മൂന്നു വര്‍ഷം മുമ്പ് ദുബായിലും ഷാര്‍ജയിലും ഒക്കെ കുട്ടികളെ തനിയെ പുറത്ത് വിടാന്‍ ആളുകള്‍ ഭയന്നിരുന്ന ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. അതു പോലെ കുവൈറ്റില്‍ ഒരു കൊലപാതകിയെ ഭയന്ന് കുട്ടികളെ വെളിയില്‍ വിടാതിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ആണ്‍കുട്ടികളെ തട്ടി കൊണ്ടുപോയി മരുഭൂമിയില്‍ ഇട്ട് ലൈഗിക പീഡ്ഡനം നടത്തുന്ന കഥകള്‍ ദേവസേന എന്തേ ഗള്‍‍ഫ് ന്യൂസിലും ഖലീജ് റ്റൈംസിലും വായിക്കുന്നില്ല? പിന്നെ പുറത്ത് വരാത്ത എത്ര പീഡ്ഡന കഥകള്‍? 'ലോക്കല്‍സ് ' എല്ലാം മാന്യന്മാര്‍ എന്ന് കരുതുന്നവരെ ഓര്‍ത്ത് ദു:ഖം തോന്നുന്നു. സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്ത്യാക്കാരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം.

പിന്നെ ഹംദാന്‍ സ്ത്രീറ്റിലെ ബാസ്കിന്‍ റോബിന്‍സ് കടയുടെ മുമ്പില്‍ കൂടി രാത്രി പത്ത് മണി കഴിഞ്ഞ് നടക്കുന്ന ചൈനാക്കാരികളെ ആരും എന്തേ കാണാതിരുന്നത് ? ഡാന്‍സ് ബാറുകളുടെ മുമ്പില്‍ പെണ്ണുങ്ങള്‍ക്ക് വില പേശുന്ന, വെള്ളമടിച്ച് വഴിയില്‍ വന്ന് 'വാളു വെക്കുന്ന' ലോക്കല്‍ അറബികളെ ആരും കണ്ടില്ലേ? (അങ്ങനെ ലോക്കല്‍സ് ചെയ്യില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ഒരു ദിവസം എന്റെ കൂടെ വരൂ, ഞാന്‍ കാട്ടിത്തരാം. ..)


തീര്‍ച്ചയായും സാമ്പത്തിക ലാഭം തന്നെയാണ് ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. അതല്ലാതെ ദീര്‍ഘകാലം ഇവിടെ നിന്നാല്‍ പൗരത്വം കിട്ടും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടല്ല. തന്നാല്‍ പോലും അത് വാങ്ങി ജീവിക്കാന്‍ ഞാനില്ല. ഇത് പറയാന്‍ ഒത്തിരി ഒന്നും ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഇന്ത്യാക്കാരന് , അതും ഒരു ഹിന്ദു മത വിശ്വാസിക്ക് എത്ര മാത്രം വില ഗള്‍ഫിലുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.

ഒരു നാള്‍ ഇന്ത്യാക്കാരെല്ലാം തിരികെ പോകണം എന്ന് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന ഒരു രാജ്യത്തിരുന്നാണ് നമ്മള്‍ ഇത് പറയുന്നത് എന്നോര്‍ക്കണം. തിരുവായ്ക്ക് എതിര്‍‌വായ് ഇല്ലാത്ത രാജ്യങ്ങള്‍.

ഒരു സുഡാനിക്കോ ഒരു മിസറിക്കോ ഒരു പാലസ്തീനിക്കോ ഒരു ലബനോനിക്കോ കിട്ടുന്ന വില നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഒരു മുസ്ലിമിനു കിട്ടുന്ന വില മറ്റു മതങ്ങള്‍ക്ക് ഇവിടെ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക. ദേവസേനാ, പേരിനെങ്കിലും ഒരമ്പലം അബുദാബിയില്‍ കാട്ടിത്തരാമോ? കേരളത്തില്‍ (ഇന്ത്യയില്‍ ആകെ) എല്ലാ മതവിശ്വാസികള്‍ക്കും കിട്ടുന്ന സ്വാതന്ത്ര്യം ഇവിടെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടമോ? ഇതിനെതിരായി ചിലര്‍ വാദമുഖങ്ങള്‍ കൊണ്ടുവന്നേക്കാം. (ദുബായില്‍ അമ്പലം ഇല്ലേ എന്ന് ചോദിച്ചേക്കാം .. ഉത്തരം, ദുബായ് എന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ സിന്ധികള്‍ എന്ന വിഭാഗത്തിന്റെ ആവശ്യം എത്ര മാത്രം ആയിരുന്നു എന്ന് ദുബായ് ഭരണാധികാരികള്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു .) . ബഹറിനില്‍ ഒരു പള്ളി പണിയാന്‍ പെടുന്ന പാട് കഴിഞ്ഞ വര്‍ഷം കണ്ടതല്ലേ (അതോ കുവൈറ്റിലോ? ). പലയിടത്തും പൊട്ടിത്തെറികള്‍ ഉണ്ടെങ്കിലും (100 കോടിയില്‍ അധികം ജനസംഖ്യ ഉള്ള നാടാണ് എന്നോര്‍ക്കണം) ഇന്ത്യയിലെ മതേതരത്വം മാത്രം മതിയല്ലോ നമ്മുടെ നാടിനെ സ്നേഹിക്കാന്‍.

മനുഷ്യന്‍ ഒരു സമൂഹ ജീവി ആണെന്നാണ് പൊതുവെയുള്ള ധാരണ. ആ സമൂഹത്തില്‍ നന്മയും തിന്മയും കാണും. അതിലെ വിഷമുള്ള മനുഷ്യരെ മാത്രം എന്തേ നിങ്ങള്‍ കാണുന്നു? അവരില്‍ തന്നെ നിങ്ങളുടെ സഹോദരങ്ങളും കാണും എന്ന് വിചാരിച്ചിട്ടുണ്ടോ? കേരളം ഒരു സ്വര്‍ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റ് സ്വര്‍ഗങ്ങളേക്കാലും ഒട്ടും മോശമല്ല എന്റെ കേരളം, അല്ല നമ്മുടെ കേരളം. അത് മനസ്സിലാക്കുക. അത്ര മാത്രം.

11 comments:

അനില്‍ശ്രീ... said...

കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ. എല്ലാം ശരിയായി നടന്നാല്‍ ഒരു പത്ത് വര്‍ഷം കൂടി ദേവസേനയുടെ തന്നെ അബു ദാബിയില്‍ നിന്നിട്ട് നാട്ടില്‍ ചെന്ന് ബാക്കി ജീവിതം കഴിച്ചു കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യു.എ. ഇ. -യില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളം ആയി.

Bhramaran said...

Anil,
You expressed exactly the truth as it is.

ദില്‍ said...

എന്തൊക്കെ പറഞ്ഞാലും പ്രവാസികള്‍ ഒരു വര്‍ഷം ഇന്ത്യ്യിലേക്ക് അയക്കുന്ന പണം ഏതാണ്ട് ഇരുപത്തയ്യായിരം കോടി രൂപയോളം വരും. നമ്മുടെ നാട്ടിലും എല്ലാ കൊള്ളരുതായ്മകളും ഉണ്ട്. നമ്മുടെ നാട്ടിലും ഒരു വിദേശിയോ മറ്റോ വന്നാല്‍ വെറുതെ വിടാറുണ്ടോ! യു എ യും മറ്റു ജി.സി.സി രാഷ്ട്രങ്ങളും ഈ അടുത്ത കാലത്താണ് സമ്പന്നമായത്. അതിനനുസരിച്ച് അവര്‍ എല്ലാ മേഖലയിലും പുരോഗമനം വരുത്തുന്നുണ്ട്. പിന്നെ, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ കാര്യം. നമ്മള്‍ മലയാളികളും ഇടനിലക്കാരായി ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. അപ്പോള്‍ അറബികളെക്കുറിച്ച് പറയാന്‍ നമുക്കെന്തവകാശം?

അനില്‍ശ്രീ... said...

ദില്‍,
ദേവസേനയുടെ പൊസ്റ്റിന് അനുബന്ധമായാണ് ഈ പൊസ്റ്റ് ഇട്ടത്.. (ആ പോസ്റ്റില്‍ ഇട്ട കമന്റ് തന്നെയാണ്). കേരളത്തെ കുറിച്ച് ചീത്തയും ഗള്‍ഫിനെ കുറിച്ച് നല്ലതും മാത്രം കണ്ടു എന്ന് തോന്നിയ ഒരു പോസ്റ്റിനു ഒരു വിയോജനക്കുറിപ്പ് ആണിത്. അല്ലാതെ സത്യമായും അറബികളെ കുറ്റം പറയാന്‍ എഴുതിയതല്ല. ഇവിടെയും ഇങ്ങനെ ഒക്കെ നടക്കുന്നു എന്ന് മാത്രമാണ് എഴുതിയതിന്റെ സാരം. അപ്പോള്‍ നമ്മുടെ നാടിനെ മാത്രം കുറ്റം പറയുന്നത് ശരിയല്ല എന്ന് തോന്നി. അത്രയേ ഉള്ളു. നമ്മുടെ നാടാണ് സ്വര്‍ഗ്ഗം എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ നമ്മുടെ നാട് ഒരു നരകം ആണ് എന്ന് മാത്രം പറയില്ല...പറയുന്നത് എനിക്കിഷ്ടമില്ല... കാരണം കേരളം എനിക്കെന്നും പ്രിയപ്പെട്ടത് തന്നെ...

ദില്‍ said...

ഞാന്‍ ഇപ്പോഴാണ്, ദേവസേനയുടെ പോസ്റ്റ് വായിച്ചത്. വേണ്ടാതീനങ്ങള്‍ എല്ലായിടത്തും ഉണ്ട്. അതു കേരളമായലും, ഗള്‍ഫ് ആയാലും അമേരിക്ക ആയാലും. ഓരോരുത്തവരുടെ അനുഭവങ്ങള്‍ ഓരോന്ന് പറയിക്കും. ഈ ഞാനും കേരളത്തെ ഒരുപാടിഷ്ടപ്പെടുന്നു. കേരളീയരല്ലാത്ത മറ്റു ഇന്ത്യാക്കാരുടെ പുഛവും മറ്റും ഏറ്റുവങ്ങേണ്ടി വരുന്നു. ഒപ്പം എന്നെക്കൊണ്ടാവുന്ന പോലെ എതിര്‍ക്കുകയും ചെയ്യുന്നു. പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം പറയാതെ വയ്യ. പിന്തിരിപ്പന്‍ സ്വഭാവം കേരളത്തില്‍ വളരെ കൂടുതലാണ്. മറ്റു സംസ്ഥാനങ്ങള്‍ വളരെയധികം വികസിച്ചപ്പോള്‍, കേരളം ഇപ്പോഴും പിന്നോക്കം തന്നെ. കേരളത്തിന് വെളിയില്‍ ജോലിചെയ്യുന്ന എല്ലാവരും ഒരു നാള്‍ ജോലിയില്ലതെ തിരിച്ച് കേരളത്തിലെത്തിയാല്‍, നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി എന്താകും?

Noti Morrison said...

I agree with you on the main issue - that Kerala is a good place to live.

But that does not mean it is heaven on earth. What prevents us from having good roads? And please do not whitewash corruption - I had to run around every office in Trivandrum and grease every palm (dont remember the faces, but I remember the palms) I met to get a building permit even after having a high court order. From what I experienced, we should get rid of the bureacracy.

All said, I do want to come back to Kerala.

ശ്രീ said...

“കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ”

എനിയ്ക്കും...
:)

അനില്‍ശ്രീ... said...

മോറിസണ്‍... "കേരളം ഒരു സ്വര്‍ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല" എന്ന അവസാന പാരഗ്രാഫ് കണ്ടില്ലേ? .. കേരളത്തെ സല്‍ഗുണ സമ്പന്നമായ ഒരു സ്വര്‍ഗ്ഗ ഭൂമി ആണെന്നും പറയുന്നില്ല... പക്ഷേ കേരളത്തെ ഇത്ര കൊച്ചാക്കേണ്ട കാര്യം ഇല്ല എന്നു മാത്രമേ പറയുന്നുള്ളു..

അഴിമതി ഇല്ലാത്ത ഏത് സംസ്ഥാനമാണ് ഇന്ത്യയില്‍ ഉള്ളത്?, പോട്ടെ ഏത് മൂന്നാം ലോക രാജ്യമാണ് ലോകത്തുള്ളത്?

അപ്പു said...

അനില്‍ശ്രീ പോസ്റ്റ് വായിച്ചു. ചിലകാര്യങ്ങളിലൊക്കെ എതീരഭിപ്രായം ഉണ്ട്.

രണ്ട് ദിവസം മഴ പെയ്താല്‍ തകരുന്നതല്ലേ ഇവിടുത്തെ റോഡ് സം‌വിധാനം? അപ്പോള്‍ വര്‍ഷത്തില്‍ 160 ദിവസത്തില്‍ കൂടുതല്‍ മഴ പെയ്താല്‍ എന്തായിരിക്കും സ്ഥിതി? ഇതെനിക്ക് ഒട്ടും യോജിക്കാന്‍ പറ്റാ‍ത്ത കാര്യമാണ്. കേരളത്തിലേതിനു തുല്യമായ മഴക്കാലം ഉള്ള സ്ഥലങ്ങളാണ് മലേഷ്യ, സിംഗപ്പൂര്‍, തായ് ലാന്റ് തുടങ്ങിയ പ്രദേശങ്ങള്‍. അവിടുത്തെ റോഡ് സംവിധാനങ്ങള്‍ ഇങ്ങനെയല്ലല്ലോ. എത്രമഴപെയ്താലും തകരുന്നുമില്ല.

എല്ലാവര്‍ക്കും അവരവര്‍ പിറന്ന നാടുതന്നെയാണ് നല്ലത്, പെറ്റമ്മയെപ്പോലെ. എനിക്കും അങ്ങനെതന്നെ. പക്ഷേ നമ്മുടെ നാടിനെ ഇപ്പരുവത്തില്‍ ആക്കിവച്ചിരിക്കുന്നത് നാടിന്റെ കുഴപ്പം കൊണ്ടല്ല, അവിടെ ഭരണത്തിലിരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, രാഷ്ട്രീയത്തിനതീതമായി കാര്യങ്ങള്‍ ചെയ്യാത്തതും ആണ്. നമ്മുടെ നാട്ടുകാരുടെ അതിരുകവിഞ്ഞ രാഷ്ട്രീയ അവബോധവും, എന്തിലും ഏതിലും കേറി വികാരം കൊള്ളുകയും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന രീതികളുമാണ്. നാടിനല്ല കുഴപ്പം, വ്യവസ്ഥിതികള്‍ക്കാണ്. കറണ്ടു പോകാത്ത ഒരു ദിവസവും,രണ്ടു മണിക്കൂറുകൊണ്ട് റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്താനുള്ള സംവിധാനവും, കൈക്കൂലിയില്ലാതെ ഏതു സര്‍ക്കാരോഫീസില്‍ നിന്ന് ഒരു കാര്യം സാധിച്ചു കിട്ടും എന്നുള്ള അവസ്ഥയൂം, ബന്ദും ഹര്‍ത്താലുമില്ലാതെ സ്വസ്തമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും നമുക്ക് ഈയിടെയെങ്ങാനും സ്വപ്നം കാണാന്‍ പറ്റുമോ? ഇല്ല. അതൊക്കെ ഇവിടെയുണ്ട്. ഇവിടെ നില്‍കുന്നകാലത്ത് അതൊക്കെ അനുഭവിക്കാം. എന്തൊക്കെയായാലും പ്രവാസി എന്നും പ്രവാസിതന്നെ. അവനവന്റെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്ര്യം മറ്റൊരിടത്തും കിട്ടുകയില്ല. കൊള്ളരുതായ്മകള്‍ എല്ല്ലാ സ്ഥലങ്ങളിലും ഉണ്ട്.

Rajeeve Chelanat said...

അനില്‍ശ്രീ,

ഒരു പരിധിവരെ മാത്രം യോജിക്കുന്നു. അമ്പലങ്ങളും പള്ളികളുമൊന്നുമല്ല ആവശ്യം. ഹിന്ദു എന്ന നിലക്കല്ല, ഇന്ത്യക്കാരന്‍, മലയാളി എന്നൊക്കെയുള്ള മട്ടിലാണ് പ്രവാ‍സ ജീവിതത്തെ ഞാന്‍ കാണാനും അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നത്. മതത്തിന്റെ പേരിലുള്ള ഏതു വിലയിരുത്തലും ഉപരിപ്ലവമാവുകയും ചെയ്യും.
അമ്പലങ്ങളും പള്ളികളും ഉണ്ടായതുകൊണ്ട്, ഇവിടെയെന്നല്ല,എവിടെയും, ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മ വന്നിട്ടുണ്ടെന്നും ഞാന്‍ കരുതുന്നില്ല.

ദേവസേനയുടെ ബ്ലോഗ്ഗ് കണ്ടിട്ടില്ല. വായിക്കാം.
അദ്ധ്വാനത്തിനെയും,അദ്ധ്വാനിക്കുന്നവരെയും ചൂഷണം ചെയ്യുന്നതില്‍ ആരും ഒട്ടും പുറകിലുമല്ല.

പിന്നെ കേരളം, അല്ലെങ്കില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളേക്കാളും മഹത്തരമാണെന്നോ, ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്നോ ഞാന്‍ കരുതുന്നുമില്ല. എല്ലാവര്‍ക്കും തന്‍‌‌കുഞ്ഞ് പൊന്‍‌കുഞ്ഞാണല്ലോ. അല്ലെന്ന തിരിച്ചറിവ് വരും‌വരെ. അത്രയേയുള്ളു.

പക്ഷേ, കേരളം എന്റെ ഭാഗം തന്നെയാണ്. മറ്റെല്ലാ നാടിനേക്കാളും. അത് എന്റെ ഐഡന്റിറ്റിയുടെ പ്രശ്നമാണ്. ഭൌതികവും മാനസികവുമായ താദാത്മ്യപ്പെടലിന്റെ പ്രശ്നം. അതിന് ദേശാഭിമാനവുമായി ഒരു ബന്ധവുമില്ലതാനും. ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്.

അഭിവാദ്യങ്ങളോടെ

ഗൗരിനാഥന്‍ said...

ഞാനും ദേവസേനക്ക് എഴുതിയിരുന്നു സ്വന്തം നാട് പോലെ സ്വന്തമായുണ്ട്‌ , ഇവിടെ (യുകെ) യില്‍ എത്ര സമ്പത്ത് ഉള്ളവന്‍ ആയാലും വലിഞ്ഞു കയറിയവന്‍ തന്നെ.പിന്നെ ഞങ്ങള്‍ തളിക്കുളത് കാര്‍ അന്‍പതു% വും ഗള്‍ഫ് കാരാണ്..അവകാശങ്ങളെ ഇല്ല്യാത്തവര്‍ എന്നാണ് എന്റെ ആങ്ങള അവരെ കുറിച്ചു പറയാറ്‌..ഒരു വയലേഷന്‍ ഉണ്ടായാല്‍ പരാതി കൊടുത്താല്‍ അതു ശരിയാകും എന്നാ പ്രതീക്ഷ ഇല്ല്യ..കേരളത്തിലാണേല്‍ അതു നമ്മുക്ക് ഇങ്ങനേം നടത്താം..പിന്നെ സേഫ്റ്റി യുടെ കാര്യം പറയാറുണ്ട്...നമ്മുടെ നടു പോലെ സമാധാനം എവിടെ ഉണ്ട്..പറയുമ്പോള്‍ കണ്ണൂര്‍ കൊലപാതകങ്ങള്‍ മാത്രമായിട്ട് പറയരുത്.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍