Apr 13, 2008

വിഷുവും എന്റെ ജീവിതവും

മറ്റൊരു വിഷു കൂടി...

വിഷു എല്ലാവര്‍ക്കും നല്ല ഓര്‍മകളൂടേതാണ് എന്ന് വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. എല്ലാവര്‍ക്കും അങ്ങനെ ആവില്ല എന്ന് നല്ലവണ്ണം അറിയാം .. എങ്കിലും ..


പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997-ലെ വിഷു. 93-ല്‍ നാട്ടകം പോളിടെക്‌നികില്‍ നിന്നും സിവില്‍ പാസായി ഒരു പ്രൈവറ്റ് പ്രോപര്‍ട്ടി ഡവലപ്മെന്റ് കമ്പനിയുടെ ഫ്ലാറ്റ് പണിയിക്കുന്ന സൈറ്റുകളില്‍ കോണ്ട്രാക്റ്റര്‍മാരെ സൂപ്പര്‍‌വൈസ് ചെയ്ത് നടക്കുന്ന കാലം. അന്നു രാവിലെ അമ്മ ഉണ്ടാക്കിയ കുമ്പിള്‍* അപ്പവുമായി എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു. ഒരിക്കലും ഞാന്‍ പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വഴിത്തിരിവ്.

ആ വിഷുവിന്റെ രണ്ടാം ദിവസം എനിക്ക് തിരുവനന്തപുരത്ത് ഒരു PSC Test. അതായത് പിറ്റേ ദിവസം എനിക്ക് തിരുവനന്തപുരത്ത് എത്തണം. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്ന് പത്തു മണിക്ക് ഇറങ്ങി, കോട്ടയെത്തെത്തി ഒരു നൂണ്‍ഷോ ഒക്കെ കണ്ട് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് ചേച്ചിയുടെ വീട്ടിലേക്ക് യാത്രയാകേണ്ട ഞാന്‍ , എല്ലാ പരിപാടികളും മാറ്റിവച്ച് അതിരാവിലെ എഴുനേറ്റ് ഏഴു മണിക്കുള്ള വഞ്ചിനാട് പിടിക്കാന്‍ തീരുമാനിച്ചത് ആ വിഷു നാളിലാണ്. കാരണം എന്റെ ആ കൂട്ടുകാരി അന്ന് നെയ്യാറ്റിന്‍‌കരയില്‍ അപ്രന്റീസ്‌ഷിപ്പ് ചെയ്യുന്ന കാലം. അവള്‍ രാവിലെ വഞ്ചിനാടിന് തിരുവനന്തപുരത്തിന് പോകുന്നു. അപ്പോള്‍ പിന്നെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് കരുതിയതില്‍ എന്താ തെറ്റ് ?

കൂട്ടുകാരി എന്ന് പറഞ്ഞു പോയാല്‍ ശരിയാകില്ല... എനിക്കെങ്ങനെ അവള്‍ കൂട്ടുകാരി ആകും എന്ന് ചോദിച്ചാല്‍ ?? അതായത് എന്റെ അളിയന്റെ ബന്ധുവായ ഒരു പെണ്‍കുട്ടി പോളിടെക്‌നികില്‍ അഡ്മിഷന്‍ കിട്ടി എന്റെ ജൂനിയര്‍ ആയി പഠിക്കാന്‍ വന്നപ്പോള്‍, പഠന സഹായങ്ങളായി പുസ്തകം, നോട്ടുകള്‍ ഒക്കെ കൈമാറി ഉണ്ടായ സൗഹൃദം. അളിയന്റെ ബന്ധുത്വം ഉള്ളതിനാല്‍ വീട്ടിലും വരുമായിരുന്ന ഒരു പെണ്‍കുട്ടി. അതായിരുന്നു അന്ന് പ്രിയ.

ഏതായാലും ആ തിരുവനന്തപുരം യാത്ര ഞങ്ങളുടെ ജീവിതയാത്രയുടെ തുടക്കമായി. രണ്ട് പേരും മനസ്സില്‍ കൊണ്ടു നടന്നിരുന്ന സ്നേഹം തുറന്ന് പറയാന്‍ നാലു മണിക്കൂര്‍ നീളുന്ന ആ യാത്ര ധാരാളമായിരുന്നു .

അന്നു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. സമാന്തര രേഖകള്‍ക്ക് മേലേ ഒരു ബോഗിയില്‍ എന്ന പോലെ ജീവിതം കുതിച്ചും കിതച്ചും മുംമ്പോട്ടു തന്നെ . യാത്രക്കിടയില്‍ രണ്ട് കുഞ്ഞതിഥികള്‍ വന്നു. കൂട്ടിന് ബന്ധുക്കളും പിന്നെ എണ്ണമില്ലാത്ത സൗഹൃദങ്ങളും. അഴികള്‍ ഇട്ട ജനലില്‍ കൂടി നോക്കുമ്പോള്‍ പല മുഖങ്ങളും കാണുന്നു. അതൊന്നും കാലപ്രവാഹത്തില്‍ നിലനില്‍ക്കാതെ കടന്നു പോകുന്നു. പിന്നെ ഓര്‍മകള്‍ മാത്രം. നിലനില്‍ക്കുന്നത് എല്ലാം എന്റെ കൂടെ ഈ ബൊഗിക്കുള്ളില്‍ ഉണ്ട് എന്ന സത്യം എനിക്കറിയാം . അവസാനം പാളങ്ങള്‍ക്ക് കുറച്ച് മുകളില്‍ കുറുകെ വച്ച മരത്തടി പോലെ മരണം വന്ന് നില്‍ക്കുന്ന കാലത്തോളം ഈ യാത്ര തുടരും. അതു വരേയും എന്റെ കൂടെ ആ കൂട്ടുകാരിയും കാണും , ഒരു വിഷുക്കണി പോലെ ... എനിക്ക് കിട്ടിയ കൈനീട്ടം പോലെ ....


എല്ലാവര്‍ക്കും വിഷു ആശംസകള്‍ ....

എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും മനസമാധാനത്തിന്റെയും ഒരു വര്‍ഷം ആശംസിക്കുന്നു .

******* ******* ******* ******* ******* ******* ******* ******* *******
* കുമ്പിള്‍ : അരിപ്പൊടിയും ശര്‍ക്കര പാവും കൂട്ടി കുഴച്ച് ചക്ക പഴവും ഇട്ട് (ചക്ക വിളയിച്ചതും ഇടാറുണ്ട്) 'വഴന'യില കോട്ടി കുമ്പിള്‍ ഉണ്ടാക്കി അതിനകത്ത് ഈ മാവ് കുഴച്ചത് വച്ച് ഇഡ്ഡലി തട്ടില്‍ വച്ച് പുഴുങ്ങി ഉണ്ടാക്കുന്ന ഒരു അപ്പം .

12 comments:

അനില്‍ശ്രീ... said...

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997-ലെ വിഷു. അന്നു രാവിലെ അമ്മ ഉണ്ടാക്കിയ കുമ്പിള്‍* അപ്പവുമായി എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു. ഒരിക്കലും ഞാന്‍ പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വഴിത്തിരിവ്.

ഓ.ടോ
(അവസാനം പറഞ്ഞത് ഒക്കെ എന്റെ പ്രിയതമ പോലും വിശ്വസിക്കുമോ എന്നറിയില്ല .. )

കാവലാന്‍ said...

അനില്‍ ശ്രീ.............
കുടുമ്മത്തിനും,കുട്ട്യോള്‍ക്കും,പിന്നെ സഹധര്‍മ്മിണിയ്ക്കും നന്മ നിറഞ്ഞ
വിഷു ആശംസകള്‍.

കുഞ്ഞന്‍ said...

അനിലാ

അനിലനും കുഞ്ഞുങ്ങള്‍ക്കും വാമഭാഗത്തിനും കുഞ്ഞന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്‍..!

അനിലന്റെ തീവണ്ടി പാളം തെറ്റാതെ ആഹ്ലാദത്തിന്റെ ഐശ്വര്യത്തിന്റെയും മണികള്‍ മുഴക്കി ദീര്‍ഘകാലം സഞ്ചരിക്കട്ടെ...

അഗ്രജന്‍ said...

ഹല്ല... ഈ നെലക്ക് ഒരു പെണ്‍കുട്ടിയെ എങ്ങിനെ അനിലിന്‍റെ കൂടെ ട്രയിനില്‍ 4 മണിക്കൂര്‍ നേരം ഇരുത്തും :)

നല്ല വിഷുക്കുറിപ്പ്...

അനിലിനും പ്രിയയ്ക്കും മക്കള്‍ക്കും എന്‍റേയും കുടുംബത്തിന്‍റേയും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍

യാരിദ്‌|~|Yarid said...

അനിലെ വിഷു ആശംസകളു നേരുന്നു..:)

തറവാടി said...

വിഷു ആശംസകള്‍.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കുമ്പളപ്പം നമ്മള്‍ കോട്ടയം കാരുടെ ഒരു സ്പെഷ്യല്‍ വിഭവമാണു.അനില്‍ അതു പറഞ്ഞപ്പോള്‍ ഈ മണലാരണ്യത്തില്‍ ഇരുന്നു നാട്ടിലെ വിഷുക്കാലം ഒന്നോര്‍ത്തു പോയി

അനില്‍ശ്രീ... said...

കാവലാന്‍,

ആശംസകള്‍ക്ക് നന്ദി.

കുഞ്ഞാ‍,

അനിലന്റെ തീവണ്ടിയില്‍ സൗഹൃദത്തിന്റെ കുളിര്‍കാറ്റായി എന്നും കാണണം..

അഗ്രജാ..
ആ യാത്ര ഒരു നിമിത്തം മാത്രമായിരുന്നു.. അല്ലെങ്കിലും അതെന്നെങ്കിലും സംഭവിച്ചേനെ. കുടുബത്തിന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

യാരിദ്‌|~|Yarid,

ആശംസകള്‍ക്ക് നന്ദി...

തറവാടി,

തറവാട്ടില്‍ എല്ലാവര്‍ക്കും ഞങ്ങളുടെയും വിഷു ആശംസകള്‍.

അനൂപ്‌,
ഇതൊക്കെയല്ലേ പ്രവാസികളുടെ നൊസ്റ്റാള്‍ജിയകള്‍ ....

കുമ്പളപ്പം ഉണ്ടാക്കാന്‍ ഒരു കെട്ട് വഴനയിലയാണ് കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ നിന്ന്‍ കൊണ്ടു വന്നത്.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്‍.. നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരായിരം ആശംസകള്‍ ...

അപ്പു said...

അനിലിനും കുടുംബത്തിനും വിഷു ആശംസകള്‍!

അത്ക്കന്‍ said...

വിഷുവിന് കൊന്നപ്പൂങ്കുലയാല്‍ അലുക്കത്ത് തീര്‍ത്തീടുന്നു അനിലിനും കുടുംബത്തിനും

നന്ദു said...

അനില്‍ ചില കാര്യങ്ങള്‍ അങ്ങിനെയാണ്‍... ഒക്കെ ഒരു നിമിത്തം പൊലെ..!

ആ കൊച്ചിന്റെ ഏഴരാണ്ട് ശനിക്കാ ആ വഞ്ചിനാട് തന്നെ പിടിക്കാന്‍ തോന്നിയത്?..ഹ..ഹ..ഹ. :)

ശ്രീ said...

ഈ പോസ്റ്റ് കാണാതെ പോയി, മാഷേ...

നല്ല ഓര്‍മ്മക്കുറിപ്പ്. അന്നു തുടങ്ങിയ ആ ജീവിതയാത്ര ഇനിയും ഒരുപാടൊരുപാടു കാമം സന്തോഷത്തോടെ തുടരാനാകട്ടെ.

കുമ്പിള്‍ അപ്പം കാരണം ഇതു വായിയ്ക്കാന്‍ പറ്റി.
:)

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍