..നാളെ 08/08/08 നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസം. അതിന്റെ പ്രത്യേകതകളെ കുറിച്ചൊന്നും എനിക്ക് നല്ല നിശ്ചയം ഇല്ല. ജ്യോതിഷത്തില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നൊക്കെ നാളത്തെ പത്രത്തില്‍ കാണൂം. ഏതായാലും, നാളെ രാവിലെ എന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തും. (ഞാന്‍ അടുത്ത ആഴ്ചയും). എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തിരി ലേറ്റായാല്‍, എട്ട് മണി കഴിഞ്ഞ് എട്ട് മിനിറ്റ് ആകുമ്പോള്‍ ഇറങ്ങിയാല്‍ , അവര്‍ നാട്ടില്‍ എത്തുന്ന സമയം ഇതു പോലെയവും. 08.08.08, 08:08. (6.05 ആണ് യഥാര്‍ത്ഥ സമയം ..എക്സ്പ്രസ് അല്ലേ ഒന്നും പറയാനാവില്ല.. ഇതുപോലെ..)
അപ്പോള്‍ പറഞ്ഞു വന്നത് വീണ്ടും ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന് എന്റെ ലീവ് ഒരാഴ്ച്ക കഴിഞ്ഞേ തുടങ്ങൂ. അതിനാല്‍ ആദ്യം കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിടുന്നു. എങ്കിലും നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണിപ്പോള്‍. സെപ്തംബര്‍ അഞ്ചിന് എല്ലാവരും കൂടി തിരികെ പോരും. അതിനിടയില്‍ എന്തൊക്കെ ചെയ്തു തീര്‍ക്കണം എന്ന് ഒരു പിടിപാടുമില്ല. ആകെ കിട്ടുന്നത് 20 ദിവസം ആണ്. ഏതായാലും മഴക്കാലം ഞങ്ങള്‍ക്ക് വേണ്ടി എന്ന പോലെ നീണ്ടു നില്ക്കുന്നു. അത് യാത്രകളെ ബാധിക്കുമോ എന്ന ആശങ്ക ഇല്ലാതെയില്ല. എങ്കിലും..കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഈ സീസണില്‍ ഒരു കേരള സന്ദര്‍ശനം.
കുട്ടികള്‍ നാടു കാണാന്‍ കാത്തിരിക്കുന്നു. മഴ വെള്ളത്തിലൂടെയും ചെളിയിലൂടെയും ഓടി നടന്ന് വളര്‍ന്ന കുട്ടിക്കാലം. അവര്‍ക്ക് നഷ്ടപ്പെടുന്ന ഒന്നാണത്. വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും സൈഡില്‍ കൂടി ഒഴുകി വരുന്ന വെള്ളത്തിലെ ചെറിയ കുഴികളിലും ഒരു കാല് ഉയത്തി ചവിട്ടി തെറിച്ചുയരുന്ന വെള്ളത്തെ മറുകാലു കൊണ്ട് തൊഴിക്കുമ്പോള്‍ പടക്കം പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. സ്കൂളില്‍ നിന്ന് നടന്നു വരുമ്പോള്‍ ഒരു പ്രധാന ഹോബി ആയിരുന്നത്.
അതുപോലെ തീരെ കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഒരു ഹോബി എന്താണെന്ന് പറയാം. രാവിലെ എണീറ്റ് പേസ്റ്റുമെടുത്ത് പല്ലുതേയ്ക്കാന്‍ മുറ്റത്തിറങ്ങിയാല്‍ അവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പല്ലു തേച്ച് തുപ്പും. അപ്പോള്‍ അത് വെള്ളത്തിന്റെ മേലെ വീണ് മത്താപ്പൂ വിരിയുന്ന പോലെ വിരിയും. അതു നോക്കിയിരിക്കും. കുറച്ച് കഴിയുമ്പോള്‍ അത് കൂടിചേര്‍ന്ന് പല രൂപങ്ങള്‍ ഉണ്ടാകും. അതൊക്കെ പലതുമായി സങ്കല്‍പ്പിക്കും. ഇത് ആര്‍ക്കെങ്കിലും ഉണ്ടായിരുന്ന ഹോബി ആണോ എന്നൊന്നും എനിക്കറിയില്ല.
പറന്നുയരുന്ന പടുത ഉള്ള, (ഷട്ടറില്ലാത്ത) ബസില്‍ മിക്കവാറും പകുതി നനഞ്ഞായിരിക്കും യാത്രകള്‍. തണുപ്പാണെങ്കിലും അതും ഒരു രസം തന്നെ. ഒരു കുടയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്ന സുഖവും ഓര്‍മിക്കാന്‍ നല്ല രസം. വലത് സൈഡില്‍ നില്ക്കുന്നവന്റെ വലതു സൈഡും, ഇടത് സൈഡില്‍ നില്ക്കുന്നവന്റെ ഇടത് സൈഡും മുഴുവന്‍ നനയും. ആരെങ്കിലും കുടയില്ലാതെ നില്‍ക്കുന്നത് കണ്ടാല്‍ വിളിച്ചു കയറ്റുമായിരുന്നു അന്നൊക്കെ. അല്ലെങ്കില്‍ ചിലപ്പോള്‍ മഴ കുറയുന്നത് വളരെ വൈകി ആയിരിക്കുമല്ലോ. മറ്റുള്ള കുട്ടികളെ കുടയില്‍ കയറ്റാത്തവന്മാരും ഉണ്ടായിരുന്നു.
പിന്നെയുള്ള പ്രധാന ഓര്മ ആറ്റു വരമ്പത്തായിരുന്നു. മീന്‍പിടുത്തം. അതിനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഒരു വലയുമെടുത്ത് വീശാന്‍ പോകണം എന്ന് കരുതുന്നു. കുട്ടികള്‍ ഈ സംഗതി ഇതു വരെ കണ്ടിട്ടില്ല. അതൊന്നു കാണിച്ച് കൊടുക്കണം.
ഭാഗ്യത്തിന് ഒന്നു രണ്ട് കല്യാണങ്ങള്‍ ഉണ്ട്. അതൊന്നു കൂടണം. കുട്ടികളെ കല്യാണം കാണിക്കണം. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ചടങ്ങുകള്‍ നേരില്‍ കാണിക്കാന്‍ കിട്ടുന്ന ഒരവസരം.
കേരളത്തില്‍ കൂടി നടക്കുമ്പോള്‍ വഴിയില്‍ എങ്കിലും ഒരു ബ്ലോഗറെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണ് അവധിക്കാല ആഗ്രഹങ്ങള്‍. ബാക്കി ഒക്കെ അവിടെ വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയിരിക്കുന്നു.
വാല്‍ക്കഷണം
ഗള്‍ഫില്‍ ജീവിക്കുന്ന മലയാളി എന്ന് പറയാന്‍ തന്നെ നാണം തോന്നിക്കുന്ന ഒരു പരിപാടി ഇന്നലെയും ഏഷ്യാനെറ്റില്‍ കണ്ടു. എന്തോ ഒരു ക്വിസ്. ചോദ്യങ്ങള്‍ നല്ല "നിലവാരമുള്ളവ". (ഉദാ:പാമ്പിന് പല്ലിയോടാണോ, തവളയോടാണോ സാമ്യം?)
അവതാരക. സോഴി ക്വിസ് മിഷ്ട്രസ്, റണ്‍ജിനി ഹഴിദാസ്.. അതില്‍ മലയാളം അറിയാമെങ്കിലും (ഇംഗ്ലീഷ് ശരിക്ക് അറിയില്ലയെങ്കിലും) 'മളയാളം' പറയാത്ത ചില "നാടന്‍" മദാമ്മമാര്. ഇംഗ്ലീഷ് മാത്രം തുപ്പുന്ന കുറച്ച് കുട്ടികള്‍.ആ പരിപാടി കാണുന്ന മലയാളികളോട് ക്ഷമാപണത്തോടെ ഒരു കാര്യം പറയട്ടെ, ഗള്‍ഫില്‍ ഉള്ള കുട്ടികള്‍ എല്ലാം അങ്ങനെയാണെന്ന് വിചാരിക്കരുതേ, പ്ലീസ്.
കുട്ടികള്‍ ഒരിക്കലും "അതു പോലെ ആകരുതേ" എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് ഈ ചെറിയ സന്ദര്‍ശനങ്ങള്‍ നാടിനെ അറിയാന്‍ കുട്ടികളെ സഹായിക്കണേ എന്നാണ് ആശ.
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago