Aug 7, 2008

നാളെ 08/08/08, മറ്റൊരു അവധിക്കാലത്തിന്റെ ആരംഭം.

..നാളെ 08/08/08 നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസം. അതിന്റെ പ്രത്യേകതകളെ കുറിച്ചൊന്നും എനിക്ക് നല്ല നിശ്ചയം ഇല്ല. ജ്യോതിഷത്തില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നൊക്കെ നാളത്തെ പത്രത്തില്‍ കാണൂം. ഏതായാലും, നാളെ രാവിലെ എന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തും. (ഞാന്‍ അടുത്ത ആഴ്ചയും). എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തിരി ലേറ്റായാല്‍, എട്ട് മണി കഴിഞ്ഞ് എട്ട് മിനിറ്റ് ആകുമ്പോള്‍ ഇറങ്ങിയാല്‍ , അവര്‍ നാട്ടില്‍ എത്തുന്ന സമയം ഇതു പോലെയവും. 08.08.08, 08:08. (6.05 ആണ് യഥാര്‍ത്ഥ സമയം ..എക്സ്പ്രസ് അല്ലേ ഒന്നും പറയാനാവില്ല.. ഇതുപോലെ..)

അപ്പോള്‍ പറഞ്ഞു വന്നത് വീണ്ടും ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന് എന്റെ ലീവ് ഒരാഴ്ച്ക കഴിഞ്ഞേ തുടങ്ങൂ. അതിനാല്‍ ആദ്യം കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിടുന്നു. എങ്കിലും നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണിപ്പോള്‍. സെപ്തംബര്‍ അഞ്ചിന് എല്ലാവരും കൂടി തിരികെ പോരും. അതിനിടയില്‍ എന്തൊക്കെ ചെയ്തു തീര്‍ക്കണം എന്ന് ഒരു പിടിപാടുമില്ല. ആകെ കിട്ടുന്നത് 20 ദിവസം ആണ്. ഏതായാലും മഴക്കാലം ഞങ്ങള്‍ക്ക് വേണ്ടി എന്ന പോലെ നീണ്ടു നില്‍ക്കുന്നു. അത് യാത്രകളെ ബാധിക്കുമോ എന്ന ആശങ്ക ഇല്ലാതെയില്ല. എങ്കിലും..കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഈ സീസണില്‍ ഒരു കേരള സന്ദര്‍ശനം.

കുട്ടികള്‍ നാടു കാണാന്‍ കാത്തിരിക്കുന്നു. മഴ വെള്ളത്തിലൂടെയും ചെളിയിലൂടെയും ഓടി നടന്ന് വളര്‍ന്ന കുട്ടിക്കാലം. അവര്‍ക്ക് നഷ്ടപ്പെടുന്ന ഒന്നാണത്. വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും സൈഡില്‍ കൂടി ഒഴുകി വരുന്ന വെള്ളത്തിലെ ചെറിയ കുഴികളിലും ഒരു കാല്‍ ഉയത്തി ചവിട്ടി തെറിച്ചുയരുന്ന വെള്ളത്തെ മറുകാലു കൊണ്ട് തൊഴിക്കുമ്പോള്‍ പടക്കം പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. സ്കൂളില്‍ നിന്ന് നടന്നു വരുമ്പോള്‍ ഒരു പ്രധാന ഹോബി ആയിരുന്നത്.

അതുപോലെ തീരെ കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ഒരു ഹോബി എന്താണെന്ന് പറയാം. രാവിലെ എണീറ്റ് പേസ്റ്റുമെടുത്ത് പല്ലുതേയ്ക്കാന്‍ മുറ്റത്തിറങ്ങിയാല്‍ അവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പല്ലു തേച്ച് തുപ്പും. അപ്പോള്‍ അത് വെള്ളത്തിന്റെ മേലെ വീണ് മത്താപ്പൂ വിരിയുന്ന പോലെ വിരിയും. അതു നോക്കിയിരിക്കും. കുറച്ച് കഴിയുമ്പോള്‍ അത് കൂടിചേര്‍ന്ന് പല രൂപങ്ങള്‍ ഉണ്ടാകും. അതൊക്കെ പലതുമായി സങ്കല്പ്പിക്കും. ഇത് ആര്‍ക്കെങ്കിലും ഉണ്ടായിരുന്ന ഹോബി ആണോ എന്നൊന്നും എനിക്കറിയില്ല.

പറന്നുയരുന്ന പടുത ഉള്ള, (ഷട്ടറില്ലാത്ത) ബസില്‍ മിക്കവാറും പകുതി നനഞ്ഞായിരിക്കും യാത്രകള്‍. തണുപ്പാണെങ്കിലും അതും ഒരു രസം തന്നെ. ഒരു കുടയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്ന സുഖവും ഓര്‍മിക്കാന്‍ നല്ല രസം. വലത് സൈഡില്‍ നില്‍ക്കുന്നവന്റെ വലതു സൈഡും, ഇടത് സൈഡില്‍ നില്‍ക്കുന്നവന്റെ ഇടത് സൈഡും മുഴുവന്‍ നനയും. ആരെങ്കിലും കുടയില്ലാതെ നില്‍ക്കുന്നത് കണ്ടാല്‍ വിളിച്ചു കയറ്റുമായിരുന്നു അന്നൊക്കെ. അല്ലെങ്കില്‍ ചിലപ്പോള്‍ മഴ കുറയുന്നത് വളരെ വൈകി ആയിരിക്കുമല്ലോ. മറ്റുള്ള കുട്ടികളെ കുടയില്‍ കയറ്റാത്തവന്മാരും ഉണ്ടായിരുന്നു.

പിന്നെയുള്ള പ്രധാന ഓര്‍മ ആറ്റു വരമ്പത്തായിരുന്നു. മീന്‍പിടുത്തം. അതിനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഒരു വലയുമെടുത്ത് വീശാന്‍ പോകണം എന്ന് കരുതുന്നു. കുട്ടികള്‍ ഈ സംഗതി ഇതു വരെ കണ്ടിട്ടില്ല. അതൊന്നു കാണിച്ച് കൊടുക്കണം.

ഭാഗ്യത്തിന് ഒന്നു രണ്ട് കല്യാണങ്ങള്‍ ഉണ്ട്. അതൊന്നു കൂടണം. കുട്ടികളെ കല്യാണം കാണിക്കണം. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ചടങ്ങുകള്‍ നേരില്‍ കാണിക്കാന്‍ കിട്ടുന്ന ഒരവസരം.

കേരളത്തില്‍ കൂടി നടക്കുമ്പോള്‍ വഴിയില്‍ എങ്കിലും ഒരു ബ്ലോഗറെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണ് അവധിക്കാല ആഗ്രഹങ്ങള്‍. ബാക്കി ഒക്കെ അവിടെ വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയിരിക്കുന്നു.

വാല്‍ക്കഷണം
ഗള്‍ഫില്‍ ജീവിക്കുന്ന മലയാളി എന്ന് പറയാന്‍ തന്നെ നാണം തോന്നിക്കുന്ന ഒരു പരിപാടി ഇന്നലെയും ഏഷ്യാനെറ്റില്‍ കണ്ടു. എന്തോ ഒരു ക്വിസ്. ചോദ്യങ്ങള്‍ നല്ല "നിലവാരമുള്ളവ". (ഉദാ:പാമ്പിന് പല്ലിയോടാണോ, തവളയോടാണോ സാമ്യം?)

അവതാരക. സോഴി ക്വിസ് മിഷ്ട്രസ്, റണ്‍‌ജിനി ഹഴിദാസ്.. അതില്‍ മലയാളം അറിയാമെങ്കിലും (ഇംഗ്ലീഷ് ശരിക്ക് അറിയില്ലയെങ്കിലും) 'മളയാളം' പറയാത്ത ചില "നാടന്‍" മദാമ്മമാര്‍. ഇംഗ്ലീഷ് മാത്രം തുപ്പുന്ന കുറച്ച് കുട്ടികള്‍.ആ പരിപാടി കാണുന്ന മലയാളികളോട് ക്ഷമാപണത്തോടെ ഒരു കാര്യം പറയട്ടെ, ഗള്‍ഫില്‍ ഉള്ള കുട്ടികള്‍ എല്ലാം അങ്ങനെയാണെന്ന് വിചാരിക്കരുതേ, പ്ലീസ്.

കുട്ടികള്‍ ഒരിക്കലും "അതു പോലെ ആകരുതേ" എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് ഈ ചെറിയ സന്ദര്‍ശനങ്ങള്‍ നാടിനെ അറിയാന്‍ കുട്ടികളെ സഹായിക്കണേ എന്നാണ് ആശ.

16 comments:

അനില്‍ശ്രീ... said...

..നാളെ 08/08/08 നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന ദിവസം. അതിന്റെ പ്രത്യേകതകളെ കുറിച്ചൊന്നും എനിക്ക് നല്ല നിശ്ചയം ഇല്ല. ജ്യോതിഷത്തില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നൊക്കെ നാളത്തെ പത്രത്തില്‍ കാണൂം. ഏതായാലും, നാളെ രാവിലെ എന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തും. (ഞാന്‍ അടുത്ത ആഴ്ചയും). എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തിരി ലേറ്റായാല്‍, എട്ട് മണി കഴിഞ്ഞ് എട്ട് മിനിറ്റ് ആകുമ്പോള്‍ ഇറങ്ങിയാല്‍ , അവര്‍ നാട്ടില്‍ എത്തുന്ന സമയം ഇതു പോലെയവും. 08.08.08, 08:08.

അപ്പോള്‍ പറഞ്ഞു വന്നത് വീണ്ടും ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന് എന്റെ ലീവ് ഒരാഴ്ച്ക കഴിഞ്ഞേ തുടങ്ങൂ. അതിനാല്‍ ആദ്യം കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിടുന്നു. എങ്കിലും നാട്ടില്‍ എത്തുന്ന സന്തോഷത്തിലാണിപ്പോള്‍. സെപ്തംബര്‍ അഞ്ചിന് എല്ലാവരും കൂടി തിരികെ പോരും.

Rare Rose said...

എല്ലാവരെയും കണ്ടു സന്തോഷിച്ചു...,..ഓര്‍മ്മയിലെന്നും സന്തോഷിക്കാനാവുന്ന ഒരു പിടി നിമിഷങ്ങള്‍ ഇപ്രാവശ്യത്തെ സന്ദര്‍ശനത്തിനു നല്‍കാനാവട്ടെ...മലയാളത്തെ സ്നേഹിക്കുന്ന കുട്ടികള്‍ക്ക് നാട്ടിന്‍പുറത്തിന്റെ നന്‍മ കാണിച്ചു കൊടുക്കാനാവട്ടെ..ആശംസകള്‍ ട്ടോ..:)

ബഷീർ said...

അനില്‍ശ്രീ,

നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.. താങ്കള്‍ ക്കും കുടുംബത്തിനും

കുട്ടികളെ നമ്മുടെ നാടിന്റെ പച്ചയായ ജീവിതം കാട്ടിക്കൊടുക്കുക..

നേരുവാന്‍ നന്മകള്‍ മാത്രം

ബഷീർ said...

പറയാന്‍ വിട്ടു പോയത്‌..

നാളെ 8-8-8

എട്ട്‌ പൊട്ടത്തരങ്ങളെങ്കിലും ഈ ചനലുകാരും റേഡിയോക്കാരും എഴുന്നള്ളിക്കും.. അന്തവിശ്വാസികള്‍ കൂടി വരികയാണിപ്പോള്‍

ഇന്നലെ അത്തരത്തില്‍ ഒരു അന്തക്കേട്‌ ഏഷ്യനെറ്റ്‌ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.. അതിനെ പറ്റി എഴുതുന്നുണ്ട്‌.. ആദ്യം അവര്‍ക്ക്‌ തന്നെ എഴുതാം

: )

Areekkodan | അരീക്കോടന്‍ said...

നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു..

കാസിം തങ്ങള്‍ said...

പ്രതീക്ഷകളെല്ലാം സഫലമാകട്ടെ.യാത്രയും അവധിക്കാലവും സന്തോഷദായകമാവട്ടെ. പിന്നെ മഴക്കാലത്തെ ബാല്യകാല സ്മ്ര്‌തികളില്‍ കടലാസ് വഞ്ചിയൊന്നും കാണുന്നില്ലല്ലോ അനിലേ.

smitha adharsh said...

പോയ് വരൂ..അവധിക്കാലം തകര്ത്തു ആഘോഷിച്ചു തിരിച്ചു വരൂ..

അനില്‍ശ്രീ... said...

Rare Rose .. ആശംസകള്‍ക്ക് നന്ദി. നാട്ടിന്‍പുറത്തെ നന്മകള്‍ അവര്‍ തീര്‍ച്ചയായും അറിയണം. ഫ്ലാറ്റിലെ ജീവിതം മാത്രമാണല്ലോ അവര്‍ കാണുന്നത്.

ബഷീര്‍, ആശംസകള്‍ക്ക് നന്ദി. .. ചാനലുകാര്‍ മാത്രമല്ല ബഷീര്‍, ഇക്കാലത്ത് എല്ലാ കച്ചവടക്കാര്‍ക്കും കൂടിയുള്ള ഒരു ബിസിനസ് അല്ലേ വിശ്വാസം.

അരീക്കോടന്‍ മാഷേ.. വടക്കോട്ട് ഷൊര്‍ണ്ണൂര്‍ വരെയേ ഇതു വരെ മനസ്സിലുള്ളൂ. അതിനപ്പുറത്തേക്ക് യാത്ര നീളുമോ എന്ന് അവിടെ ചെന്നിട്ടേ തീരമാനിക്കൂ..

കാസിം തങ്ങള്‍ ..നന്ദി. കടലാസു തോണിയും, വള്ളം കളിയും ഒക്കെ എല്ലാവരുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതല്ലേ. അത് ഞാന്‍ പ്രത്യേകം പറഞ്ഞില്ല എന്നേയുള്ളു.

കുഞ്ഞന്‍ said...

അനില്‍ശ്രീ മാഷെ..

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..ഓണം കൂടിട്ടു പോന്നാല്‍ മതിയായിരുന്നു..

ഹഹ..അനിലെ എല്ലാദിവസവും ഒരിക്കല്‍ മാത്രമെ സംഭവിക്കുകയൊള്ളൂ..03-05-08, 04-05-08,16-03-08 എന്ന രീതിയിലെഴുതണമെങ്കില്‍ ഇനി അടുത്ത നൂറ്റാണ്ടുവരെ കാത്തിരിക്കണം...അപ്പോള്‍ പറഞ്ഞുവന്നത് നാളത്തെ ദിവസത്തേ വേണമെങ്കില്‍ ഫാന്‍സി ഡേറ്റ് എന്നു പറയാമെന്നു മാത്രം..!

അവധിക്കാലം സന്തോഷകരമാകട്ടെ..!

പൈങ്ങോടന്‍ said...

കൊല്ലാടാ നാട്ടില്‍ പോയി ആര്‍മാദിച്ചു വരൂ
പിന്നെ 05/05/05, 06/06/06,07/07/07 ഇതൊക്കെ ഈ നൂറ്റാണ്ടില്‍ തന്നെയല്ലേ? ഇവനിതെന്തു പറ്റി? പണ്ടത്തെ അസുഖം വീണ്ടും തുടങ്ങിയോ ? :))

അനില്‍ശ്രീ... said...

സ്മിതാ ..നന്ദി.

ഈ കുഞ്ഞനെ കൊണ്ട് തോറ്റു. ഞാന്‍ ആ ഫാന്‍സി തീയതിയെ കുറിച്ച് തന്നെയാണ് ഉദ്ദേശിച്ചത്.

പൈങ്ങോടാ.. മകനേ 09/09/09 അടുത്ത വര്‍ഷം കാണും. പിന്നെ അതിനടുത്ത വര്‍ഷം 10/10/10 കാണും. ആഫ്രിക്കായില്‍ എന്ത് തീയതി അല്ലേ? (അല്ല.. അവിടെ ഈ നൂറ്റാണ്ട് തന്നെയാണോ.. ?)

ajeeshmathew karukayil said...

നന്മ്മ മരിക്കാത്ത ഭാഷ മറക്കാത്ത ഒരു പാടു

പേരുണ്ടീമരുഭൂവില്‍ ,മലയാലം പറയുന്ന കൊച്ചമ്മ മാരെ

ദൈവം രക്ഷിക്കട്ടെ ...... ആശംസകള്‍

അല്ഫോന്‍സക്കുട്ടി said...

ആഗ്രഹിച്ച പോലെ അവധിക്കാലം ആഘോഷിക്കാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു.

കനല്‍ said...

നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു...
:)

ശ്രീ said...

അനില്‍ ‍മാഷേ...

അവധിക്കാലത്തിന്റെ ഒരുക്കത്തിലാണല്ലേ? ഒരുപാട് ഓര്‍മ്മകള്‍ തരുന്നു ഈ പോസ്റ്റ്. നാടും ആഘോഷങ്ങളും നഷ്ടപ്പെടുമ്പോഴേ അവയുടെ യഥാര്‍ത്ഥ വിലയറിയൂ എന്ന് പറയുന്നത് എത്ര സത്യം!

എന്തായാലും ആഗ്രഹങ്ങളെല്ലാം പൂര്‍ത്തികരിയ്ക്കാന്‍ സാധിയ്ക്കട്ടെ. നല്ല നല്ല ഒരുപാട് ഓര്‍മ്മകള്‍ നല്‍കാന്‍ കഴിയട്ടെ, ഈ ഓണക്കാലത്തിന്.

നല്ലൊരു അവധിക്കാലം തന്നെ ആശംസിയ്ക്കുന്നു.

ഗൗരിനാഥന്‍ said...

അവധിക്കാലം അടിച്ച് പൊളിക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....കൂട്ടത്തില്‍ നാട്ടില്‍ നിന്നും കനത്തില്‍ എന്തെങ്കിലും കൊണ്ട് വന്നു ബ്ലോഗ്ഗിലിടൂ...ഞാന്‍ അതു കണ്ട് കൊതിക്കട്ടെ...

മഴ അനിലിനും കുടുംബത്തിനും വേണ്ടി കാത്ത് നില്‍ക്കട്ടെ...
ഏല്ല വിധ ആശംസകളും...

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍